print edition വെള്ളി ചിത്രവേൽ, വെങ്കലപ്രഭു; ട്രിപ്പിൾജമ്പിലും ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ഗ്ലാസ്‌ഗോ: പുരുഷന്മാരുടെ ജാവലിൻത്രോയ്‌ക്ക് പിന്നാലെ ട്രിപ്പിൾജമ്പിലും ഇന്ത്യക്ക് വെള്ളിയും വെങ്കലവും. പ്രവീൺ ചിത്രവേൽ 16.58 മീറ്റർ ചാടി വെള്ളിയെടുത്തു. 16.52 മീറ്റർ മറികടന്ന സെൽവപ്രഭുവിനാണ് വെങ്കലം. കഴിഞ്ഞ തവണ മലയാളിയായ എൽദോസ് പോൾ സ്വർണം നേടിയിരുന്നു. അത്‌ലറ്റിക്‌സിലെ ഏകസ്വർണവും അതായിരുന്നു. തമിഴ്‌നാട്ടുകാരനായ പ്രവീൺ നാലാമത്തെ ചാട്ടത്തിലാണ് വെള്ളിയിലെത്തിയത്. ജമൈക്കയുടെ ജോർദൻ സ്‌കോട്ട് 16.72 മീറ്ററിൽ സ്വർണം സ്വന്തമാക്കി. ജാവലിൻത്രോയിൽ സ്വർണം പ്രതീക്ഷിച്ച ഇന്ത്യയുടെ സൂപ്പർ താരം നീരജ് ചോപ്രയ്‌ക്ക് വെള്ളിയിൽ ഒതുങ്ങി. 85.83 മീറ്ററാണ് ദൂരം. 2018ൽ ചാമ്പ്യനായിരുന്നു. യഷ്‌വീർ സിങ് (85.41) അപ്രതീക്ഷിത വെങ്കലം നേടി. മറ്റൊരു ഇന്ത്യൻ താരം രോഹിത് യാദവ് (81.56) ഏഴാമതായി.
ഇൗ സീസണിൽ 90 മീറ്റർ മറികടന്ന് മികച്ച ഫോലുള്ള ലോക ഒന്നാം റാങ്കുകാരൻ ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരഗെയ്‌ക്കാണ് സ്വർണം (89.75). പരിക്കുമാറി തിരിച്ചെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് വെള്ളിദൂരം കണ്ടത്. ആദ്യ ത്രോ 80.97 മീറ്ററായിരുന്നു. തുടർന്ന് 81.29 മീറ്ററും 80.73 മീറ്ററും. അവസാനത്തെ ഏറ് ഫൗളായി. യഷ്‌വീർ അവസാന ശ്രമത്തിലാണ് വെങ്കലത്തിലേക്ക് കയറിയത്. ഒളിന്പിക്‌സ് ചാന്പ്യനും നിലവിലെ ജേതാവുമായ പാകിസ്ഥാന്റെ അർഷാദ് നദീം (77.41) ഒന്പതാമതായി.
തേജസ്വിൻ ശങ്കർ ഡെക്കാത്‌ലണിൽ വെങ്കലം സ്വന്തമാക്കി. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. പത്തിനങ്ങളുള്ള ഡെക്കാത്‌ലണിൽ 7976 പോയിന്റുമായാണ് നേട്ടം. ഗ്രനഡയുടെ ലിൻഡൻ വിക്ടർ (8096) സ്വർണവും കാനഡയുടെ ഡാമിയൻ വാർണർ (8036) വെള്ളിയും നേടി. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ്‌കുമാർ ഏഴും പി യശസ് എട്ടും സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ പ്രിയങ്ക നാലാമതായി.










0 comments