പ്രതീക്ഷയറ്റ് അവർ മടങ്ങി

സ്വന്തം ലേഖിക
Published on Aug 02, 2026, 02:01 AM | 2 min read
കൊല്ലം
കാലാവസ്ഥ ചതിച്ചതോടെ പ്രതീക്ഷയറ്റ് മടങ്ങി കടലിന്റെ മക്കൾ. ട്രോളിങ് നിരോധനം അവസാനിച്ച ശേഷം വെള്ളി അർധരാത്രിയോടെ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളിൽനിന്ന് ആവേശത്തോടെ കടലിൽ പൊന്നുതേടിയിറങ്ങിയ തൊഴിലാളികളാണ് പാതിവഴിയിൽ മടങ്ങിയത്. ശക്തമായ മഴയും കാറ്റും ഉണ്ടായതോടെ നൂറുകണക്കിനു ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികൾ തങ്കശേരി തുറമുഖത്താണ് കയറിയത്. ട്രോളിങ് നിരോധനം കാരണം 52ദിവസമായി ജോലിയില്ലാതെ വീട്ടിലിരുന്ന തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെയാണ് നിരോധനം നീങ്ങിയ ദിവസം കടലിലിറങ്ങിയത്. ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്തുമാണ് പലരും വള്ളവും ബോട്ടുമടക്കം അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, മഴയും കാറ്റും ശക്തമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നവന്നതോടെ ബോട്ടുമായി കരയിലേക്കു മടങ്ങുകയായിരുന്നു. ഇതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പ്രതിസന്ധിയിലായി. കാലാവസ്ഥാ വ്യതിയാനവും ട്രോളിങ് നിരോധനവും സൃഷ്ടിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ റേഷനും പഞ്ഞമാസ ആശ്വാസ തുകയും ഉൾപ്പെടെയുള്ള ഒരു സഹായവും നൽകാൻ സർക്കാർ തയ്യാറാകാഞ്ഞതും തൊഴിലാളികൾക്ക് ഇരുട്ടടിയായി. മൂകമായി തുറമുഖങ്ങൾ ട്രോളിങ് നിരോധനം കഴിഞ്ഞ് ആരവമുയരേണ്ട തുറമുഖങ്ങൾ ശ്‌മശാന മൂകതയിലായത് ചരിത്രത്തിൽ ആദ്യം. ട്രോളിങ് നിരോധനം നിലവിൽ വന്നിട്ട് 38വർഷത്തിനിടെ ഇതാദ്യമായാണ് നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളിൽ ആളും ആരവും ഒഴിഞ്ഞ ആദ്യദിനം. മോശം കാലാവസ്ഥയെ തുടർന്ന് വ്യാപാരികളും ചില്ലറ കച്ചവടക്കാരും ആരും തന്നെ എത്തിയിരുന്നില്ല. ട്രോളിങ് നിരോധനം അവസാനിച്ചത് വെള്ളി അർധരാത്രിയിലാണ്. ശനി രാവിലെ തന്നെ യാനം നിറയെ മീനുമായി എത്താമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ, ശക്തമായ മഴയും കാറ്റും എല്ലാം തകിടംമറിച്ചു. മീൻപിടിത്തത്തിനുപോയ 15ശതമാനം യാനങ്ങളും പുലർച്ചെ തന്നെ തിരിച്ചുകയറുകയുംചെയ്‌തു. നീണ്ടകരയിൽ കയറാൻ കഴിയാത്ത സാഹചര്യമായതിനാൽ ഇവയെല്ലാം തങ്കശേരി, വാടി, ഭാഗങ്ങളിലാണ് കയറിയത്. അതേസമയം ആഴ്‌ചകൾ തങ്ങിയുള്ള മീൻപിടിത്തത്തിന് ഉൾക്കടലിൽപോയ ബോട്ടുകൾ തിരികെ എത്തിയിട്ടില്ല. ഇവർ അടുത്തയാഴ്‌ചയോടെ മടങ്ങി എത്തും. ഇതോടെ തുറമുഖം ഉണരും.
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
കൊല്ലം
തങ്കശേരിയിൽ വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മണ്ടക്കാട് പുതിയൂർ സ്വദേശി അർജുനെ (30)യാണ് കാണാതായത്. ശക്തികുളങ്ങര സ്വദേശി ഷാജിമോന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായമാത വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. വ്യാഴം വൈകിട്ട് കടലിൽപോയ ഇവർ ശനി പുലർച്ചെ നാലിന് തിരികെ നീണ്ടകര തുറമുഖത്ത് കയറാൻ എത്തിയതായിരുന്നു. എന്നാൽ, കടൽ പ്രക്ഷുബ്ധമായതിനാൽ കൊല്ലം വാടി കടപ്പുറത്ത് അടുക്കാനായി പോകുംവഴിയായിരുന്നു അപകടം. തങ്കശേരി ലൈറ്റ് ഹൗസിനു പടിഞ്ഞാറുവച്ച് കൂറ്റൻ തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു. പുതിയൂർ സ്വദേശികളായ കുമാർ (50), പ്രവീൺ (34), ദിനേശ് (40), മെർലിൻ (43), കരിയപ്പട്ടണം സ്വദേശി ജോസ് (43)എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.







0 comments