ഷെർഗിലിന്റെ മലയാളച്ഛായ

സയൻസൺ
Published on Aug 02, 2026, 12:01 AM | 4 min read
ഇന്ത്യൻ ചിത്രകലാ ചരിത്രത്തിലെ രണ്ടു ധ്രുവനക്ഷത്രങ്ങളാണ് അമൃത ഷെർഗിലും ടി കെ പത്മിനിയും. ഒരാൾ രാജ്യാന്തര പ്രശസ്തിയുടെ നടുവിൽനിന്ന് ഭാരതീയ ഗ്രാമീണതയെ പ്രണയിച്ചവളാണെങ്കിൽ, മറ്റൊരാൾ കേരളത്തിലെ മലപ്പുറം ഉൾനാടൻ ഗ്രാമത്തിൽനിന്ന് യാഥാസ്ഥിതികത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് വരകളുടെ ലോകത്തേക്ക് പറന്നുയർന്നവളാണ്. രണ്ടുപേരും 28–ാംവയസ്സിൽ, വരച്ചുതീർക്കാൻ അനേകം ചിത്രങ്ങൾ ബാക്കിയാക്കി മരണത്തിനു കീഴടങ്ങി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ജനിച്ച അമൃത ഷെർഗിൽ, പകുതി സിഖ് പാരമ്പര്യവും പകുതി ഹംഗേറിയൻ സംഗീതസംസ്കാരവും പേറിയാണ് വളർന്നത്. 19–ാംവയസ്സിൽ പാരിസിലെ ഗ്രാൻഡ് സലൂണിൽ അംഗത്വം നേടുന്ന ആദ്യ ഏഷ്യക്കാരിയായി മാറിയ അമൃത, പാശ്ചാത്യശിക്ഷണം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ, കേരളത്തിന്റെ മണ്ണിൽനിന്ന് പത്മിനിയുടെ വളർച്ച തികച്ചും വ്യത്യസ്തമായിരുന്നു.
മലപ്പുറം കാടഞ്ചേരിയിലെ ഒരു സാധാരണ തറവാട്ടിൽ ജനിച്ച പത്മിനിക്ക് കലയുടെയോ സാഹിത്യത്തിന്റെയോ വലിയ പാരമ്പര്യങ്ങൾ അവകാശപ്പെടാനില്ലായിരുന്നു. പത്താംക്ലാസ് കഴിഞ്ഞാൽ വിവാഹം കഴിച്ച് ഒതുങ്ങേണ്ടിവരുമായിരുന്ന പെൺകുട്ടി, തന്റെ വിചിത്രമായ ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ നാടും വീടും ഞെട്ടി. ചിത്രകല പഠിക്കാൻ മദ്രാസിൽ പോകണമെന്ന ഉറച്ച തീരുമാനത്തിന് അമ്മാവൻ ദിവാകരമേനോൻ തണലായപ്പോൾ പിറന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരി. യാഥാസ്ഥിതിക രീതികളെ വെല്ലുവിളിച്ച് സ്ത്രീ–പുരുഷ നഗ്നരൂപങ്ങളെ സങ്കോചമില്ലാതെ ആവിഷ്കരിക്കാൻ അമൃതയും പത്മിനിയും ധൈര്യം കാട്ടി. അമൃത സാധാരണക്കാരുടെ ദാരിദ്ര്യവും ഏകാന്തതയും പകർത്തിയപ്പോൾ, പത്മിനി തറവാടും കൽവിളക്കുകളും സർപ്പക്കാടുകളും നിറഞ്ഞ ഗ്രാമീണതയെ ആധുനികമായ ശൈലിയിൽ പുനർനിർമിച്ചു. പ്രശസ്ത ചിത്രകാരൻ നമ്പൂതിരിയുടെ ശിഷ്യയായിരുന്ന പത്മിനി, മദ്രാസിലെ തിരക്കുകൾക്കിടയിലും നാട്ടിൻപുറത്തുകാരി എന്ന തനിമ കാത്തുസൂക്ഷിച്ചു. എന്നാൽ, ക്യാൻവാസിനു മുന്നിലെത്തിയാൽ കാലത്തിനും ദേശത്തിനും മെരുക്കാൻ കഴിയാത്ത ഭാവനയുടെ സ്വാതന്ത്ര്യമായി.
