ad
Deshabhimani

print edition മറന്നുവോ നിങ്ങളീ പാട്ടിന്റെ
കൂട്ടുകാരനെ

latheef baburaj friend.jpg
avatar
പി വി ജീജോ

Published on Aug 02, 2026, 01:31 AM | 1 min read

കോഴിക്കോട്‌: തേടുന്നതാരേ ശൂന്യതയിൽ,- തനിയെ തേടുന്നതാരേ ശൂന്യതയിൽ?....ബാബുരാജ്‌ ഇ‍ൗണംപകർന്ന പാട്ട്‌ സ്‌റ്റെർലിംഗ്‌ ലതീഫിന്‌ ഏറെ പ്രിയപ്പെട്ടതാണ്‌. ശൂന്യതയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന ലതീഫ്‌ ഇ‍ൗ പാട്ടുകേട്ടാലെങ്കിലും ഒന്നു പുഞ്ചിരിക്കുമോ. ബാബുക്കയുടെയും കോഴിക്കോട്‌ അബ്ദുൾഖാദറിന്റെയും പാട്ടുകളുടെ രക്ഷകനായ സ്‌റ്റെർലിംഗ്‌ ലതീഫ്‌ ഇപ്പോൾ ശരിക്കും രക്ഷകനെ തേടുകയാണ്‌. രോഗത്തിൽ നിന്നും ജീവിതത്തിലേക്ക്‌, അവശതയിൽനിന്നും സ്വസ്ഥതയിലേക്ക്‌ പ്രണയാർദ്ര രാഗംപോലൊരു താങ്ങും തണലും.


കോഴിക്കോട്ടെ സംഗീതപ്രേമികളും ആസ്വാദകരും മറന്നുപോകാൻ പാടില്ലാത്ത പേരാണ്‌ സ്‌റ്റെർലിംഗ്‌ ലതീഫ്‌. എന്നാൽ ആരോരുമറിയാതെ രോഗപീഡകളാൽ മല്ലിടുകയാണീ സഹൃദയൻ. മാസങ്ങളായി ആശുപത്രികളിൽനിന്ന്‌ ആശുപത്രികളിലേക്കുള്ള നെട്ടോട്ടം. ഇപ്പോൾ ആഴ്‌ചകളായി കോഴിക്കോട്‌ പി വി എസ്‌ ആശുപത്രിയിൽ ഐസിയുവിൽ. വൃക്കരോഗം ബാധിച്ച്‌ ഡയാലിസിസ്‌ ചെയ്യണം. ഇതിനിടെ കടന്നുവന്ന പ്രമേഹം ശരീരത്തേയും ജീവിതത്തേയും തളർത്തി. കാൽവിരൽ മുറിച്ചുമാറ്റി. പാട്ടിനെ പ്രണയിച്ച പ്രിയപ്പെട്ടവന്റെ അവസ്ഥയിൽ സങ്കടപ്പെടുകയാണ്‌ ഭാര്യ സുലൈഖയും മക്കളും. കോഴിക്കോടിന്റെ രാഗാർദ്രമായ സംഗീതത്തിന്റെ കാവൽക്കാരനെന്നാണ്‌ ലതീഫിന്‌ പാട്ടുലോകം നൽകുന്ന വിശേഷണം. എം എസ്‌ ബാബുരാജ്‌, കോഴിക്കോട്‌ അബ്ദുൾഖാദർ, മക്കളായ സത്യജിത്‌, നജ്‌മൽബാബു ഇവരുടെയൊക്കെ പാട്ടിനെ പ്രണയിച്ചവൻ. അവരുടെ സ്‌മരണകളുണർത്തി മുടങ്ങാതെ പാട്ടോർമ്മ നടത്തുന്നയാൾ. മാഞ്ഞുപോകുമായിരുന്ന ബാബുരാജിന്റെ അനശ്വരസംഗീതം ‘ബാബുരാജ്‌ പാടുന്നു’ കാസറ്റായി ഇറങ്ങിയതിന്‌ കടപ്പെട്ടിരിക്കുന്നത്‌ രോഗക്കിടക്കയിലുള്ള ഇ‍ൗ മനുഷ്യനോടാണ്‌. കോഴിക്കോട്‌ അബ്ദുൾഖാദറിന്റെ മക്കളായ സത്യജിത്തും നജ്‌മലും ഉറ്റ കൂട്ടുകാരായതോടെ പാട്ടിനോട്‌ വിടാത്ത കൂട്ടായി.


നാടകപ്രതിഭ പി എം താജായിരുന്നു ആത്മമിത്രം. നജ്‌മലും സത്യജിത്തും താജും പാതിവഴിയിൽ വിട്ടുപോയപ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞു. സത്യജിത്തിനും നജ്‌മലിനും എല്ലാ ഓർമദിനത്തിലും നഗരത്തിൽ മുടങ്ങാതെ പാട്ടിനാൽ ആദരമൊരുക്കി. ലതീഫിന്റെ ഇടപെടലിലാണ്‌ ബാബുരാജിന്റെയും അബ്ദുൾഖാദറിന്റെയും ഫോട്ടോകൾ കോഴിക്കോട്‌ ട‍ൗൺഹാളിൽ ഇടംപിടിച്ചത്‌. കോഴിക്കോടിന്റെ സർഗസന്പന്നമായ സംഗീതത്തെ ചേർത്തുനിർത്താൻ ഗസൽധാര എന്ന കൂട്ടായ്‌മ രൂപീകരിച്ചതും ലതീഫായിരുന്നു. ബന്ധുക്കളല്ലാതെ ചുരുക്കം സുഹൃത്തുക്കളാണ്‌ ഇപ്പോൾ ലതീഫിനെ തേടി ആശുപത്രിയിലെത്താറ്‌. അവശമായ ആ ജീവിതത്തെ സഹൃദയരും കലാകാരന്മാരുമെല്ലാം ചേർത്തുപിടിച്ചാൽ ആശ്വാസമാകുമെന്നാണ്‌ അവരുടെ പ്രതീക്ഷ. സ്‌റ്റെർലിംഗ്‌ ലതീഫിനെ സംഗീതപ്രണയികൾ മറന്നുപോകുന്നത്‌ വല്ലാത്ത നന്ദികേടാണെന്ന്‌ പാട്ടെഴുത്തുകാരനും നോവലിസ്‌റ്റുമായ നദീം ന‍ൗഷാദും സൂചിപ്പിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home