വിഭജനത്തിന്റെ പുരാവൃത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2022, 02:57 AM | 0 min read


അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിലൂടെ ഇന്ത്യയിൽ ആദ്യമായി ബുക്കർ പ്രൈസ് എത്തിയത്‌ 1997ൽ. രണ്ടരപ്പതിറ്റാണ്ടിനുശേഷം മറ്റു രണ്ടു വനിതകളിലൂടെ ഇന്റർനാഷണൽ ബുക്കർ പ്രൈസും ഇന്ത്യയിലെത്തിയിരിക്കുന്നു. ന്യൂഡൽഹി സ്വദേശിയായ ഗീതാഞ്ജലി ശ്രീ ഹിന്ദിയിൽ എഴുതി, അമേരിക്കൻ വിവർത്തകയായ ഡെയ്സി റോക്ക് വെൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ടൂം ഓഫ് സാൻഡ്‌(Tomb of Sand) എന്ന പുസ്‌തകത്തിനാണ് 2022ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചിരിക്കുന്നത്. നിരവധി കഥകളും നാല് നോവലും ഗീതാഞ്ജലി ശ്രീയുടേതായി ഉണ്ട്. ഉത്തർപ്രദേശിൽ ജനിച്ച ഗീതാഞ്ജലി ഡൽഹി ലേഡി ശ്രീരാം കോളേജിലും ജെഎൻയുവിലുമാണ്‌ ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട്, ഗീതാഞ്ജലി പാണ്ഡെ എന്ന പേര്‌ ഉപേക്ഷിച്ച് തന്റെ അമ്മയുടെ പേരായ ശ്രീ തന്റെ പേരിനോട് ചേർക്കുകയായിരുന്നു. ഇംഗ്ലീഷിൽ രചിക്കപ്പെട്ട പുസ്‌തകങ്ങൾക്കാണ് മാൻബുക്കർ അവാർഡ് നൽകുന്നത്. ഇന്റർനാഷണൽ ബുക്കർ പ്രൈസിനാകട്ടെ, തദ്ദേശീയ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്‌തകങ്ങളാണ് പരിഗണിക്കുന്നത്. 

ആദ്യമായാണ് ഒരു ഇന്ത്യൻ ഭാഷാ രചനയ്ക്ക്  ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിക്കുന്നത്. എൺപതുപിന്നിട്ട സ്ത്രീയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. തന്റെ ഭർത്താവിന്റെ മരണശേഷം കടുത്ത വിഷാദത്തിലേക്ക്‌ വഴുതിവീഴുന്ന അവർ ജീവിതത്തിലേക്ക്‌ നടത്തുന്ന ഉജ്വലമായ തിരിച്ചുവരവിന്റെ കഥയാണ് ടൂം ഓഫ് സാൻഡ് പറയുന്നത്. ഒരു യാഥാസ്ഥിതിക പശ്ചാത്തലത്തിൽനിന്ന്‌ വരുന്ന അവർക്കുണ്ടാകുന്ന മാറ്റങ്ങളും കുടുംബാംഗങ്ങൾ പുരികം ചുളിക്കുന്ന പുതിയ സൗഹൃദങ്ങളും അവർ നടത്തുന്ന യാത്രകളുമൊക്കെയാണ് ഗീതാഞ്ജലി ശ്രീ ആവിഷ്‌കരിച്ചിരിക്കുന്നത്. കഥാനായിക പെട്ടെന്നൊരു ദിവസം വിഭജനത്തിനുമുമ്പ്‌ താൻ താമസിച്ചിരുന്ന ലാഹോറിലേക്ക്‌ യാത്രതിരിക്കാൻ തീരുമാനിക്കുന്നയിടത്തുനിന്ന്‌ കഥ വഴിതിരിയുന്നു. ഇന്ത്യ എന്ന രാജ്യത്തിലും വലിയൊരു വിഭാഗം ഇന്ത്യക്കാരിലും (ഒപ്പം പാകിസ്ഥാനിലും പാകിസ്ഥാൻകാരിലും) വിഭജനമേൽപ്പിച്ച മുറിവുകൾ എട്ടു പതിറ്റാണ്ടിനിപ്പുറവും ഉണങ്ങിയിട്ടില്ല. നിരവധി നോവലുകളും സിനിമകളും ഈ പശ്ചാത്തലത്തിൽ തീർക്കപ്പെട്ടിട്ടുമുണ്ട്. വർത്തമാനകാല രാഷ്ട്രീയസാഹചര്യങ്ങൾ ഈ മുറിവുകളെ കൂടുതലായി ചുട്ടുനീറ്റുന്നുമുണ്ട്. ഇങ്ങനെയൊരു ദുരന്തത്തോട് പക്ഷേ, ഈ നോവലിൽ എഴുത്തുകാരി പ്രതികരിക്കുന്നത് ജീവസ്സോടും ആശ്വാസകരമായ ലാഘവത്തോടുമാണ്.

