ad
Deshabhimani

പ്രായപൂർത്തിയായാലും പെൺമകൾക്ക് പിതാവിൽ നിന്നും വിദ്യാഭ്യാസത്തിനായുള്ള ധനസഹായം ആവശ്യപ്പെടാം; കര്‍ണാടക ഹൈക്കോടതി

പ
വെബ് ഡെസ്ക്

Published on Jul 21, 2026, 02:10 PM | 1 min read

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലും മകൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള ചെലവുകൾ പിതാവിൽ നിന്ന് ഈടാക്കാൻ അവകാശമുണ്ടെന്ന് കർണാടക ഹൈക്കോടതി. ഗാർഹിക പീഡന നിരോധന നിയമത്തിലെ സെക്ഷൻ 20(d) പ്രകാരം പ്രായപൂർത്തിയായ അവിവാഹിതയായ മകൾക്ക് വിദ്യാഭ്യാസത്തിനായുള്ള ധനസഹായം ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി.


മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സിന്റെ വാർഷിക ഫീസായി മകൾക്ക് 16 ലക്ഷം രൂപ നൽകണമെന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മംഗളൂരു സ്വദേശിയായ 53-കാരൻ നൽകിയ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എച്ച്പി സന്ദേഷ് ഉത്തരവിട്ടത്.


കുട്ടി പ്രായപൂർത്തിയായി എന്നതുകൊണ്ട് മാത്രം അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും ഉറപ്പാക്കാനുള്ള മാതാപിതാക്കളുടെ ബാധ്യത അവസാനിക്കുന്നില്ല. ലോകത്തെവിടെയും മാതാപിതാക്കൾക്ക് ഇത് നൽകാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ട്.


ഇൻകം ടാക്സ് റിട്ടേണുകളും ബാങ്ക് രേഖകളും പരിശോധിച്ചതിൽ നിന്ന് പിതാവിന് സാമ്പത്തിക ശേഷിയുണ്ടെന്ന് കോടതി കണ്ടെത്തി. കോടികളുടെ സ്വത്തും വായ്പകളും ഇയാൾക്കുണ്ട്. ഓൾ ഇന്ത്യ തലത്തിൽ 11,722-ാം റാങ്ക് നേടിയാണ് മകൾക്ക് പിജി മെഡിക്കൽ പ്രവേശനം ലഭിച്ചത്. മാനേജ്‌മെന്റ് ക്വാട്ടയിലെ 75 ലക്ഷം രൂപയോളം വരുന്ന ഫീസുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകയ്ക്കാണ് കുട്ടിക്ക് പ്രവേശനം ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.


മകൾക്ക് പ്രായപൂർത്തിയായതിനാൽ വിദ്യാഭ്യാസച്ചെലവിന് അർഹതയില്ലെന്ന പിതാവിന്റെ വാദം തള്ളിയ ഹൈക്കോടതി, ഇത്തരം വാദങ്ങൾ അംഗീകരിച്ചാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകളുടെ ലക്ഷ്യം തന്നെ ഇല്ലാതാകുമെന്ന് നിരീക്ഷിച്ചു.


മാതാപിതാക്കൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, തങ്ങളുടെ സാമ്പത്തിക ശേഷിക്കുള്ളിൽ നിന്നുകൊണ്ട് മകളുടെ ഉന്നതവിദ്യാഭ്യാസത്തിനാവശ്യമായ തുക നൽകാൻ മാതാപിതാക്കൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


നേരത്തെ മംഗളൂരു ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ഉത്തരവും, അത് ശരിവെച്ച അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയുടെ നടപടിയും കർണാടക ഹൈക്കോടതി പൂർണ്ണമായി ശരിവെക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home