ജില്ലാതല ഉദ്‌ഘാടനം വൈക്കം ഗവ. എച്ച്‌എസ്‌എസിൽ

കോട്ടയം രാജ്യത്തെതന്നെ ഏറ്റവും വലിയ സ്‌കൂൾ ക്വിസ് മത്സരമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം വൈക്കം വടക്കേനട ഗവ. എച്ച്‌എസ്‌എസിൽ നടക്കും. പകൽ ഒന്നിന് ഗായിക വൈക്കം വിജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യും. ഹാസ്യ കലാകാരൻ വൈക്കം ഭാസി പങ്കെടുക്കും. വിജ്ഞാനലോകത്തേക്കുള്ള കവാടം വിദ്യാർഥികൾക്ക് തുറന്നുനൽകുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ ആദ്യഘട്ടമായ സ്‌കൂൾതല മത്സരങ്ങൾ ഒമ്പതിനാണ്. പകൽ രണ്ടിന് മത്സരം ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ, ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ഹയർ സെക്കൻഡറി വിഭാഗത്തിന് മാത്രമായി പ്രസംഗമത്സരം നടത്തും. സ്‌കൂൾതലത്തിൽ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർഥിക്ക് ഉപജില്ലാതല പ്രസംഗമത്സരത്തിൽ പങ്കെടുക്കാം. ഉപജില്ലാതല മത്സരങ്ങൾ ഒക്‌ടോബർ 10നും ജില്ലാതല മത്സരം ഒക്‌ടോബർ 25നും നടക്കും. നവംബർ 15നാണ് സംസ്ഥാനതല മത്സരം.










0 comments