ഇൗ മഴ മുൻകൂട്ടി കണ്ടില്ലേ?

കോട്ടയം
ജില്ലയിൽ ഇത്ര വലിയ മഴ പെയ്യുമെന്നും ഉരുൾപൊട്ടലുണ്ടാകുമെന്നും തിരിച്ചറിഞ്ഞ് മുൻകരുതലെടുക്കുന്നതിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയമായി. വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകളെടുത്തില്ല. മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ല. മുമ്പുണ്ടായിട്ടില്ലാത്തത്ര വേഗത്തിലാണ് നദികളിൽ ജലനിരപ്പുയർന്നത്. നേരം വെളുത്തപ്പോഴേക്കും പാലാ, ഇൗരാറ്റുപേട്ട നഗരങ്ങളിൽ അരയോളം വെള്ളമായി. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഉരുൾപൊട്ടലുണ്ടായ പൂഞ്ഞാർ തെക്കേക്കരയിലാണ് – - 212.6 മില്ലിമീറ്റർ. കുമരകം-(110 എംഎം), വാഗമൺ(314 എംഎം), മേച്ചാൽ-(218 എംഎം), പാതാമ്പുഴ-(179 എംഎം) എന്നിവിടങ്ങളാണ് തൊട്ടുപിന്നിലുള്ളത്. പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടൽ സാധ്യത കണ്ടറിയാൻ സർക്കാർ സംവിധാനത്തിനായില്ല. 20 വർഷം മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള പ്രദേശമാണിത്. മലയോര മേഖലയിൽ മഴ ശക്തി പ്രാപിക്കുന്നതിനു മുമ്പേ അപകടമേഖലയിലുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതാണ് രീതി. ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ തികഞ്ഞ പരാജയമായി. സർക്കാരിന്റെ കണക്കുകൂട്ടലുകളിലൊന്നും ഇത്രയും വലിയ മഴ പ്രവചിച്ചിരുന്നില്ല. ദുരന്തമുണ്ടായപ്പോൾ മാത്രമാണ് ക്യാമ്പുകൾ തുറന്നത്.







0 comments