ad
Deshabhimani

സ്‌പെഷ്യൽ ട്രെയിനുകളില്ല

ഓണയാത്ര 
റെയിലിൽ കയറുമോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2026, 02:55 AM | 1 min read

കോഴിക്കോട്‌

നാടൊന്നാകെ ഓണത്തെ വരവേൽക്കുമ്പോൾ യാത്രാ ദുരിതത്തിൽ പെരുവഴിയിലാകുമോയെന്ന ആശങ്കയിൽ മറുനാടൻ മലയാളികൾ. സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാത്തതിനാൽ കെഎസ്‌ആർടിസിയേയും മറ്റ്‌ സ്വകാര്യ ബസ്സുകളെയും ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്‌ ഇവർ. നിലവിൽ കെഎസ്‌ആർടിസിയിൽ ടിക്കറ്റ്‌ ലഭ്യമാണെങ്കിലും ഓണത്തോടടുക്കുമ്പോൾ എന്താകുമെന്ന ആശങ്കയുമുണ്ട്‌. അവധി അവസാന നിമിഷം മാത്രം തീരുമാനിക്കുന്നതിനാൽ ഓണത്തിനോടടുത്ത ദിവസങ്ങളിൽ മാത്രമേ ചെന്നൈയിലും ബംഗളൂരുവിലുമെല്ലാമുള്ള ആയിരക്കണക്കിന്‌ മലയാളികൾക്ക്‌ ടിക്കറ്റ്‌ എടുക്കാനാവൂ. ഇ‍ൗ സാഹചര്യം മുതലെടുത്ത്‌ സ്വകാര്യ ബസ്സുകൾ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടിത്തുടങ്ങി. നിലവിൽ 700 മുതൽ 1300 വരെയാണ്‌ കോഴിക്കോട്‌– ചെന്നൈ സ്വകാര്യ ബസ്സുകളിലെ ശരാശരി നിരക്ക്‌. എന്നാൽ ഓണനാളുകളിൽ 1300 മുതൽ 1700 വരെയാണ്‌ വെബ്‌സൈറ്റുകളിൽ ടിക്കറ്റ്‌ നിരക്ക്‌ കാണിക്കുന്നത്‌. യാത്രക്കാരുടെ എണ്ണം കൂടുംതോറും നിരക്ക്‌ ഇനിയും വർധിച്ചേക്കും. ആഘോഷനാളുകൾ പ്രമാണിച്ച്‌ ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക്‌ 5000– 6000 വരെ ടിക്കറ്റ്‌ നിരക്കുള്ള ബസ്സുകളുമുണ്ട്‌. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച്‌ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന്‌ കെഎസ്‌ആർടിസി അധികൃതർ പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മലയാളികൾ കൂടുതലായും ജോലി ചെയ്യുന്ന ബംഗളൂരു, മംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾക്ക്‌ ക്ഷാമമുണ്ടാകാറുണ്ട്‌. തിരക്ക്‌ പരിഗണിച്ച്‌ മലബാറിലേക്ക്‌ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ വേണമെന്ന ആവശ്യം റെയിൽവേ അവഗണിച്ചതോടെ ഓണയാത്രയ്‌ക്ക്‌ ബസ്സുകളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്‌ മറുനാടൻ മലയാളികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home