ad
Deshabhimani

കനത്തമഴ: കിഴക്കൻ മേഖലയിൽ വ്യാപക നാശം

Flash Flood

മൂവാറ്റുപുഴ കടാതി ആനിക്കാക്കുടി ഭാഗത്ത് വീടുകളിൽ വെള്ളം കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 02, 2026, 01:27 AM | 2 min read

കവളങ്ങാട്

കനത്തമഴയിൽ കിഴക്കൻ മേഖലയിൽ വ്യാപക നാശം. കോതയാറും കാളിയാറും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ്, കമ്പിമുള്ള്‌ പ്രദേശങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. മങ്ങാട്ട് മക്കാർ, പള്ളത്തുകുടി കാർത്തിക, ബിന്ദു, രാഗിണി, പാതിരപ്പാറ മനു, കാരക്കാട്ട് ബിന്ദു, ചക്കാലക്കൽ മൈമൂന, മുണ്ടിയാത്ത് ജെയ്സൺ, ചിറ്റനപ്പിള്ളി ബിനോയ്‌, മണിയാട്ടുകുടി സണ്ണി, വട്ടകുന്നേൽ പൈലി, മടത്തുംപടി പ്രഭാകരൻ, ഊത്തമറ്റത്തിൽ ബിനു, ബിജു, കൊച്ചാക്കത്ത് സന്തോഷ്, പനംകുറ്റി സതീഷ്, മുതയിൽ സിന്ധു, കല്ലിടുക്കിൽ കൃഷ്ണൻകുട്ടി, ഇടപ്പാട്ട് സുബൈർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കുടമുണ്ടയിലെ രണ്ട്‌ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കോതയാറിനു കുറുകെയുള്ള കുടമുണ്ട, മണിക്കിണർ പാലങ്ങൾ വെള്ളത്തിനടിയിലായി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.


കാളിയാർ കരകവിഞ്ഞ് പൈങ്ങോട്ടൂർ പഞ്ചായത്തിലെ പതിരപ്പുഴയിൽ പുത്തൻപുരയ്ക്കൽ സുരേഷ്, അമ്പാട്ടുമോളേൽ ജോർജ് എന്നിവരുടെ വീടുകളിൽ വെള്ളം കയറി. പതിരപ്പുഴ പാലവും വെള്ളത്തിനടിയിലായി. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്ത് കൊച്ചുപുരയ്ക്കൽ ബഷി, ഏളേക്കാട്ട് ജോൺ എന്നിവരുടെ വീടുകളിലും വെള്ളം കയറി. നേര്യമംഗലത്ത് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ അശാസ്ത്രീയ ഓട നിർമാണംമൂലം വെള്ളം കുത്തിയൊഴുകി കത്തോലിക്ക പള്ളിയുടെ സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്നു. വെള്ളവും ചെളിയും സമീപത്തെ വീടുകളിലേക്ക്‌ ഒഴുകിയെത്തി. കോളനി റോഡിലെ മറ്റപ്പനായിൽ എം എം നൗഷാദിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലാണ്‌. നീണ്ടപാറ ബോധിനി വായനശാലപ്പടിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നാലുപേരുടെ പുരയിടത്തിലെ കൃഷി നശിച്ചു. ഇറമ്പിൽ സാറാമ്മയുടെ വീട്ടിലെ കിണർ മണ്ണുമൂടി. ചെല്ലാംകുന്നത്ത് സന്തോഷിന്റെ വീടിന്റെ പിൻവശത്ത് മണ്ണിടിഞ്ഞ് വീണ് വീടിന് കേടുപാടുകളുണ്ടായി. നേര്യമംഗലം ഫാം റോഡിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

പാണിയേലിയിൽ വ്യാപക നാശം

പെരുമ്പാവൂർ

വേങ്ങൂർ പഞ്ചായത്തിൽ പാണിയേലി മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വെള്ളി പകൽ ഒന്നിന്‌ വീശിയടിച്ച കാറ്റിൽ പാണിയേലി അങ്കണവാടിയുടെ മേൽക്കൂരയിൽ മരങ്ങൾ വീണ്‌ നാശനഷ്ടം സംഭവിച്ചു. അപകടം നടക്കുമ്പോൾ അങ്കണവാടിയിൽ കുട്ടികളും ടീച്ചറും ആയയും ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കുപറ്റിയില്ല. വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് നിരവധി അക്വേഷ്യമരങ്ങളും കാട്ടുമരങ്ങളുമാണ് കാറ്റിൽ മറിഞ്ഞുവീണിട്ടുള്ളത്. കൊടുവത്തോട്ടി തമ്പാന്റെ വീടിനുമുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. പാണിയേലി യാക്കോബായ പള്ളിയുടെ മുൻവശം റോഡിലേക്ക് വലിയ തേക്ക് കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വൈദ്യുതിക്കാലുകളും ഒടിഞ്ഞുവീണു. ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഒക്കൽ പഞ്ചായത്തിലെ തുരുത്തിലെ ചപ്പാത്ത് കനത്ത മഴയിൽ വെള്ളത്തിൽമുങ്ങി. ചപ്പാത്ത് മുങ്ങിയതോടെ തുരുത്തിലെ 26 വീട്ടുകാർ ദുരിതത്തിലായി.


കോലഞ്ചേരി

മേഖലയിലെ തമ്മാനിമറ്റം, മഞ്ചനാട്, ഞ്ഞെരിയാംകുഴി, കടക്കനാട് പാടശേഖരങ്ങളിൽ വെള്ളം കയറി. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് വെള്ളം കയറിയത്. മഞ്ചനാട് തോട് നിറഞ്ഞുകവിഞ്ഞ് പാടശേഖരത്ത് വെള്ളം കയറിയതോടെ കൃഷി ആവശ്യത്തിനുപയോഗിക്കുന്ന മോട്ടോർപ്പുരകളിൽ വെള്ളം കയറി നശിച്ചു. മഞ്ചനാട് ക്ഷേത്ര റോഡും വെള്ളത്തിൽ മുങ്ങി. പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാർഡിൽ മീമ്പാറ- തിരുവാണിയൂർ റോഡിന്റെ ഭിത്തി ഇടിഞ്ഞ് തോട്ടിൽ പതിച്ചു. തട്ടാംമുകൾ - കല്ലിടാകുഴി പീടിക കനാൽ ബണ്ട് റോഡിൽ റബർമരം വീണ് ഗതാഗതം തടസ്സപ്പെട്ടു.


പല്ലാരിമംഗലം പഞ്ചായത്തിലെ കാലവർഷക്കെടുതിബാധിത പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോണിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അംഗം ഹക്കീംഖാൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, എ എ രമണൻ, ഇ ഇ അനസ്, നൂറുദ്ദീൻ കമ്മലയിൽ, അമീൻ സുഹൈൽ, മുഹ്സിൻ മുഹമ്മദ്‌ തുടങ്ങിയവരും ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home