12 September Thursday

സർഗയൗവനത്തിൽ സാവിത്രി രാജീവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018

രൂപവും നിഴലും
വേർതിരിച്ചെടുക്കാനാവാത്ത
ഉച്ചിയിലാണ് നമ്മൾ
ഓർമ്മകൾ എരിവായി
വായ്ക്കുള്ളിൽ കലിക്കുന്നെങ്കിൽ
നീട്ടിത്തുപ്പുക
മധുരവും ചവർപ്പും പുളിയും
നുണയാതെ വീഴുങ്ങുക’’
രൂപവും നിഴലും വേർതിരിച്ചെടുക്കാനാവാൻ സാധിക്കാത്ത വർത്തമാനകാല പ്രതിസന്ധികളെ, മധുരവും ചവർപ്പും പുളിയും നിറഞ്ഞ ജീവിതത്തെ, കാൽചുവട്ടിനെ തൊട്ടുപോകുന്ന എഴുത്തിനെ, വരയെ നിതാന്തജാഗ്രതയോടെ അൽപനേരം വിശകലനം ചെയ്യുകയാണ് സാവിത്രി രാജീവൻ 'പകലിന്റെ കവിത േവനലിന്റേതും' എന്ന കവിതയിൽ.
അക്ഷരങ്ങളോടുള്ള സ്നേഹം വളരെ കുട്ടിയായിരുന്നപ്പോഴെ തുടങ്ങിയിരുന്നു. അച്ഛന്റെ പുസ്തകശേഖരത്തിലെ പുസ്തകങ്ങളായിരുന്നു അധികനേരവും വായിക്കാറുള്ളത്. അച്ഛന്റെ ഡയറിയിൽ കോറിയിട്ട വരകൾ, കവിതകൾ, നാടകങ്ങൾ എല്ലാം എഴുത്തിന്റെ വിശാലലോകത്തെ തിരിച്ചറിയാൻ സഹായിച്ചു. സ്നേഹവും കരുണയും വാക്കാലെ പകർന്നുതന്ന അമ്മ, കയ്യിൽ കിട്ടുന്നതെന്തും വായിക്കാനുള്ള ഉത്സാഹം തോന്നിയ ബാല്യം, എഴുത്തിനെയും എഴുത്തുജീവിതത്തേയും ഗൗരവമായി നോക്കിക്കാണാൻ പ്രേരിപ്പിച്ച പ്രിയ അധ്യാപകനും പിന്നീട് സന്തതസഹചാരിയുമായ ബി രാജീവൻ, വായനയുടെ ലോകത്തെയും എഴുത്തിന്റെ ലോകത്തെയും വിപുലപ്പെടുത്താനും വിഷയവൈവിധ്യങ്ങളുടെ പുതുരുചികളെ പരിചയപ്പെടുത്താനും സഹായിച്ച സുഹൃത്തുക്കൾ. കെ ജി ശങ്കരപ്പിള്ള, ഡി  വിനയചന്ദ്രൻ, ആറ്റൂർ രവിവർമ്മ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, സച്ചിദാനന്ദൻ തുടങ്ങിയവരെ പോലുള്ള കവികൾ സംഘർഷാത്മക ജീവിതത്തിൽ നൽകിയ മാനസികപിന്തുണകൾ ഇതെല്ലാം തന്റേതു മാത്രമായൊരു ലോകത്തു നിന്ന് ജീവിതത്തേയും എഴുത്തിനേയും നോക്കിക്കാണാൻ പര്യാപ്തമാക്കി.
