‘മലാല’യിൽനിന്ന് അഭ്രപാളിയിലേക്ക്

അനിൽ ആയഞ്ചേരി [email protected]
Published on Dec 27, 2025, 11:17 PM | 3 min read
മൂന്നാംവയസ്സിൽ നേഴ്സറി കലോത്സവത്തിൽ അരങ്ങേറ്റംകുറിച്ച് വേദികളിൽനിന്ന് വേദികളിലേക്ക് കലാസഞ്ചാരം തുടരുകയാണ് നിഹാരിക. നൃത്തം, നാടകം, സിനിമ, കഥകളി, നങ്ങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, കഥാപ്രസംഗം, മോണോ ആക്ട്, കേരളനടനം തുടങ്ങിയ വിവിധ മേഖലകളിലാണ് കഴിവ് തെളിയിച്ചത്. നിരവധി പുരസ്കാരങ്ങളും നേടി.
മാഹി നാടകപ്പുര എന്ന അമച്വർ നാടകസംഘത്തിന്റെ പ്രവർത്തകനായ മോഹനന്റെയും ഷൈനിയുടെയും മകളാണ് നിഹാരിക. സ്കൂൾ പഠനം അവസാനിക്കുന്നതുവരെ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു.
അഞ്ചുവർഷത്തെ കലാലയപഠനത്തിനിടെ യൂണിവേഴ്സിറ്റി കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. 2016ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഓട്ടൻതുള്ളൽ, നങ്ങ്യാർകൂത്ത്. മോണോ ആക്ട് എന്നീ ഇനങ്ങളിൽ സമ്മാനം നേടി ടോപ്പ് സ്കോററായി സ്വർണമെഡലിന് അർഹയായി. അവസാനമായി പങ്കെടുത്ത യൂണിവേഴ്സിറ്റി കലോത്സവത്തിൽ കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, ഒപ്പന എന്നീ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചു. തുടർന്ന് നാടകമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
ആറാംവയസ്സിൽ ‘ഒരു പത്തുപൈസ വട്ടം’ എന്ന നാടകത്തിലെ അഭിനയം നിഹാരികയുടെ അഭിനയജീവിതത്തിലെ ചുവടുവയ്പായി. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത എല്ലാ വർഷങ്ങളിലും സബ് ജില്ലയിലും ജില്ലയിലും മികച്ച നടിയായി. സ്കൂൾ നാടകങ്ങളുടെ അവതരണം മത്സരവേദികളിൽമാത്രം ഒതുങ്ങിപ്പോകുന്നതായും പിന്നീട് ഒരവസരം കിട്ടുന്നില്ലെന്നും മനസ്സിലാക്കിയ നിഹാരിക, മറ്റ് വേദികളിലുംകൂടി അവതരിപ്പിക്കാൻ കഴിയുന്ന ഒരു നാടകത്തിന് 13–ാംവയസ്സിൽ അച്ഛൻ മോഹനന്റെ സഹായത്തോടെ അരങ്ങിലെത്തിച്ചു. ഒരുമണിക്കൂർ ദൈർഘ്യമുള്ള ‘മലാല അക്ഷരങ്ങളുടെ മാലാഖ’ എന്ന ഏകപാത്ര നാടകമായിരുന്നു അത്. നിഹാരികയുടെ അഭിനയമികവുകൊണ്ട് ഈ നാടകത്തിന് കേരളത്തിനകത്തും പുറത്തും നിരവധി വേദികളുണ്ടായി.
നൂറിലധികം വേദികളിൽ അവതരിപ്പിച്ചതിന് നാഷണൽ റെക്കോഡിന് അർഹത നേടി. പ്രശസ്ത നാടകരചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ രചിച്ച് ഡോ. സാംകുട്ടി പട്ടംകരി സംവിധാനം ചെയ്ത ഈ നാടകത്തിന്റെ ഗാനരചന രമേശ് കാവിലും സംഗീതം ഡോ. പ്രശാന്ത് കൃഷ്ണനുമാണ് നിർവഹിച്ചത്. സംസ്ഥാന കേരളോത്സവത്തിൽ ഹിന്ദി, മലയാളം നാടകങ്ങളിൽ ഒന്നാംസ്ഥാനം നേടി മികച്ച നടിയായി നിഹാരിക തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ഗോപാൽ റാവു ജോഷിയുടെ ജീവിതകഥയെ ആസ്പദമാക്കി തയ്യാറാക്കിയ ആനന്ദി എന്ന ദ്വിപാത്ര നാടകത്തിൽ നിഹാരിക, ആനന്ദി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. ഗിരീഷ് ഗ്രാമിക രചനയും അരുൺ പ്രിയദർശൻ സംവിധാനവും നിർവഹിച്ച് ഇപ്പോൾ വേദികളിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന, മാഹി നാടകപ്പുരയുടെ ഏറ്റവും പുതിയ നാടകമായ ‘ഒരു പലസ്തീൻ കോമാളി’യിൽ നിഹാരിക പ്രധാന കഥാപാത്രമായി വേഷമിടുന്നു.
