ad
Deshabhimani

ദേശാഭിമാനി ഫോക്കസ് 2026

എല്ലാം സെറ്റാണ്, ഇനി പഠിക്കാം

focus 2026

ദേശാഭിമാനി ഫോക്കസ് 2026 -കരിയർ ഫെസ്റ്റിവലിൽ ഡോ. ടി സുരേഷ് കുമാർ കരിയർ ഗൈഡൻസ് ക്ലാസ് നയിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 03:11 AM | 2 min read

കൊച്ചി


‘ആത്മവിശ്വാസത്തോടെ മുന്നേറാം, എല്ലാം സെറ്റാണ്’–ദേശാഭിമാനി സംഘടിപ്പിച്ച സൗജന്യ കരിയർ ഗൈഡൻസ് പരിപാടി- സമാപിച്ചപ്പോള്‍ ഭാവിയെപ്പറ്റി കുറെയേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. കോഴ്സുകളുടെ വലിയൊരു നിരയ്ക്കുമുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരുന്നതായി കരിയര്‍ വിദഗ്ധന്‍ ഡോ. ടി സുരേഷ്‌-കുമാര്‍ നയിച്ച ക്ലാസ്. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ശേഷം ഏതെല്ലാം മേഖലയിലേക്ക് തിരിയാമെന്നും എങ്ങനെ പരിശീലനം നടത്താമെന്നും അദ്ദേഹം ലളിതമായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കി.


ശാസ്ത്രലോകം വളരെവേഗം വികസിക്കുന്ന കാലത്ത് ഏത് കരിയര്‍ തെരഞ്ഞെടുത്താലും അതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധമുണ്ടാകുമെന്നാണ്‌ സുരേഷ്‌-കുമാര്‍ കുട്ടികളോട് പറഞ്ഞത്. പരമ്പരാഗത കോഴ്സുകള്‍ക്കൊപ്പം എഐ ലോകത്തെ പുത്തന്‍ കോഴ്സുകള്‍, പ്രവേശന പരീക്ഷകളെക്കുറിച്ചുമുള്ള അവബോധം, അപേക്ഷകള്‍ എപ്പോള്‍ സമര്‍പ്പിക്കണം, കോളേജുകള്‍, മാനേജ്മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. കോഴ്സുകളുടെ ഫീസ് ഘടനയും സാധ്യതകളും ലളിതമായി വിശദീകരിക്കുന്നതായിരുന്നു ക്ലാസ്.


ഇനി ആത്മവിശ്വാസത്തോടെ ഇഷ്ട മേഖലയിലേക്ക് തിരിയാമെന്ന് ക്ലാസിനുശേഷം വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. റിസള്‍ട്ടിനുശേഷം എല്ലാവരും പറയുന്നതുപോലെ ഒരു കോഴ്സിന് ചേരണമെന്ന് മാത്രമാണ് വിചാരിച്ചിരുന്നതെന്നും എന്നാല്‍, എഐ യുഗത്തിൽ എങ്ങനെ ചിന്തിക്കണമെന്ന് ക്ലാസിലൂടെ മനസ്സിലായെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.


താൽപ്പര്യമറിഞ്ഞുവേണം കോഴ്സ്


കൊച്ചി

വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാകണം കോഴ്സുകള്‍ തെരഞ്ഞെടുക്കേണ്ടതെന്ന് എല്‍കെ ഫൗണ്ടേഷന്‍ എംഡി രാജേഷ് പുത്തന്‍പുരയില്‍. മാതാപിതാക്കളോ കൂട്ടുകാരോ നിര്‍ദേശിക്കുന്നതിന് പിന്നാലെ പോകരുത്. അവനവന്റെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് അതത് മേഖലകളിലേക്ക് തിരിയണം. എന്നാല്‍ മാത്രമേ ഭാവിയില്‍ വിജയിക്കൂ. വിദ്യാര്‍ഥികളുടെ ഇഷ്ടമേഖല മനസ്സിലാക്കാൻ മാതാപിതാക്കളും തയ്യാറാകണം. മാര്‍ക്കിലും ഗ്രേഡിലും പിന്നില്‍ പോയവര്‍ വിഷമിക്കരുതെന്നും അവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതെന്നും രാജേഷ് പറഞ്ഞു.


വിദ്യാര്‍ഥികള്‍ 
തെരഞ്ഞെടുക്കട്ടെ


കൊച്ചി


വിദ്യാര്‍ഥികള്‍ക്ക് അവരുടേതായ ലോകം കണ്ടെത്താനുള്ള പൂര്‍ണസ്വാതന്ത്ര്യം മാതാപിതാക്കള്‍ നല്‍കണമെന്ന് ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍റ്റി ലെജു തോമസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സ് എടുത്താല്‍ മാത്രമേ ഭാവിയില്‍ ഗുണകരമാകൂ. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ ഇഷ്ടമില്ലാത്ത മേഖലയിലേക്ക് തിരിയുന്നത് ഏറെ ദോഷം ചെയ്യും. മാറുന്ന പുതിയ ലോകത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഏതെല്ലാം തെരഞ്ഞെടുക്കണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാമെന്നും ലെജു തോമസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home