കാസർകോട് റെയിൽവേ സ്‌റ്റേഷൻ
മേൽനടപ്പാലം അടച്ചിട്ട് ഒരുമാസം യാത്രക്കാർ നെട്ടോട്ടത്തിൽ

കാസർകോട്
കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ വടക്കുഭാഗത്തുള്ള മേൽനടപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് മാസം ഒന്നായി. പ്ലാറ്റുഫോമുകൾ കടക്കാൻ യാത്രക്കാർ നെട്ടോട്ടത്തിൽ. അടച്ചിട്ട മേൽ നടപ്പാലത്തിന് വടക്കുഭാഗത്ത് നിർമിക്കുന്ന പുതിയ പാലത്തിന്റെ പണി ഇനിയും പൂർത്തിയായില്ല. അടച്ചിട്ട മേൽപ്പാലത്തിൽ കാര്യമായ അറ്റകുറ്റപ്പണി നടക്കുന്നതും ഇവിടെ കാണാനാവുന്നില്ല. പുതിയനടപ്പാലം തുറന്നുകൊടുക്കുംമുന്പേ നിലവിലുള്ള പാലം അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ടതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഒന്നാം പ്ലാറ്റ്‌ഫോമിൽ പാലത്തിന്റെ പടി അടക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് രണ്ടിലേക്കും തിരിച്ചും യാത്രക്കാർക്കുള്ള ആശ്രയം തെക്കുഭാഗത്തുള്ള മേൽ നടപ്പാലം മാത്രമാണ്. രണ്ടാം പ്ലാറ്റ് ഫോമിൽ ഏറ്റവും മുന്നിൽ എൻജിൻ ഭാഗത്തുള്ള കന്പാർട്ടുമെന്റുകളിൽ വന്നിറങ്ങുന്ന യാത്രക്കാർ ഒന്നാം പ്ലാറ്റ്‌ഫോമിലെ പ്രധാന പ്രവേശന കവാടം വഴി പുറത്തിറങ്ങണമെങ്കിൽ ഒരു കിലോമീറ്ററിനടുത്ത് പ്ലാറ്റ്‌ഫോമിലൂടെ നടക്കണം. പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള മേൽ നടപ്പാലമായതിനാൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത് വടക്കുഭാഗത്തുള്ള മേൽനടപ്പാലമാണിത്. പുറത്തുനിന്ന് നേരിട്ട് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള പടികൾ ഇൗ പാലത്തിന്റെ ഭാഗമാണ്. ഇത് അടച്ചിട്ടില്ല. രണ്ടാം പ്ലാറ്റ് ഫോമിൽനിന്ന് കയറുന്ന പടിക്കെട്ടും അടച്ചില്ല. ഇൗ ഭാഗത്ത് സൂചനാ ബോർഡ് ഇല്ലാത്തതിനാൽ മേൽനടപ്പാലം അടച്ചതറിയാതെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് പോകേണ്ട യാത്രക്കാർ ഇതുവഴി കയറുന്നത് പതിവാണ്. മുകളിലെത്തിയാലാണ് അടച്ചഭാഗം ശ്രദ്ധയിൽപെടുക. പിന്നീട് തിരിച്ചിറങ്ങി തെക്കുഭാഗത്തുള്ള പാലംവഴി വേണം ഇവർക്ക് പോകാൻ. ഇതുകാരണം യാത്രക്കാർക്ക് സമയനഷ്ടവും ഏറെ. തെക്കുഭാഗത്തുള്ള മേൽനടപ്പാലത്തിനും പടിക്കെട്ടിനും വിസ്‌തൃതി കൂടുതലുണ്ടെങ്കിലും ചിലനേരത്ത് ഇവിടെ തിരക്ക് വർധിക്കുന്നുണ്ട്.










0 comments