ad
Deshabhimani

വേതനം മുടങ്ങിയിട്ട്‌ 2 മാസം

കരാർ തൊഴിലാളികൾ പണിമുടക്കി; ദേശീയപാത നിർമാണം നിലച്ചു

രണ്ടുമാസമായി വേതനം കിട്ടാത്തതിൽ പ്രതിഷേധിച്ച്  കണ്ണൂരിൽ ദേശീയ പാത നിർമാണ തൊഴിലാളികൾ  കണ്ണൂർ വിശ്വ സമുദ്ര കമ്പനിയുടെ താൽക്കാലിക ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധം
വെബ് ഡെസ്ക്

Published on Sep 04, 2026, 02:00 AM | 1 min read

കണ്ണൂർ

ദേശീയപാത നിര്‍മാണ ജോലികൾ ചെയ്യുന്ന അതിഥിത്തൊഴിലാളികൾ ശമ്പളം മുടങ്ങിയതോടെ പണിമുടക്കി; ദേശീയപാതാ നിർമാണം നിലച്ചു. ദേശീയപാത 66ൽ കണ്ണൂർ ജില്ലയിലെ തളിപ്പറന്പ്‌ കുറ്റിക്കോൽ മുതൽ നടാൽ വരെയുള്ള റീച്ചിന്റെ നിർമാണ പ്രവൃത്തികളാണ്‌ തൊഴിലാളി പണിമുടക്കിൽ നിലച്ചത്‌. ഇ‍ൗ റീച്ചിലെ കരാർ ഏജൻസിയായ വിശ്വസമുദ്രയിലെ തൊഴിലാളികളാണ് രണ്ടുമാസത്തെ ശന്പളം ആവശ്യപ്പെട്ട്‌ വ്യാഴാഴ്ച രാവിലെ പണിമുടക്ക്‌ ആരംഭിച്ചത്‌. കാട്ടാമ്പള്ളി കോട്ടക്കുന്നിലെ കരാർ ഏജൻസി ഓഫീസിൽ പണിമുടക്കിയ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്തി. ജൂലൈ, ആഗസ്ത് മാസത്തെ ശമ്പളമാണ്‌ മുടങ്ങിയത്‌. നിർമാണ പ്രവൃത്തികൾക്കായി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ലോറി ഉടമകൾക്കും ഏഴു മാസമായി തുക ലഭിച്ചില്ലെന്നും പരാതിയുണ്ട്. ​നിർമാണ തൊഴിലാളികള്‍, ഡ്രൈവർ, ഹെൽപർ, മെക്കാനിക്, ഇലക്ട്രീഷ്യൻ, പാചകക്കാർ ഉൾപ്പെടെ 500ലേറെ പേർക്കാണ് രണ്ട് മാസമായി ശമ്പളം ലഭിക്കാത്തത്. ഇതിൽ ചില തസ്തികകളില്‍ തൊഴിലാളികളിൽനിന്ന്‌ മെസ്‌ ഫീസായി 4,000 രൂപയും താമസ സൗകര്യത്തിന് 3,000 രൂപയും ശമ്പളത്തിൽനിന്നും പിടിക്കാറുണ്ട്‌. അന്ധ്രാപ്രദേശ്, ഒറീസ, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഏറെയും. കെഎസ്എസ്എല്‍പിഎല്‍, ആര്‍ആര്‍, വസിഷ്ട തുടങ്ങിയ ലേബര്‍ കമ്പനികളാണ് ദേശീയപാത നിര്‍മാണത്തിന്‌ തൊഴിലാളികളെ വിതരണം ചെയ്യുന്നത്. മഴക്കാലത്ത്‌ നിര്‍മാണ പ്രവൃത്തി നടത്താന്‍ സാധിച്ചില്ലെന്നും ചെറിയതോതിലുള്ള ജോലികള്‍ മാത്രമാണ് നടന്നതെന്നുമാണ്‌ ശമ്പളം വൈകിയതിന്‌ വിശ്വസമുദ്ര മാനേജ്മെന്റിന്റെ വിശദീകരണം. വിശ്വസമുദ്രയുടെ കീഴില്‍ ജോലി ചെയ്യുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിലെ റീച്ചുകളുടെ നിർമാണ തൊളിലാളികളും ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് നേരത്തെ സമരത്തിനിറങ്ങിയിരുന്നു. ഇതോടെയാണ്‌ തൊഴിലാളികള്‍ക്ക് കുടിശിക തുകയുൾപ്പെടെ വിതരണംചെയ്‌തത്‌. പ്രതിഷേധ സ്ഥലത്തെത്തിയ കെ വി സുമേഷ് എംഎല്‍എ തൊഴിലാളികളുമായി സംസാരിച്ചു. തുടര്‍ന്ന് വളപട്ടണം എസ്ഐ ടി എം വിപിനൊപ്പം എംഎൽഎ കമ്പനി പ്രതിനിധികളുമായും സംസാരിച്ചു. ഒരു മാസത്തെ ശമ്പളം വെള്ളിയാഴ്ചയും ശേഷിക്കുന്ന തുക പിന്നീടും നല്‍കാമെന്നും മാനേജുമെന്റ്‌ പ്രതിനിധികള്‍ അറിയിച്ചതോടെ രാത്രി സമരം അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home