ആശുപത്രികളില്‍ വന്‍ തിരക്ക്

കോതമംഗലം താലൂക്കാശുപത്രിയിലെ ഒപിയില്‍ വ്യാഴാഴ്ചത്തെ തിരക്ക്
കൊച്ചി
ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നതോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. താലൂക്കാശുപത്രികളിലും രോഗികളുടെ തിരക്കേറുന്നു. പകർച്ചവ്യാധികളടക്കം വിവിധ രോഗങ്ങള്‍ ബാധിച്ച് നിരവധിപേരാണ് ദിവസവും എത്തുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു.
പല ആശുപത്രികളിലും രോഗികളുടെ നീണ്ടനിരയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെതന്നെ എത്തി ക്യൂവില്‍ നില്‍ക്കാനാവാത്തവര്‍ പകരക്കാരെവരെ നിര്‍ത്തുന്നു. ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളും വൈദ്യപരിശോധനയ്ക്ക് പൊലീസ് എത്തിക്കുന്ന പ്രതികളുമെത്തിയാൽ ഒപിയില്‍ നില്‍ക്കുന്നവര്‍ക്ക് പരിശോധനയും പരിചരണവും ലഭിക്കാന്‍ താമസിക്കുന്നതോടെ വരിനില്‍ക്കുന്നവരുടെ കാത്തിരിപ്പ് നീളും.
ഒപി വിഭാഗം ചീട്ട് നൽകുന്ന കൗണ്ടറുകളിൽ ജീവനക്കാർ കാലതാമസം വരുത്തുന്നതും രോഗികൾ കാത്തുനിന്ന് ബുദ്ധിമുട്ടാന്‍ കാരണമാകുന്നു.
മാലിന്യം നീക്കാതെ തദ്ദേശസ്ഥാപനങ്ങള്‍
ഡെങ്കി അടക്കമുള്ള രോഗങ്ങളുടെ പ്രതിരോധത്തിനായി ആഹ്വാനം ചെയ്ത ഡ്രൈഡേ നടക്കുന്നുണ്ടെങ്കിലും പൊതുഇടങ്ങളില്‍ തള്ളിയ മാലിന്യം തദ്ദേശസ്ഥാപനങ്ങള്‍ പലയിടത്തും നീക്കുന്നില്ല. ജില്ലയില്‍ 1987 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ദിവസങ്ങളായി മഴ മാറിനിന്നിട്ടും മാലിന്യം നീക്കാത്തത് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പിനുകാരണമാകുന്നു. എറണാകുളം നഗരത്തില്‍ തെരുവോരത്തും വ്യക്തികളുടെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും മാലിന്യം വലിച്ചെറിയുന്നുണ്ട്. ഇത്തരം പറമ്പുകള്‍ പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രങ്ങളാകുന്നു.










0 comments