സാവിത്രി പറയുന്നു: 'മനുഷ്യന്റെ യൗവ്വനജീവിതം പത്തോ ഇരുപതോ വർഷംകൊണ്ട് തീരുമെന്നും അതോടെ അവളുടെ കവിത്വവും സർഗ്ഗാത്മകതയും പടുതിരി കത്തിയൊടുങ്ങുമെന്നും വിചാരിക്കാത്തതിനാൽ മരിക്കുംവരെ ജീവിതവൃത്തിയിലും കവിതയിലും പുതുമ അവകാശപ്പെടാൻ തീരുമാനിച്ചിരിക്കുന്നു. തേഞ്ഞുതീരുന്ന വീട്ടുപകരണം പോലെയാകാൻ എന്റെ കവിതകളും ഞാനും മിനക്കെടാറില്ല. ഓരോ കാലങ്ങളിലുള്ള സത്യങ്ങളെ അതത് കാലത്തിൽനിന്ന് കൊണ്ട് കവിതകളിൽ ആവിഷ്കരിക്കുവാനാണ് ശ്രമിക്കുന്നത്. മൗനത്തിൽ വാക്കുകളെ ഒളിപ്പിച്ചുവയ്ക്കുന്നവരെ എനിക്കെന്നും കാണാനാകും.  നിശ്ശബ്ദമാക്കപ്പെട്ട നാവിൽ ഉറഞ്ഞുപോയ വാക്കുകളുമായി അക്ഷരപ്പുറ്റു പൊട്ടിച്ച് പുറത്തേയ്ക്ക് ഇറങ്ങുന്നവനാണ് കവി, അവരിൽ ചിലപ്പോഴൊക്കെ ഉറകൂടി പുളിച്ച മടുപ്പ് തക്ഷകനായി വളർന്ന് ഉടലിനെ തഴുകുന്നുണ്ടായിരിക്കാം. മനുഷ്യ ഉടൽ ഒരു രഹസ്യഭൂഖണ്ഡമല്ല. അത് ഉയിരിന്റെ സത്യമാണ്. അതിലെ സത്യമാണ് കവികൾ തിരയേണ്ടത്. കാലഘട്ടത്തിനനുസരിച്ച് ഒച്ചയുണ്ടാക്കാൻ പറ്റാത്ത കവിതകളെകൊണ്ട് കവിക്ക് ഒരു ഉപകാരവുമില്ല. മനുഷ്യനെ ആശ്വസിപ്പിക്കുന്ന ഒരു പ്രണയമൊഴി പോലും ഇന്ന് ലോകത്തിൽ ഇല്ലാതായിരിക്കുന്നു. ഒരേ കാഴ്ചകളും ഒരേ ഒച്ചകളും ഒരേ നിശ്ശബ്ദതകളും കണ്ടും കേട്ടും അറിഞ്ഞും ഒരേ നാട്ടുവഴികളിലൂടെ ഒരേ തെരുവുകളിലൂടെ ചലിച്ചും കിടന്നും കഴിയുന്ന മനുഷ്യൻ തമ്മിൽത്തമ്മിൽ വെളിപ്പെടുത്താതെ ഒരേ താളിൽ നിൽക്കുന്ന കാഴ്ച അത്യന്തം ഭയാനകമാണ്. ഈ അനുഭവങ്ങളിൽ നിന്നാണ് എഴുത്ത് രൂപപ്പെടുന്നത്. നോക്കിക്കാണുന്ന അനുഭവങ്ങളെ ആവിഷ്കരിക്കുന്ന മാധ്യമം മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. അത് ചിലപ്പോൾ കവിതയാകാം, കഥയാകാം അതുമല്ലെങ്കിൽ ചിത്രമാകാം. എന്റേതായ വിധത്തിൽ ലോകത്തെ കാണാനും ആവിഷ്കരിക്കാനുമുള്ള ശ്രമം നടത്തിയിട്ടുണ്ട്.'
