ad
Deshabhimani

print edition ക്രൊയേഷ്യയെ തകർത്തു ഇംഗ്ലണ്ട് തുടങ്ങി; കെയ്‌നിനു ഇരട്ട ഗോൾ

ENG VS CROATIA

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 19, 2026, 03:53 AM | 1 min read

ഡാലസ്‌: കിരീടമോഹികൾക്ക്‌ ഇംഗ്ലണ്ടിന്റെ കനത്ത മുന്നറിയിപ്പ്‌. ആക്രമണ ഫുട്‌ബോളിന്റെ ര‍ൗദ്രഭാവവുമായി പന്ത്‌ തട്ടിയ ഇംഗ്ലണ്ട്‌ ക്രൊയേഷ്യയെ 4–2നാണ്‌ തകർത്തുവിട്ടത്‌. മുറിച്ചിട്ടാലും മുറി കൂടി തിരിച്ചുവരുന്ന ക്രോട്ടുകൾ ഇംഗ്ലണ്ടിനോട്‌ അടങ്ങി. ഇരട്ടഗോളുമായി ഹാരി കെയ്‌ൻ ഉദ്ദേശം വ്യക്തമാക്കി. ജൂഡ്‌ ബെല്ലിങ്‌ഹാമിന്റെ തീപ്പൊരി ഗോൾ കണ്ടു. മാർകസ്‌ റാഷ്‌ഫഡ്‌ അവസാന ഘട്ടത്തിൽ ജയം പൂർത്തിയാക്കി.


പെനൽറ്റിയിലൂടെ കെയ്‌ൻ തകർപ്പൻ തുടക്കം നൽകി. ബോക്‌സിൽവച്ച്‌ നോനി മദുവെക്കെയെ ക്രൊയേഷ്യൻ ക്യാപ്‌റ്റൻ ല‍ൂക്കാ മോഡ്രിച്ച്‌ ഫ‍ൗൾ ചെയ്‌തു. കെയ്‌ൻ കിക്ക്‌ തൊടുത്തു. ഗോൾകീപ്പർ ഡൊമിനിക്‌ ലിവാകോവിച്ച്‌ തടുത്തു. പക്ഷേ, ലിവാകോവിച്ച്‌ ഗോൾവരയിൽനിന്ന്‌ മുന്നോട്ടാഞ്ഞതോടെ കെയ്‌നിന് വീണ്ടും അവസരം കിട്ടി. ഇക്കുറി ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‌ പിഴച്ചില്ല.


അപകടകാരികളായ എതിരാളികളെന്ന്‌ തെളിയിക്കുന്നതായിരുന്നു ക്രൊയേഷ്യയുടെ മറുപടി നീക്കം. മാർട്ടിൻ ബറ്റുറിനയുടെ കരുത്തുറ്റ ഷോട്ട്‌ ഇംഗ്ലണ്ട്‌ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ കീഴടക്കി. ഇംഗ്ലണ്ട്‌ വീണ്ടും ഇരന്പിയാർത്തു. കെയ്‌ൻ ഒരിക്കൽക്കൂടി ബോക്‌സ്‌ വാണു. ഡെക്ലൻ റൈസിന്റെ കോർണറിൽ ഹെഡർ. ആദ്യപകുതി അവസാനിക്കുന്നതിന്‌ നിമിഷങ്ങൾശേഷിക്കെ പീറ്റർ മുസ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചതോടെ ത്രില്ലറിന്റെ അടുത്ത ഘട്ടമെത്തി.


ഇടവേളയ്‌ക്കുശേഷം കളി മുഴുവൻ ഇംഗ്ലണ്ടിന്റെ കാലുകളിലായി. പ്രതിരോധത്തിലെ പതർച്ച ആക്രമണത്തിന്റെ അതിവേഗം കൊണ്ടാണ്‌ തോമസ്‌ ടുഷെലിന്റെ സംഘം മറികടന്നത്‌. രണ്ടാംപകുതിയുടെ തുടക്കം ബെല്ലിങ്‌ഹാമിന്റെ ഗോളിൽ മുഴങ്ങി. പകരക്കാരനായെത്തിയാണ്‌ റാഷ്‌ഫഡ്‌ വല കുലുക്കിയത്‌. മോഡ്രിച്ച്‌ മങ്ങിയത്‌ ക്രൊയേഷ്യൻ ടീമിന്റെ മൂർച്ച കുറച്ചു. കെയ്‌നിന്‌ ലോകകപ്പിൽ പത്ത്‌ ഗോളായി. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home