‘സ്വത്വം തേടലിനെയും കുടുംബബന്ധങ്ങളെ ആവിഷ്‌കരിക്കുന്നതിന്റെയും' ഒരു മാസ്റ്റർക്ലാസ് എന്നും, ‘ഇന്ത്യയുടെയും വിഭജനത്തിന്റെയും പ്രകാശമാനമായ ആവിഷ്‌കാരം; ചൊടിയോടെയും സഹാനുഭൂതിയോടെയും ആണിനെയും പെണ്ണിനെയും യുവത്വത്തെയും വാർധക്യത്തെയും കുടുംബത്തെയും രാഷ്ട്രത്തെയും നിറപ്പകിട്ടോടെ നെയ്‌തെടുക്കുന്ന കൃതി' എന്നുമാണ് ജൂറി അംഗങ്ങൾ ഈ പുസ്‌തകത്തെ വിശേഷിപ്പിച്ചത്‌.
ഹിന്ദി ഭാഷയുടെ വഴക്കങ്ങളും തിരിവുകളും സൗന്ദര്യംചോരാതെ പരിഭാഷപ്പെടുത്താൻ ഡെയ്സി റോക‌്‌വെല്ലിനു സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. അമേരിക്കക്കാരിയായ ഡെയ്സി, ഹിന്ദി- ഉറുദു ഭാഷകളിൽനിന്ന്‌ ഉപേന്ദ്രനാഥ് ആഷ്‌ക്‌, ഭീഷ്‌മ സാഹ്നി, ഖദീജ മസ്ദൂർ എന്നിവരുടേതടക്കം നിരവധി പുസ്‌തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. താൻ ഇന്നോളം ചെയ്‌തിട്ടുള്ളതിൽ ഏറ്റവും പ്രയാസമേറിയ പരിഭാഷയാണ് ടൂം ഓഫ് സാൻഡ് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

യൂറോപ്പിലും അമേരിക്കയിലുമായി കേന്ദ്രീകരിച്ചുപോകാറുള്ള സാഹിത്യചർച്ചകളിലേക്ക്‌ മറ്റുഭാഷകളിലെ സമകാലീനരചനകളെക്കൂടി എത്തിക്കുന്നതിൽ പരിഭാഷകൾക്കു വലിയ പങ്കാണുള്ളത്. പല രീതിയിലുള്ള ഭിന്നിപ്പിക്കലുകൾ അനുഭവിക്കുന്ന ഇന്നത്തെ ലോകത്തിൽ പ്രത്യേകിച്ചും. ഭാഷയും സംസ്‌കാരവും മതവും പൗരത്വവുമെല്ലാം ആയുധങ്ങളായി മാറുന്ന സാഹചര്യത്തിൽ, വാക്കുകളുടെ ശക്തി ഒരിക്കലും കുറച്ചുകാണാൻ സാധിക്കുകയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home