ടി കെ പത്മിനി,അമൃത ഷെർഗിൽ
28–ാം വയസ്സിൽ മാഞ്ഞുപോയ രണ്ട് പെൺവരകൾ
അമൃത ഷെർഗിൽ ആദ്യത്തെ വലിയ ഇന്ത്യൻ പ്രദർശനത്തിന് തൊട്ടുമുമ്പ് മരിച്ചപ്പോൾ, ആ സംഭവം ഇന്നും തീരാത്ത വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. ന്യുമോണിയയാണെന്നും അതല്ല പരാജയപ്പെട്ട ഗർഭച്ഛിദ്രമാണെന്നും പറയപ്പെടുന്ന ആ മരണം കുടുംബത്തെയാകെ തകർത്തു. പത്മിനിയുടെ കാര്യത്തിലും മരണം ക്രൂരമായ യാദൃച്ഛികതയായിരുന്നു. 29–ാം ജന്മദിനത്തിനു തലേന്ന് പെൺകുഞ്ഞിന് ജന്മം നൽകുന്നതിനിടയിലുണ്ടായ അമിത രക്തസ്രാവം ആ പ്രതിഭയുടെ ജീവനെടുത്തു. ഗ്രാമങ്ങളിൽ മതിയായ ചികിത്സാസൗകര്യങ്ങൾ ഇല്ലാതിരുന്ന സാഹചര്യം വലിയ കലാകാരിയെ നമുക്ക് നഷ്ടപ്പെടുത്തി.
അവസാന നാളുകളിൽ പത്മിനി വരച്ച ‘ശ്മശാനം’, ‘മരണം’ തുടങ്ങിയ ചിത്രങ്ങളിൽ മരണഗന്ധം നിഴലിച്ചിരുന്നെങ്കിലും ‘പട്ടം പറത്തുന്ന പെൺകുട്ടി’ എന്ന അവസാനചിത്രം പ്രത്യാശയുടെ പ്രതീകമായിരുന്നു. അമൃത ഷെർഗിലിന്റെയും ടി കെ പത്മിനിയുടെയും വിയോഗത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, അവർ തകർത്തെറിഞ്ഞ വിലക്കുകളും ചാലിച്ച വർണങ്ങളും കലാലോകത്ത് അനശ്വരം. ചിത്രകാരൻ എം വി ദേവനാണ് പത്മിനിയുടെ ചിത്രങ്ങൾ ആദ്യമായി പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. 1968 മേയിൽ സഹപാഠിയായിരുന്ന ചിത്രകാരൻ കെ ദാമോദരനെ വിവാഹം കഴിച്ചു. 1969 മെയ് 11-ന് പ്രസവത്തെ തുടർന്ന് മരണവും സംഭവിച്ചു. മെരുങ്ങാത്ത ഭാവനയുടെ സ്വാതന്ത്ര്യങ്ങൾ 1960കളിൽത്തന്നെ ടി കെ പത്മിനി എന്ന ചിത്രകാരി കലയിലൂടെ പൗരമണ്ഡലത്തെ ഭാവനാത്മകമായി അടയാളപ്പെടുത്തി. വീടിന്റെയും നാടിന്റെയും ആദർശങ്ങൾ പുരുഷന്മാർ നിശ്ചയിച്ചിരുന്ന, തറവാടുകളും തൊടികളും പുഴകളും കനാലുകളും നിറഞ്ഞ കേരളീയ പരിസരത്തുനിന്നാണ് പത്മിനി മദ്രാസിലേക്ക് പുറപ്പെട്ടത്. അപൂർവമായ ബുദ്ധിജീവി വിഭാഗമായ ‘കലാകാരി’ എന്ന പദവിയിലേക്ക് എത്തിച്ചേർന്നത് വരയുടെ മിടുക്കുകൊണ്ടല്ല, ചിന്തയുടെ കരുത്തുകൊണ്ടാണ്. ഭഗവതിമാരുടെ മാതൃക്രമം പിന്തുടരുന്ന ഗോത്രബോധത്തിൽ ജീവിക്കുമ്പോഴും ആധുനികതയുടെ സമ്മർദങ്ങൾ ആ ലോകത്തെ മാറ്റിപ്പണിതുകൊണ്ടിരിക്കുന്ന കാലത്താണ് പത്മിനി സർഗജീവിതം നയിച്ചത്.
