ad
Deshabhimani

പി ടി 5 ജനവാസ മേഖലയിൽത്തന്നെ

ഒരേക്കർ നെൽകൃഷി നശിപ്പിച്ചു

കഞ്ചിക്കോട് പന്നിമടയിൽ അജിത്കുമാറിന്റെ കൃഷിയിടത്തിലെത്തിയ പി ടി 5

കഞ്ചിക്കോട് പന്നിമടയിൽ അജിത്കുമാറിന്റെ കൃഷിയിടത്തിലെത്തിയ പി ടി 5

വെബ് ഡെസ്ക്

Published on Sep 04, 2026, 01:16 AM | 1 min read

കഞ്ചിക്കോട്

കഞ്ചിക്കോട് – മലമ്പുഴ റോഡിൽ പന്നിമടയിൽ ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാൻ പി ടി 5 ഒരേക്കർ നെൽകൃഷി ചവിട്ടിമെതിച്ചു നശിപ്പിച്ചു. പ്രദേശവാസിയായ അജിത്കുമാറിന്റെ കൃഷിയിടത്തിലാണ്‌ വ്യാഴം രാവിലെ ആറിന് ആനയിറങ്ങി വ്യാപക നാശനഷ്‌ടമുണ്ടാക്കിയത്‌. ഒരു മണിക്കൂർ പ്രദേശത്ത് തമ്പടിച്ച ഒറ്റയാനെ വനംവകുപ്പ് വാച്ചർമാരെത്തി പടക്കമെറിഞ്ഞാണ് തുരത്തിയത്. കാഴ്ചശക്തി കുറവുള്ള ഒറ്റയാൻ ഒരിടവേളയ്‌ക്കുശേഷമാണ് വീണ്ടും ജനവാസ മേഖലയിലിറങ്ങിയത്. നിലവിൽ അപകടകാരിയായ പി ടി 5 എന്ന ചുരുളിക്കൊമ്പൻ പന്നിമട റെയിൽവേ പാളത്തിനുസമീപമാണ് കൂടുതൽ സമയവും നിലയുറപ്പിച്ചിട്ടുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും പടക്കമെറിഞ്ഞാണ് ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നത്. വന്യമൃഗശല്യം രൂക്ഷമായതോടെ പുതുശേരി പഞ്ചായത്തിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്‌. കഴിഞ്ഞ മാസമാണ് വാളയാർ അതിർത്തിയിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയും ചരിഞ്ഞത്. ഒരാഴ്ച മുമ്പ് പുതുശേരി വേനോലിയിൽ പുലി എരുമയെ പിടികൂടി ഭക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പുതുശേരി പഞ്ചായത്ത് ഓഫീസിനുസമീപം തമിഴ്നാട്ടിൽനിന്നെത്തിയ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തുടരെത്തുടരെ കൃഷിനാശമുണ്ടായിട്ടും വനംവകുപ്പിന്റെ ഇടപെടൽ ശാശ്വതമല്ലെന്ന് കർഷകർ പറയുന്നു.


വട്ടപ്പാറയിലും ആനക്കൂട്ടത്തിന്റെ ആക്രമണം

വാളയാർ

വട്ടപ്പാറ ജനവാസമേഖലയെ ഭീതിയിലാക്കി കാട്ടാനക്കൂട്ടമെത്തി. വ്യാഴം പുലർച്ചെ ആറ്റുപ്പതിയിൽ പുഷ്പരാജിന്റെ ഒന്നര ഏക്കർ മരച്ചീനി കൃഷി നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ മരച്ചീനി ആനകൾ ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ച നിലയിലാണ്. രണ്ടുലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ട്‌. അഞ്ച് ഏക്കറിലേറെ നെൽക്കൃഷിയും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ഒന്നര മാസമായി രാത്രികാലങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. തമിഴ്നാട്ടിൽനിന്നെത്തിയ അണ്ണാച്ചിക്കൊമ്പനാണ്‌ സ്ഥിരമായി ജനവാസമേഖലയിലേക്ക് എത്തിയിരുന്നത്. എന്നാൽ, ഇടവേളയ്ക്കുശേഷം വീണ്ടും മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് കൃഷി ഇറക്കുന്നത്. വിളവെടുപ്പ് സമയത്തുണ്ടായ ഈ നാശനഷ്ടം താങ്ങാവുന്നതിലും അപ്പുറമാണെന്ന്‌ കർഷകർ പറയുന്നു. സ്ഥലത്ത് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആനക്കൂട്ടത്തെ തുരത്താനാകുന്നില്ല. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും രാത്രി ജോലി കഴിഞ്ഞെത്തുന്ന വ്യവസായ മേഖലയിലെ തൊഴിലാളികളും ഭീതിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home