print edition സല്യൂട്ട് റാണ, ശുഭം; പാരാ ഷോട്ട്‌പുട്ടിൽ സ്വർണവും വെള്ളിയും നേടി സൈനികർ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്‌സ് പാരാ ഷോട്ട്‌പുട്ടിൽ സ്വർണവും വെള്ളിയും നേടി സൈനികർ ഇന്ത്യയുടെ അഭിമാനമായി. F57 വിഭാഗത്തിൽ സോമൻ റാണയ്‌ക്കാണ് ഒന്നാംസ്ഥാനം. എറിഞ്ഞത് 13.40 മീറ്റർ. ശുഭം ജുയാലിന് വെള്ളി. മറികടന്നത് 13.28 മീറ്റർ. ഇരുവരും കാൽ നഷ്‌ടപ്പെട്ടവരാണ്. അത്‌ലറ്റിക്‌സിലും പാരാ അത്‌ലറ്റിക്‌സിലുമായി ഇന്ത്യ മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും കരസ്ഥമാക്കി. കഴിഞ്ഞ തവണ ഒരു സ്വർണമടക്കം എട്ട് മെഡലായിരുന്നു.
ഷോട്ട്‌പുട്ടിലെ വിജയം ഇരുവരുടെയും നിശ്‌ചയദാർഢ്യത്തിന്റെ ഫലമാണ്. ബീഹാറുകാരനായ സോമൻ റാണ സൈന്യത്തിൽ ഹവിൽദാറായിരുന്നു. ദേശീയ തലത്തിൽ അറിയപ്പെടുന്ന ബോക്‌സറും. 2006ൽ കശ്‌മീരിലുണ്ടായ മൈൻ സ്‌ഫോടനത്തിൽ വലതുകാൽ നഷ്‌ടമായി. പുണെയിലെ ആർമി റീഹാബിലിറ്റേഷൻ സെന്ററിൽ കുറച്ചുകാലം. പിന്നീട് കൃത്രിമകാലുമായി തിരിച്ചെത്തി. 2017ലാണ് പാരാ അത്‌ലറ്റിക്‌സിൽ ശ്രദ്ധിച്ചുതുടങ്ങിയത്. നാൽപ്പത്തിമൂന്നുകാരൻ ഷോട്ട്‌പുട്ട് തെരഞ്ഞെടുത്തു. പിന്നെ അതിതീവ്രപരിശീലനം. കഠിനാധ്വാനത്തിന്റെ ഫലമായി 2020 ടോക്യോ പാരലിമ്പിക്‌സിൽ പങ്കെടുത്തു. നാലം സ്ഥാനത്തെത്തി. 2024ൽ പാരിസിൽ അഞ്ചാമതായി. ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ ആദ്യ മെഡലാണ്.
വെള്ളി നേടിയ ശുഭം ജുയാൽ ഉത്തരാഖണ്ടുകാരനാണ്. ബൈക്കപകടത്തിലാണ് കാൽ നഷ്‌ടപ്പെടുന്നത്. കൃത്രിമകാലുമായി തിരിച്ചെത്തി. 2013 മുതൽ പാരാ അത്‌ലറ്റിക്‌സിൽ സജീവമാണ്.










0 comments