മെട്രോ രൂപരേഖയിൽ എതിർപ്പുമായി വ്യാപാരികൾ

അങ്കമാലി
മെട്രോ റെയിൽ മൂന്നാംഘട്ടം വിമാനത്താവളം വഴി അങ്കമാലിയിൽ എത്തിച്ചേരുന്നത് അപ്രായോഗികമാണെന്ന് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയറ്റ് യോഗം.
ഒട്ടേറെ യാത്രക്കാരുള്ള ദേശീയപാതയിലൂടെയാണ് മെട്രോ വേണ്ടത്. ടെൽക്, ഇൻഡസ്ട്രിയൽ ഏരിയ, ഇൻകെൽ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ മേഖലകളെ ബന്ധിപ്പിച്ചുള്ള പാതയാണ് പ്രായോഗികം.
വിമാനത്താവളത്തിലേക്ക് അത്താണിയിൽനിന്ന് മറ്റൊരു ലൈൻകൂടി ആകാവുന്നതാണ്. 10 ശതമാനം മാത്രം യാത്രക്കാരുള്ള വിമാനത്താവളത്തിനുവേണ്ടി, ഭൂരിപക്ഷം യാത്രക്കാരുള്ള മേഖലകളെ അവഗണിക്കുന്നത് കോർപറേറ്റ് ഭീമൻമാരെ സഹായിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ് എൻ വി പോളച്ചൻ അധ്യക്ഷനായി. ജനറൽസെക്രട്ടറി ഡെന്നി പോൾ, ട്രഷറർ ജോഷി ജോർജ്, വൈസ് പ്രസിഡന്റുമാരായ ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ്, സെക്രട്ടറിമാരായ മനോജ് അലക്സ്, ജോബി നെല്ലിശേരി എന്നിവർ സംസാരിച്ചു.
റെയിൽവേ സ്‌റ്റേഷൻ ഒഴിവാക്കിയ മെട്രോ രൂപരേഖ പുനഃപരിശോധിക്കണം
അങ്കമാലി
കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിന്റെ വിശദപദ്ധതി രേഖയിൽ അങ്കമാലി റെയിൽവേ സ്റ്റേഷനും മുനിസിപ്പൽ ബസ് സ്റ്റാൻഡും ഒഴിവാക്കിക്കൊണ്ടുള്ള അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നഗരത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ മാറി 38 വർഷമായി റെയിൽവേ സ്റ്റേഷനോടുചേർന്ന് പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡിൽനിന്നുമാണ് സമീപ പട്ടണങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും 130ലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.
വടക്കൻ ജില്ലകളിൽനിന്ന് ട്രെയിനിൽ എത്തുന്ന യാത്രക്കാർക്ക് ഏറ്റവും പ്രയോജനകരമാകുന്ന അവസരമാണ് ഇപ്പോഴത്തെ അലൈൻമെന്റ് വഴി ഇല്ലാതാകുന്നത്. റെയിൽവേ സ്റ്റേഷന് സമീപത്തെ മെട്രോ സ്‌റ്റേഷൻ ഏറ്റവുമധികം യാത്രക്കാരെ ലഭിക്കാവുന്നതായി മാറും. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം പതിന്മടങ്ങ് വർധിക്കുകയും ചെയ്യും.
അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബസംഗമവും ഓണാഘോഷവും നടത്തി.
പ്രസിഡന്റ് എ പി ജിബി അധ്യക്ഷനായി. ഉന്നതവിജയികളെ അനുമോദിച്ചു. സെക്രട്ടറി ബി ഒ ഡേവിസ്, ടി എസ് സിജുകുമാർ, നവീൻ ജോൺ എന്നിവർ സംസാരിച്ചു.










0 comments