സിനിമയിലേക്ക്
ഒരു ഏകപാത്ര നാടകം നൂറ് വേദികൾ പിന്നിട്ടതിന് യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ നാഷണൽ റെക്കോഡ് നേടി. കേരള സർക്കാരിന്റെ പ്രഥമ ഉജ്വലബാല്യം അവാർഡ്, കുഞ്ചൻ പുരസ്കാരം ‘ഗുരു ഗോപിനാഥ് നടനതിലകം’ പുരസ്കാരം എന്നിവയും നിഹാരികയ്‌ക്ക് ലഭിച്ചു.
ആദ്യമായി കാമറയ്‌ക്കുമുന്നിൽ നിൽക്കുന്നത് എട്ടാംവയസ്സിലാണ്. മമ്മൂട്ടി ചിത്രമായ യുഗപുരുഷനിൽ ബാലതാരമായി. പിന്നീട് ജയറാം ചിത്രമായ മൈ ബിഗ് ഫാദറിലും ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗതറിലും പ്രദീപ് ചൊക്ലിയുടെ പേടിത്തൊണ്ടൻ എന്ന ചിത്രത്തിലും നിവിൻ പോളിയോടൊപ്പം ഒരു വടക്കൻ സെൽഫിയിലും ബാലതാരമായി.
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വിശ്വാസപൂർവം മൻസൂറി’ൽ ഒരു ക്യാരക്ടർ റോൾ ചെയ്യാനും നിഹാരികയ്‌ക്ക് കഴിഞ്ഞു. ഏകപാത്രനാടകം മലാല കാണാനിടയായ വിനയൻ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയും കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു. 2018ൽ റിലീസായ ഈ ചിത്രത്തിലെ അഭിനയം നിഹാരികയ്‌ക്ക് വഴിത്തിരിവായി. തുടർന്ന് ആകാശഗംഗ 2ൽ പ്രധാന വേഷം ചെയ്തു. ശ്രീ ഗോകുലം മൂവീസിന്റെ വരാനിരിക്കുന്ന പുതിയ ചിത്രത്തിലും നിഹാരിക അഭിനയിച്ചിട്ടുണ്ട്. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അഭിനയസാധ്യത കൂടുതലുള്ള നാടകമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും നിഹാരിക പറഞ്ഞു.
ഗുരുക്കന്മാർ
നങ്ങ്യാർകൂത്ത് കലാമണ്ഡലം പ്രസന്നകുമാരിയിൽനിന്നും കഥകളി കലാമണ്ഡലം വെങ്കിട്ടരാമൻ, കലാമണ്ഡലം നാരായണൻകുട്ടി ആശാൻ എന്നിവരിൽനിന്നും ഓട്ടൻതുള്ളൽ കലാമണ്ഡലം മഹേന്ദ്രനിൽനിന്നുമാണ് അഭ്യസിച്ചത്. മോണോ ആക്ട് മുരുകേഷ് കാക്കൂർ സത്യൻ മുദ്ര, സവ്യസായി, സുരേഷ് ചെണ്ടയാട് എന്നിവരിൽനിന്ന് പഠിച്ചു. കലാമണ്ഡലം ലീലാമണി ടീച്ചർ, ഷീജ ശിവദാസ് എന്നിവരാണ് നിഹാരികയുടെ നൃത്താധ്യാപികമാർ. സംഗീതത്തിൽ പവിത്രൻ മാഹി, വയലിനിൽ രാജേഷ് കൊയിലാണ്ടി, കേരളനടനത്തിൽ ആശിഷ് പയ്യന്നൂർ എന്നിവർ ഗുരുക്കന്മാരായി.
കെ എൻ കീപ്പേരി മാഷിൽനിന്ന് കഥാപ്രസംഗവും അഭ്യസിച്ചു. മാഹിക്കടുത്ത് ചൊക്ലിയിൽ താമസിക്കുന്ന നിഹാരിക കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽനിന്ന് ഡെവലപ്മെന്റ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഇപ്പോൾ സൈക്കോളജിയിൽ ഒരു പിജികൂടി ചെയ്യുകയാണ്. പഠനത്തോടൊപ്പം തന്റെ കലാപ്രവർത്തനവും സജീവമായി കൊണ്ടുപോകാൻതന്നെയാണ് നിഹാരികയുടെ തീരുമാനം.










0 comments