വീടും തൊടിയും കുടുംബസ്വത്തല്ലാതെ സ്വകാര്യസ്വത്തായി മാറുകയും പ്രകൃതിയോടുള്ള ജൈവബന്ധത്തെ മറവിയിലേക്ക് തള്ളിവിട്ട് പൗരൻ എന്ന പുതിയ മനുഷ്യനെ സൃഷ്ടിക്കാൻ ആധുനികലോകം ശ്രമിക്കുകയും ചെയ്ത കാലമായിരുന്നു അത്. ഈ മാറ്റത്തോട് പത്മിനി പ്രതികരിച്ചത് ഗ്രാമബോധത്തെ ആധുനികതയുമായി കൂട്ടിയിണക്കിയാണ്. ഗൃഹാന്തർഭാഗത്തെ വീർപ്പുമുട്ടുന്ന അന്തരീക്ഷത്തിലല്ല അവർ തന്റെ സ്ത്രീകളെ പ്രതിഷ്ഠിച്ചത്. പകരം, കാവിലെ കാറ്റുപിടിച്ച ഭഗവതിമാരുടെ വന്യതയും പ്രതാപവുമാണ് ആ ചിത്രങ്ങളിൽ നിറഞ്ഞത്. ലോകത്തേക്കാൾ വീടിന്റെ ഭാരംചുമക്കാൻ വിധിക്കപ്പെട്ട ഉദ്യോഗസ്ഥകളും വീട്ടമ്മമാരുമായി സ്ത്രീകൾ പരിമിതപ്പെട്ടപ്പോൾ, പത്മിനി അതിനെ ഭാവനകൊണ്ട് മറികടന്നു.
വരയിലെ മനുഷ്യപ്രകൃതിമണ്ഡലം
ടി കെ പത്മിനി എന്ന ചിത്രകാരിയുടെ കലാജീവിതത്തെയും അവർ പ്രതിനിധാനംചെയ്ത സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെയും മുൻനിർത്തി കേരളത്തിലെ ചിത്രകാരികളുടെ ദൃശ്യതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ ഉയരുന്നു. പത്മിനി തന്റെ ആന്തരികജീവിതത്തിലൂടെ അനുഭവിച്ചുതീർത്ത മനുഷ്യപ്രകൃതിമണ്ഡലം എന്ന ആദിമ മാതൃക്രമവും അതിൽ ലയിച്ചുചേർന്ന പ്രകൃതിയുടെ ജീവൽപ്രകാശവും അവരുടെ കലയുടെ സവിശേഷതയായിരുന്നു. എന്നാൽ, സമാന്തരമായിത്തന്നെ ജാതിയുടെയും അധികാരത്തിന്റെയും രാഷ്ട്രീയമണ്ഡലത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ വിസ്മരിക്കാനാകില്ല. ജാതി ഒരു ഗോത്ര അവബോധമായി മനുഷ്യരിൽ നിലനിൽക്കുമ്പോഴും അത് സാമൂഹികപദവികൾ നിർണയിക്കുന്ന രാഷ്ട്രീയശക്തിയായി മാറിയതിലെ അനീതിയെക്കുറിച്ചുള്ള ബോധം സമൂഹത്തിൽ ഉയർന്നുവന്ന കാലത്താണ് പത്മിനി ജീവിച്ചിരുന്നത്. ജാതി സമൂഹത്തിൽനിന്ന് ലൈംഗികസമൂഹത്തിലേക്കുള്ള പരിവർത്തനഘട്ടത്തിലാണ് പത്മിനി സർഗാത്മകജീവിതം നയിച്ചത്. പുരോഗമനസമൂഹമെന്ന് അവകാശപ്പെടുമ്പോഴും സ്ത്രീയുടെ സർഗാത്മകത എന്നത് പലപ്പോഴും അമ്മാവന്റെയോ ഭർത്താവിന്റെയോ പുരുഷ ഔദാര്യം മാത്രമായി ഒതുക്കപ്പെട്ടിരുന്നു. ഈ പരിമിതസാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് മദ്രാസ് സ്കൂൾ ഓഫ് ആർട്സിലൂടെ അവർ തന്റെ ഹ്രസ്വമായ കലാജീവിതം അടയാളപ്പെടുത്തിയത്.
