സാമൂഹ്യവിരുദ്ധരുടെ താവളമായി പെരുന്പാവൂർ നഗരസഭ ക്വാർട്ടേഴ്സ്

സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയുടെയും എൻജിനീയറുടെയും ക്വാർട്ടേഴ്സ്
പെരുമ്പാവൂർ
നഗരസഭ ക്വാർട്ടേഴ്സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികൾ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.
നഗരസഭ സെക്രട്ടറിക്കും മുനിസിപ്പൽ എൻജിനീയർക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാർട്ടേഴ്സുകളാണ് നിലവിലുള്ളത്. എന്നാൽ, വർഷങ്ങളായി ക്വാർട്ടേഴ്സുകൾ താമസക്കാർ ഇല്ലാതെ അനാഥമാണ്. നഗരസഭ എൻജിനീയറിങ് വിഭാഗമോ, ആരോഗ്യവിഭാഗമോ ഈ പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല. കാടുപിടിച്ചുകിടക്കുന്നതുമൂലം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധരും മയക്കുമരുന്നു കച്ചവടക്കാരും മയക്കുമരുന്ന് ഉപഭോക്താക്കളും ക്വാർട്ടേഴ്സുകൾ കൈയേറി യഥേഷ്ടം ഉപയോഗിക്കുകയാണ്. അതിഥിത്തൊഴിലാളികളും മയക്കുമരുന്നിന് അടിമകളായവരും സ്ഥിരതാവളമാക്കിയ സാഹചര്യത്തിൽ പ്രദേശവാസികൾ ഭയപ്പാടോടെയാണ് കഴിയുന്നത്.
രാത്രികാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതുമൂലം കാൽനടക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് മോടിപിടിപ്പിക്കുകയും അറ്റകുറ്റപ്പണി പൂർത്തീകരിച്ച ക്വാർട്ടേഴ്സുകളിലെ ഇലക്ട്രിക് വയറിങ്ങുകളും പൈപ്പുകളും ടാപ്പുകളും എല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇതൊന്നും നഗരസഭ ഭരണാധികാരികളുടെ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല എന്നുള്ളത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർക്കായി അനുവദിക്കപ്പെട്ടിട്ടുള്ള ക്വാർട്ടേഴ്സ് അവർക്കാവശ്യമില്ലെങ്കിൽ സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാൻ വിട്ടുകൊടുക്കാതെ മറ്റെന്തെങ്കിലും സംവിധാനം ഏർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.










0 comments