ad
Deshabhimani

print edition ഒറ്റപ്പെട്ടു 
നായകൻ

RONALDO

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 19, 2026, 04:07 AM | 1 min read

ഹൂസ്‌റ്റൺ: സൂപ്പർ താരങ്ങൾ മണ്ണിലിറങ്ങിയ ദിനം. ലയണൽ മെസി ഹാട്രിക്കുമായി കളംവാണു. കിലിയൻ എംബാപ്പെയുടെ ഇടിവെട്ട്‌ ഇരട്ടഗോൾ. ലോകകപ്പ്‌ അരങ്ങേറ്റത്തിൽ എർലിങ്‌ ഹാലണ്ട്‌ തൊടുത്തു രണ്ടെണ്ണം. ആ വൃത്തം പൂർണമാകാൻ ഫുട്‌ബോൾ ലോകം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിനെ തേടി. പക്ഷേ, റൊണാൾഡോയും ആരാധകരും കൊതിച്ചൊരു രാത്രിയായിരുന്നില്ല അത്‌.


52 വർഷത്തിനുശേഷം ലോകകപ്പിൽ പന്ത്‌ തട്ടുന്ന കോംഗോ വിഖ്യാതമായ പോർച്ചുഗൽ നിരയെ 1–1ന് പിടിച്ചുകെട്ടിയപ്പോൾ കളിയിൽ ഒരു സ്വാധീനവും സൃഷ്‌ടിക്കാൻ കഴിയാതെ ക്യാപ്‌റ്റൻ കളംവിട്ടു. പോർച്ചുഗൽ 783 പാസുകൾ പൂർത്തിയാക്കിയപ്പോൾ റൊണാൾഡോയ്‌ക്ക്‌ പന്ത്‌ തൊടാനായത്‌ 25 തവണ മാത്രം. മൂന്ന്‌ ഷോട്ടുകൾ പായിച്ചതിൽ ലക്ഷ്യത്തിലേക്കൊന്നുമില്ല.


രണ്ടെണ്ണം ഗോൾമുഖത്തുനിന്ന്‌ പാഴാക്കുകയായിരുന്നു. പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായ പത്താം മത്സരത്തിലും റൊണാൾഡോയ്‌ക്ക്‌ ലക്ഷ്യം കാണാനായില്ല. കഴിഞ്ഞ ലോകകപ്പിലും യൂറോ കപ്പിലും ഉൾപ്പെടെയാണ്‌ ഇ‍ൗ കണക്ക്‌. പത്ത്‌ കളിയിൽ 33 ഷോട്ടുകൾ. ലക്ഷ്യത്തിലേക്ക്‌ തൊടുത്തത്‌ 11ഉം.


നാൽപ്പത്തൊന്ന്‌ വർഷവും 132 ദിവസവുമായിരുന്നു കോംഗോയ്‌ക്കെതിരെ ഇറങ്ങുന്പോൾ പ്രായം. ആറാം ലോകകപ്പിലേക്ക്‌ പ്രതീക്ഷയോടെയാണ്‌ ഇറങ്ങിയത്‌. ആയിരം ഗോളെന്ന അനുപമനേട്ടത്തിലേക്ക്‌ ഇനി 23 എണ്ണം മതി. രാജ്യത്തിനായി 229 കളിയിൽ 143 ഗോൾ. ആറ്‌ ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യ താരമാകാനുള്ള ഒരുക്കത്തിലാണ്‌.


കോംഗോയ്‌ക്കെതിരെ പലപ്പോഴും ഗോൾമുഖത്ത്‌ ഒറ്റപ്പെട്ടു. സഹതാരങ്ങളിൽനിന്നുള്ള ക്രോസുകൾ എത്തിയില്ല. കഴിഞ്ഞ ലോകകപ്പിൽ മധ്യനിരക്കാരൻ ബ്ര‍‍ൂണോ -െഫർണാണ്ടസും റൊണാൾഡോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു.


സഹതാരങ്ങളുടെ പിന്തുണയില്ലാതെ കളത്തിൽ ഉഴറുന്ന താരത്തിന്റെ ദയനീയചിത്രം അന്നും കണ്ടതാണ്‌. കോംഗോയ്‌ക്കെതിരെ റൊണാൾഡോ അവസരം പാഴാക്കിയപ്പോൾ ബ്ര‍‍‍ൂണോ അസ്വസ്ഥനായി.


അടുത്ത കളി 23ന്‌ ഉസ്‌ബെക്കിസ്ഥാനുമായാണ്‌. ലോകത്തിലെ ഏറ്റവും മികച്ച ഗോളടിക്കാരനെ പകരക്കാരനാക്കില്ലെന്ന്‌ കോച്ച്‌ റോബർട്ടോ മാർട്ടിനെസ്‌ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home