ഏകാന്തതയിലെ സ്വത്വനിർമിതി
കലയെ ജീവിതദർശനമായി കണ്ട പത്മിനി വ്യക്തിയെന്ന നിലയിൽ സ്വത്വം അടയാളപ്പെടുത്തിയത് ഏകാന്തതയുടെ ആഴങ്ങളിലൂടെയാണ്. സമൂഹമെന്ന നിലയിൽ നാം ശീലിച്ച നയതന്ത്രപരമായ മൗനങ്ങളെ ഭേദിച്ചുകൊണ്ടുമാത്രമേ ഈ കലാകാരികൾക്ക് രാഷ്ട്രീയ ഇടം വീണ്ടെടുക്കാൻ സാധിക്കൂ. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടിലെ കേരളീയ സാമൂഹിക പരിസരത്തുനിന്ന് അസാധാരണമായ കലാജീവിതം അടയാളപ്പെടുത്തി കടന്നുപോയ വ്യക്തിത്വമാണ് ടി കെ പത്മിനി. ചുരുങ്ങിയ കാലയളവിനുള്ളിൽ അവർ വരച്ചുതീർത്ത ചിത്രങ്ങൾ പിൽക്കാലത്ത് മലയാളിയുടെ ചിത്രകലാബോധത്തെയും സ്ത്രീസങ്കൽപ്പങ്ങളെയും തിരുത്തി. 1961-ൽ മദ്രാസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സിൽ ചേർന്ന പത്മിനി, പെയിന്റിങ്ങിൽ ഒന്നാംക്ലാസ് ഡിപ്ലോമ പൂർത്തിയാക്കി. പുഴയോരങ്ങളും പാമ്പിൻകാവുകളും കുന്നിൻചരിവുകളും അവരുടെ ചിത്രങ്ങളിൽ ജൈവികസാന്നിധ്യമായി. കെ സി എസ് പണിക്കരെപ്പോലുള്ള പ്രഗല്‌ഭർ പത്മിനിയുടെ ചിത്രലോകത്തെ ദുഃഖമയമെന്നും ഏകാകിയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, പുരുഷാധിപത്യപരമായ നോട്ടത്തിലൂടെ നോക്കുമ്പോൾമാത്രം അനുഭവപ്പെടുന്ന ഒന്നാകാം ആ സങ്കടമെന്ന് പുതിയ വായനകൾ സൂചിപ്പിക്കുന്നു. പത്മിനിയെ സംബന്ധിച്ചിടത്തോളം ചിത്രം വരയ്ക്കുക എന്നത് ബോധദീപ്തിയുടെ മുന്നോട്ടെടുപ്പും അതീവ ഉത്സാഹഭരിതമായ പ്രക്രിയയുമായിരുന്നു. സ്ത്രീരൂപങ്ങളെ ചിത്രീകരിക്കുമ്പോൾ പുലർത്തിയ സത്യസന്ധത പിൽക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. അവർ വരച്ച സ്ത്രീശരീരങ്ങൾ കേവലമായ നഗ്നതയല്ല, മറിച്ച് പ്രകൃതിയുമായി ഇഴചേർന്നുനിൽക്കുന്ന, മാതൃത്വത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകങ്ങളായിരുന്നു.
കലയെ വേരുകളിൽനിന്നുള്ള വിച്ഛേദനമായല്ല, മറിച്ച് വേരുകളിലേക്കുള്ള തിരിച്ചുപോക്കായാണ് അവർ കണ്ടത്. ടി കെ പത്മിനി അധികം സംസാരിച്ചിരുന്നില്ല എന്ന നിരീക്ഷണം പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൗനം അവരുടെ ചിത്രങ്ങളിലെ ശക്തമായ വൈകാരിക വിക്ഷോഭങ്ങളുമായി ചേർന്നുനിൽക്കുന്നു. ചിത്രകാരിയെന്ന നിലയിൽ സ്വത്വത്തെ ചിത്രങ്ങളിൽ അലിയിപ്പിച്ചു. ഇരുട്ടും നിലാവും പക്ഷികളും മൃഗങ്ങളും സ്ത്രീ പുരുഷന്മാരും നിറഞ്ഞ ചിത്രലോകം മറ്റൊരു തരത്തിലുള്ള ‘സിവിൽ ജീവിതത്തിനായുള്ള’ ആഘാതവിക്ഷേപങ്ങളായിരുന്നു. പത്മിനിയെ കേവലം ‘സ്ത്രീ ചിത്രകാരി’ എന്ന ചട്ടക്കൂടിൽ ഒതുക്കുന്നത് ശരിയല്ല. മറിച്ച്, സിവിലിയൻ പദവിക്കായി കലയിലൂടെ നിശ്ശബ്ദമായ പോരാട്ടമായി അവരെ അടയാളപ്പെടുത്തണം. പത്മിനിയുടെ ചിത്രങ്ങളിൽ കാണുന്നത് സ്ത്രീമനസ്സിന്റെ നിഗൂഢതയല്ല, മറിച്ച് വരച്ചവളും ലോകവും തമ്മിലുള്ള സംഘർഷങ്ങൾ കലർന്ന മനോനിലയുടെ അവസ്ഥയാണ്.










0 comments