ദേശാഭിമാനി ഫോക്കസ് 2026
ഭാവിയിലേക്ക് വഴികാട്ടി

ദേശാഭിമാനി ഫോക്കസ് 2026 -കരിയർ ഫെസ്റ്റിവലിൽ എസ്എസ്‌എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾ ഉദ്ഘാടക കലക്ടർ ജി പ്രിയങ്കയ്ക്കൊപ്പം
കൊച്ചി
പുതുതലമുറയ്ക്ക് പുത്തന്‍ പ്രതീക്ഷകളും തൊഴിലവസര സാധ്യതകളും സമ്മാനിച്ച് ദേശാഭിമാനി സംഘടിപ്പിച്ച സൗജന്യ കരിയർ ഗൈഡൻസ് പരിപാടി- "ദേശാഭിമാനി ഫോക്കസ് 2026 കരിയർ ഫെസ്റ്റിവൽ.' ഉപരിപഠനത്തിന്റെ വൈവിധ്യമാർന്ന വഴികളെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി. മാറുന്ന ലോകത്തെ നൂതന കോഴ്സുകളെക്കുറിച്ചും പുത്തൻ കരിയർ ട്രെൻഡുകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകി കരിയർ ഫെസ്റ്റിവൽ സമാപിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ മുഖത്ത് നിറപുഞ്ചിരി.
കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ പ്രദീപ് മോഹന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ടി ആര്‍ അനില്‍കുമാര്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഗോപന്‍ നമ്പാട്ട്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, എല്‍കെ ഫൗണ്ടേഷന്‍ എംഡി രാജേഷ് പുത്തന്‍പുരയില്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഫാക്കല്‍റ്റി ലെജു തോമസ് എന്നിവര്‍ സംസാരിച്ചു. കരിയര്‍ വിദഗ്ധന്‍ ഡോ. ടി സുരേഷ്-കുമാര്‍ ക്ലാസെടുത്തു.
ദേശാഭിമാനി ഫോക്കസ് 2026 - കരിയർ ഫെസ്റ്റിവൽ
സമാപന സമ്മേളനം
യുവനർത്തകിയും
അഭിനേത്രിയുമായ
ജംഷീന ജമാല്‍
ഉദ്ഘാടനം ചെയ്യുന്നു
സമാപന സമ്മേളനം യുവനർത്തകിയും അഭിനേത്രിയുമായ ജംഷീന ജമാല്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് അനുമോദനം, മെമന്റോ വിതരണം എന്നിവയും നിര്‍വഹിച്ചു. ഗോപന്‍ നമ്പാട്ട് അധ്യക്ഷനായി. ദേശാഭിമാനി ഫീച്ചര്‍ ഡെസ്ക് ന്യൂസ് എഡിറ്റര്‍ എ ശ്യാം, ബ്യൂറോ ചീഫ് എം എസ് അശോകന്‍, പരസ്യവിഭാഗം മാനേജര്‍ എ ബി അജയഘോഷ്, അസിസ്റ്റന്റ് മാനേജര്‍ എബി എബ്രഹാം എന്നിവര്‍ സംസാരിച്ചു. ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ ഫിലിം സ്കൂള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌റൈറ്റിങ്, എൽകെ ഓവർസീസ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഫോക്കസ് സംഘടിപ്പിച്ചത്.
അഭിനിവേശത്തെ കരിയറാക്കണം
കൊച്ചി
അഭിനിവേശം, ആസൂത്രണം, പരിശീലനം എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമായും വേണ്ടതെന്ന് കലക്ടര്‍ ജി പ്രിയങ്ക. ‘ദേശാഭിമാനി ഫോക്കസ് 2026 കരിയർ ഫെസ്റ്റിവൽ’ കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. അഭിനിവേശം എന്താണോ, അതിനെ കരിയറാക്കണം. തെരഞ്ഞെടുക്കുന്ന മേഖലയോട് അത്രമേല്‍ ഇഷ്ടമുണ്ടെങ്കിലേ ആ ജോലി ആസ്വദിച്ച് ചെയ്യാനാകൂ. എല്ലാ മേഖലയിലും വലിയ മത്സരങ്ങള്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടമാണിത്.
നമ്മുടെ മേഖലയില്‍ ഒന്നാമതായി നില്‍ക്കാന്‍ കൃത്യമായ ലക്ഷ്യങ്ങളോടെയാകണം മുന്നോട്ടുപോകേണ്ടത്. അതിന് മികച്ച ആസൂത്രണം ആവശ്യമാണ്. എല്ലാദിവസവും അതിനായി പരിശ്രമിക്കണം. അതോടൊപ്പം വേണ്ടതാണ് പരിശീലനവും.
നിങ്ങള്‍ ഒരു കാര്യം പഠിച്ചുകഴിഞ്ഞാല്‍ അത് വീണ്ടുംവീണ്ടും പരിശീലിച്ചുനോക്കണമെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാർഥികാലത്തെ സ്വന്തം പഠനരീതികളെക്കുറിച്ചും സിവിൽ സർവീസ് പരീക്ഷാ വിജയത്തിലേക്ക് നയിച്ച പാഠ്യശീലങ്ങളെക്കുറിച്ചും സംസാരിച്ച കലക്ടർ തുടർന്ന് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ഫോക്കസിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പം ഫോട്ടോയ്‌ക്കും പോസ് ചെയ്‌താണ് മടങ്ങിയത്.
അക്കാദമിക് നേട്ടത്തിനൊപ്പം സാമൂഹ്യപ്രതിബദ്ധതയും വേണം
കൊച്ചി
അനന്തമായ സാധ്യതകളാണ് ഇന്ന് വിദ്യാര്‍ഥികള്‍ക്കുമുന്നിലുള്ളതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്. ദേശാഭിമാനി ഫോക്കസ് 2026 കരിയർ ഫെസ്റ്റിവലില്‍ ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിച്ച് മികച്ചവരായി മാറുമ്പോഴും നല്ല മനുഷ്യരാവുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിലൊന്ന്. അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്താന്‍ നമുക്ക് കഴിയണം. റോഡപകടത്തില്‍പ്പെട്ട് വസ്ത്രങ്ങള്‍ കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ട് നല്‍കി സംരക്ഷിച്ച തൃപ്പൂണിത്തുറ സ്വദേശി എം ആര്‍ ഷാജിയെക്കുറിച്ച് പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയെല്ലാം നമ്മള്‍ ഇന്ന് അറിഞ്ഞു.
അത്തരമൊരു മനസ്സാണ് എല്ലാവര്‍ക്കും വേണ്ടത്. വിശാലമായ വായന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമാണ്. അത്തരമൊരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും എസ് സതീഷ് പറഞ്ഞു.










0 comments