സ്‌കൂൾ ലൈബ്രറികളുടെ ആഗോളതലപ്പത്ത് കണ്ണൂരുകാരൻ

കണ്ണൂർ
സ്‌കൂൾ ലൈബ്രറികളുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സ്‌കൂൾ ലൈബ്രേറിയൻഷിപ്പിന്റെ തലപ്പത്ത് കണ്ണൂർ സ്വദേശി. പശ്‌ചിമേഷ്യ–ആഫ്രിക്കൻ റീജൺ ഡയറക്ടറായാണ് മലപ്പട്ടം സ്വദേശി എം ഒ രഘുനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ഇൗ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് രഘുനാഥ്. ലോകമെമ്പാടുമുള്ള സ്കൂൾ ലൈബ്രറികളെയും ലൈബ്രേറിയന്മാരെയും പരിപോഷിപ്പിക്കുന്നതിന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അസോസിയേഷനാണ് ഐഎഎസ്‌എൽ. 2015 മുതൽ ഇതിൽ അംഗമാണ് രഘുനാഥ്. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യ ഉൾപ്പെടാത്ത മേഖലയുടെ ഡയറക്ടർ പദവിയിൽ പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് എഴുത്തുകാരൻ കൂടിയായ രഘുനാഥ്. യുഎഇയിലെ ജെംസ് എഡ്യുക്കേഷനിൽ മുഖ്യലൈബ്രേറിയനാണ്. ആറു വൻകരകളിൽനിന്നുള്ള അറുപത് രാജ്യങ്ങളിലെ 66 വിദ്യാർഥികളുടെ കഥകൾ ഉൾപ്പെടുത്തി രഘുനാഥ് എഡിറ്റ് ചെയ്‌ത ‘വിസ്‌പേഴ്‌സ് ഓഫ് വണ്ടർലസ്‌റ്റ്’ ലോക റെക്കോഡ് നേടിയിരുന്നു. ഒരു കഥാസമാഹാരത്തിനായി ഏറ്റവും കൂടുതൽ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ അണിനിരത്തിയ പുസ്‌തകം എന്ന നിലയ്-ക്കാണ് പുരസ്‌കാരം. എസ്‌എഫ്‌ഐ നേതാവായിരുന്ന രഘുനാഥ് 2003–04 കാലയളവിൽ കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. ഇപ്പോൾ കുടുംബസമേതം ദുബായിൽ താമസം. മലയാളം മിഷൻ ദുബായ് ചാപ്‌റ്റർ അംഗമാണ്. ലൈബ്രേറിയൻ മരിച്ചിട്ടില്ല, ലേബർ ക്യാന്പിലെ തലയണകൾ, പല നിറങ്ങൾ, ഒരു പൂക്കളം, മണലുടുപ്പിലെ മഞ്ഞുടലുകൾ, പാടി ഒരു സ്‌നേഹസ്‌പർശം തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഇൗന്തപ്പന– മരുഭൂമിയുടെ ജീവവൃക്ഷം എന്ന പഠനഗ്രന്ഥവും രചിച്ചു. നിരവധി പുസ്‌തകങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചു.










0 comments