നിയന്ത്രണം വിട്ട ബോട്ട് മറിഞ്ഞു; 17 തൊഴിലാളികൾ രക്ഷപ്പെട്ടു

ഫറോക്ക്
കടലുണ്ടി ചാലിയത്ത് മത്സ്യബന്ധനത്തിനിറങ്ങിയ കൂറ്റൻ ബോട്ട് ശക്തമായ കാറ്റിലും മഴയിലും നിയന്ത്ര വിട്ട് കരയിലെത്തി മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 17 ഇതര സംസ്ഥാന തൊഴിലാളികൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനി പുലർച്ചെ നാലോടെ ബേപ്പൂർ ഹാർബറിൽനിന്ന് മീൻപിടിത്തത്തിനിറങ്ങിയ "മിഹ്റാജ്’ ബോട്ടാണ് കപ്പലങ്ങാടി ബീച്ചിൽ കരയിൽ ഇടിച്ചു മറിഞ്ഞത്. ബോട്ട് കടലിലെത്തി അല്പദൂരം പിന്നിട്ടതോടെ കാറ്റിലും തിരയടിയിലും സ്റ്റിയറിങ് ബെൽറ്റ് പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഏറെ നേരം കാറ്റിലും തിരയടിയിലും ആടിയുലഞ്ഞ് രാവിലെ ഏഴരയോടെ തീരത്ത് ഇടിച്ചു കയറി മറിയുകയായിരുന്നു. കടലിൽ വീണ തൊഴിലാളികൾ നീന്തിക്കയറുന്നതിനിടെ കടൽ ഭിത്തിയിലും കരിങ്കല്ലുകളിലും തട്ടിയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഫറോക്ക് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അരുൺ, ഇമ്മാനുവൽ രാജ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






0 comments