'സാവിത്രി രാജീവന്റെ കവിതകൾ മറ്റാരേയും അനുകരിക്കാൻ ശ്രമിക്കാത്തവയാണെ'ന്നും ചരിവിലെ കവിതകൾക്ക് നൽകിയ പിൻകുറിപ്പിൽ അയ്യപ്പപ്പണിക്കർ രേഖപ്പെടുത്തിയിരിക്കുന്നു. എഴുത്തിലായാലും ജീവിതത്തിലായാലും സ്ത്രീകൾ സ്വയംപര്യാപ്തരായിരിക്കണം. കേവലം വികാരങ്ങൾക്ക് മാത്രം അടിമപ്പെടുന്നവരല്ല സ്ത്രീകൾ. അവൾ അനുഭവിച്ച വികാരങ്ങളാണ് അവൾക്ക് കരുത്ത് നൽകുന്നത്. അത് ശരിയായ വിധത്തിൽ സംക്രമിപ്പിക്കാനുള്ള പരിശീലനമാണ് സ്ത്രീകൾ നേടേണ്ടത്. ഇത്രയും ഉൾക്കരുത്തുള്ള സ്ത്രീകൾക്ക് നേർക്കാണ് പലവിധത്തിലുള്ള അതിക്രമങ്ങൾ ഉണ്ടാകുന്നു എന്നത് വേറെ പക്ഷം. സ്ത്രീയുടെ വിവിധ കഴിവുകളെ, വികാരങ്ങളെ, ഓർമ്മകളെ ഇതെല്ലാം“'അമ്മയെ കുളിപ്പിക്കുമ്പോൾ' എന്ന കവിതയിലും ആവിഷ്കരിച്ചിരിക്കുന്നു. സ്വയം പര്യാപ്തയായ ഒരു സ്ത്രീയെ അവരുടെ കാഴ്ചകളെ ഒരു സമൂഹം ഒന്നടങ്കം എങ്ങനെയാവണം നോക്കിക്കാണേണ്ടതെന്ന് അവർ പറയാൻ ശ്രമിക്കുന്നു. സ്ത്രീയുടെ ഉടലിന് അമിതപ്രാധാന്യം നൽകിയിരിക്കുന്ന ഈ കാലത്ത് അവളുടെ ആത്മാവിന് അവൾ അർഹിക്കുന്ന തരത്തിൽ എങ്ങനെ പരിഗണന നൽകാം എന്ന ആലോചനയിൽനിന്നാണ് ഈ കവിത വരുന്നത്.  സ്ത്രീയുടെ എഴുത്തിനെ, അവളുടെ ജീവിതത്തെ, ഏറെ സംശയത്തോടെയും അതിലേറെ പ്രശംസയോടെയും നോക്കിക്കാണുന്ന ഈ കാലത്തിൽ 'അമ്മയെ കുളിപ്പിക്കുമ്പോൾ'’ എന്ന കവിതയ്ക്ക് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതിൽ സന്തോഷം ഉണ്ടെന്ന് സാവിത്രി രാജീവൻ പറഞ്ഞു.
മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകാരിൽ മുൻനിരയിലാ ണ് സാവിത്രി രാജീവന്റെ സ്ഥാനം. മലപ്പുറം ജില്ലയിലാണ് ജനനം. തിരുവനന്തപുരത്ത് സ്ഥിരതാമസം. കേരള യൂണിവേഴ്സിറ്റിയിൽനിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം, തുടർന്ന് ബറോഡ യൂണിവേഴ്സിറ്റി ഫൈനാൻസ് ഫാക്കൽറ്റിയിൽ പഠനം. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ കലാചരിത്ര അധ്യാപികയായിരുന്നു 2009‐ൽ കേരള ചലച്ചിത്ര അക്കാദമിയിലെ ജൂറി അംഗമായിരുന്നു. ലളിതകലാ അക്കാദമിയുടെ വൈസ് പ്രസിഡന്റായും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപദേശകസമിതി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലേയ്ക്കും സ്വീഡിഷ്, ഇംഗ്ലീഷ് ഭാഷകളിലേയ്ക്കും കവിതകൾക്ക് വിവർത്തനങ്ങൾ വന്നിട്ടുണ്ട്. ഡൽഹി രവീന്ദ്ര‘ഭവൻ ആർട്ട് ഗാലറിയിൽ ഏകാംഗചിത്രപ്രദർശനം ഉണ്ടായിട്ടുണ്ട്. ചിത്രകാരി ടി കെ പത്മിനിയെക്കുറിച്ചുള്ള കലാനിരൂപണം. അമ്മയെ കുളിപ്പിക്കുമ്പോൾ’(കവിതോപഹാരം), സാവിത്രി രാജീവന്റെ കവിതകൾ, സഞ്ചാരിയുടെ താണുപോയ വീട് (കഥാസമാഹാരം), ദേഹാന്തരം, (കഥാസമാഹാരം), ചെരിവ് (കഥാസമാഹാരം) എന്നിവയാണ് പ്രധാന കൃതികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top