എൽഡിഎഫ് സർക്കാരിന്റെ നേട്ടത്തിനൊപ്പം ചേർക്കാൻ
സൂപ്പറാകും കാസർകോട്– കാഞ്ഞങ്ങാട് സംസ്ഥാനപാത

ഉദുമ
എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടമായി കാസർകോട്–കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാതയും ബിറ്റുമിൻ കോൺക്രീറ്റ്ചെയ്ത് നവീകരിക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന സി എച്ച് കുഞ്ഞമ്പുവിന്റെ ഇടപെടലിന്റെ ഭാഗമായാണ് 38 കോടി രൂപ ചെലവിൽ 27.780 കിലോമീറ്റര്‍ കെഎസ്ടിപി റോഡ് ബിറ്റുമിനസ് കോൺക്രീറ്റ് മേൽപാളി വിരിച്ച് നവീകരിക്കുന്നതിന് ധ്രുതഗതിയിൽ പണിയാരംഭിച്ചത്. മൂന്നര കിലോമീറ്റർ ബിറ്റുമിനസും കൾവർട്ട് നിർമാണവും ഏറെക്കുറെ മഴക്കാലാരംഭത്തിന് മുമ്പേ പൂർത്തിയായതാണ്. ഇതിനിടെ നിയസഭ തെരഞ്ഞെടുപ്പും, കാലവർഷവും കൂടാതെ ടാർ ഉൾപ്പെടെയുള്ള അസംസ്കൃത ഉൽപ്പന്നങ്ങളുടെ അമിതവിലവർധനയുമെല്ലാം കാരണം ചെറിയ വേഗതക്കുറവുണ്ടായെങ്കിലും പ്രവൃത്തി വീണ്ടും വേഗത്തിൽ പുരോഗമിക്കുകയാണ്. ബേക്കൽപാലം അപ്രോച്ച് റോഡ് താഴ്ത്തി നവീകരണ പ്രവൃത്തി ധ്രുതഗതിയിൽ നടന്നുവരുന്നു. ചൊവ്വ മുതൽ 40 ദിവസത്തേക്ക് അടച്ചിട്ടിരിക്കുന്ന പള്ളിക്കര മേൽപ്പാലത്തിലെ അറ്റക്കുറ്റപ്പണി പൊതുമരാമത്ത് പാലം വിഭാഗം പൂർത്തിയാക്കുന്നതോടെ പദ്ധതിയിൽപ്പെടുത്തി ബിറ്റുമിനസ് കോൺക്രീറ്റ്ചെയ്യും. നിലവിലുള്ള റോഡിന്റെ ഉപരിതലത്തിന് മുകളിലുള്ള മേൽപാളിക്ക്, അല്ലെങ്കിൽ പാലത്തിന്റെ ഡെക്ക് സ്ലാബിന് മുകളിൽ 40 മില്ലീമീറ്റർ കനത്തിലും, മറ്റു ഭാഗങ്ങളിൽ സാധാരണ കനമായ 30 മില്ലീമീറ്ററിലും ആയിരിക്കും ബിറ്റുമിൻ പാളികൾ നിർമിക്കുക. കോൺക്രീറ്റ് റോഡിന്റെ കനം അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും. കാഞ്ഞങ്ങാട് ഭാഗങ്ങളിൽ ഇന്റർലോക്ക് പ്രവൃത്തി നടന്നുവരുന്നു. ചേറ്റുകുണ്ട്, തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിൽ ഓവുചാലും പൂർത്തിയായതാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം. റോഡ് കടന്നുപോകുന്ന ചില ടൗണുകളും ഇതിന്റെ ഭാഗമായി ഇൻ്റർലോക്ക് ചെയ്ത് അഭിവൃദ്ധിപ്പെടുത്താനാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളിൽ ബിറ്റുമിനസ് മെക്കാഡം അറ്റകുറ്റപണിയും നടത്തും. കീഴൂർ, ബേക്കൽ, തൃക്കണ്ണാട്, അജാനൂർ ഉൾപ്പെടെയുള്ള മത്സ്യബന്ധന മേഖലകൾ, ബേക്കൽ, ചന്ദ്രഗിരി കോട്ട, പള്ളിക്കര, ബേവൂരി ബീച്ചുകൾ, മൂന്നു പഞ്ചനക്ഷത്ര ഹോട്ടുകൾ കൂടാതെ ചരിത്ര പ്രസിദ്ധമായ ആരാധനാലയങ്ങളുമെല്ലാം ഉൾപ്പെടുന്ന കാഞ്ഞങ്ങാട് - കാസർകോട് തീരദേശം കേരളത്തിലെ തന്നെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയാണ്. ഉറപ്പുള്ളതും മനോഹരവുമായ പാത ടൂറിസത്തിനും മുതൽകൂട്ടാകും.










0 comments