പാലക്കാട് മെഡിക്കൽ കോളേജ്
സമരം ശക്തമാക്കി ഹൗസ് സർജൻമാർ

പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ വിദ്യാർഥികളുടെ സമരത്തിന് പിന്തുണ അറിയിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എത്തിയപ്പോൾ

സ്വന്തം ലേഖകൻ
Published on Sep 04, 2026, 01:24 AM | 1 min read
പാലക്കാട്
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ആവശ്യമായ മരുന്നും സജ്ജീകരണങ്ങളുമില്ലാത്തതിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം ശക്തമാക്കി ഹൗസ് സർജൻ വിദ്യാർഥികൾ. അനിശ്ചിതകാല സമരത്തിന്റെ മൂന്നാംദിവസം നടത്തിയ ചർച്ചയിൽ ഡയറക്‌ടർ ഒ കെ മണി ഹൗസ് സർജൻമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പറഞ്ഞു. എന്നാൽ മന്ത്രിയോ സർക്കാർ പ്രതിനിധികളോ ഉറപ്പുനൽകാതെ സമരം പിൻവലിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എംബിബിഎസ് വിദ്യാർഥികളും രംഗത്തുണ്ട്. മന്ത്രി നേരിട്ട് ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ഹൗസ് സർജൻ അസോസിയേഷൻ അറിയിച്ചു. അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ മരുന്നുകളെത്തിക്കുക, ബാറ്ററിയുടെ തകരാർ കാരണം പ്രവർത്തനരഹിതമായ എക്‌സ്‌റേ പ്രവർത്തനക്ഷമമാക്കുക, സിടി സ്കാൻ സൗകര്യം ഒരുക്കുക, മേൽനോട്ട കമ്മിറ്റി പുനഃസംഘടിപ്പിക്കുക, ഉത്തരവാദിത്വങ്ങൾ നിർവേറ്റുന്നതിൽ വീഴ്‌ചവരുത്തിയ സൂപ്രണ്ട്, കാഷ്വാലിറ്റി സൂപ്രണ്ട്, ആർഎംഒ, ഡെപ്യൂട്ടി സൂപ്രണ്ട് തുടങ്ങിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വ്യാഴാഴ്‌ച സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സമരക്കാരുമായി ചർച്ച നടത്തി. സമരത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. സർക്കാർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും പരിഹാരം ഉണ്ടാക്കണമെന്നും സുരേഷ്‌ബാബു ആവശ്യപ്പെട്ടു. എ പ്രഭാകരൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ആർ മുരളി, ഡോ. പി സരിൻ എന്നിവരും ഒപ്പമുണ്ടായി. ഡയറക്ടർ ഒ കെ മണിയുമായും സുരേഷ്‌ബാബു ചർച്ചനടത്തി. തിങ്കൾ രാത്രി ഹൗസ്‌സർജൻ വിദ്യാർഥികൾ സഞ്ചരിച്ച സ്‌കൂട്ടർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനുമുന്നിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ടുപേരുടെ കൈകാലുകളിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും എക്‌സ്‌റേ സംവിധാനവും മരുന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതോടെയാണ് ഹൗസ്‌സർജൻ അസോസിയേഷൻ സമരത്തിലേക്ക് നീങ്ങിയത്.










0 comments