ഇരുളകറ്റുന്ന ചുവടുകൾ

അനിൽ ആയഞ്ചേരി
Published on Oct 19, 2025, 12:01 AM | 3 min read
വർത്തമാനകാല കേരളീയസമൂഹം നേരിടുന്ന വലിയ വിപത്തുകളിലൊന്നാണ് ലഹരിയുടെ അമിത ഉപയോഗം. നഗര–ഗ്രാമ വ്യത്യാസമില്ലാതെ കുട്ടികൾമുതൽ യുവാക്കൾവരെ രാസലഹരിയുടെ പിടിയിലകപ്പെട്ടിരിക്കുന്നു. ക്യാമ്പസുകളിൽ ലഹരിമാഫിയ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ കുട്ടികളെയും യുവതീയുവാക്കളെയും ലഹരിയിൽനിന്ന് മുക്തമാക്കാൻ ബോധവൽക്കരണമാണ് ഏകമാർഗം. നൃത്തം, നാടകം, സംഗീതം തുടങ്ങിയ കലാരൂപങ്ങളെ ബോധവൽക്കരണത്തിനായി ഉപയോഗിക്കാൻ കഴിയണം. നൃത്തത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കലാസപര്യ നടത്തുന്ന വടകരയിലെ പ്രശസ്ത നർത്തകി ലിസി മുരളീധരൻ ഒരുക്കിയ നൃത്താവിഷ്കാരം ലഹരിക്കെതിരെ വലിയ സന്ദേശം നൽകുന്നതായി. തന്റെ ശിഷ്യരായ മുപ്പതോളം നർത്തകികളെയും കലാകാരന്മാരെയും അണിനിരത്തി ലിസിതന്നെ രചനയും സംവിധാനവും നിർവഹിച്ച ‘അരുത് യുവത്വമേ’ എന്ന നൃത്തവിസ്മയം വടകരയിൽ അരങ്ങേറി. തങ്ങളുടെ കുട്ടികൾ എന്താവും എന്നാലോചിച്ച് വ്യാകുലപ്പെടുകയും ഭയചിത്തരാവുകയും ചെയ്യുന്ന രക്ഷിതാക്കൾക്കുള്ള ഓർമപ്പെടുത്തലുകളും ഒപ്പം നിയമവശങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും ഈ നൃത്തരൂപത്തിലുണ്ട്.
ഇരുട്ടകറ്റുക
സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടകറ്റുക എന്ന കലയുടെ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ നൃത്തത്തെ ഉപയോഗിച്ച് ലിസി മുരളീധരൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ലഹരി ബോധവൽക്കരണംമാത്രമല്ല, ലിസി നടത്തുന്ന നൃത്തപരീക്ഷണങ്ങൾ നിരവധിയാണ്. എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവൽ നൃത്തരൂപത്തിലാക്കാൻ ലിസിക്ക് കഴിഞ്ഞു. നോവലിലെ പ്രധാന കഥാപാത്രങ്ങളായ ദാസൻ, ചന്ദ്രിക, കൊറുമ്പിയമ്മ, ഗസ്തോൻ സായ്വ്, കുഞ്ഞനന്തൻ മാസ്റ്റർ, അച്ചു, പപ്പൻ, കുഞ്ഞിച്ചിരുത തുടങ്ങി വായനക്കാരുടെ മനസ്സിൽ ഇടംനേടിയ ഓരോരുത്തരെയും വളരെ തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്നു. ചരിത്രപ്രസിദ്ധമായ മയ്യഴിപ്പുഴയും പള്ളിയും വെള്ളിയാങ്കല്ലും പശ്ചാത്തലമാക്കിയാണ് നൃത്തം പുരോഗമിക്കുന്നത്. മങ്ങാട് രത്നാകരന്റെ ആഖ്യാനവും എ രാജേന്ദ്രന്റെ കവിതയും പ്രേംകുമാർ വടകരയുടെ സംഗീതവും ഡൊമിനിക് മാർട്ടിന്റെ ഓർക്കസ്ട്രേഷനും ദൃശ്യാവിഷ്കാരത്തിന് കൊഴുപ്പേകുന്നു. നാൽപ്പതിലധികം കലാകാരന്മാരാണ് ഇതിൽ വിവിധ വേഷങ്ങൾ അണിഞ്ഞത്.
ഗുരുചരിത്രം, നൃത്തഭാഷ്യം
ശ്രീനാരായണഗുരുവിന്റെ ചരിത്രത്തിന് നൃത്തഭാഷ്യം തീർക്കാനുള്ള വലിയ സാഹസവും ലിസി നടത്തി. ഗുരുദേവ ജ്ഞാനാമൃതം എന്ന് പേരിട്ട ചരിത്രാഖ്യാനത്തിന്റെ അരങ്ങേറ്റം ഷാർജ എക്സ്പോ സെന്ററിലായിരുന്നു. ഭാരതത്തിന്റെയും കേരളത്തിന്റെയും ആദിമചരിത്രം രേഖപ്പെടുത്തിയാണ് ഗുരുവിലേക്കെത്തുന്നത്. ആര്യന്മാരുടെ വരവ്, ദ്രാവിഡസംസ്കാരം, ക്ഷത്രിയന്മാരുടെ ആവിർഭാവം, ചാതുർവർണ്യ വ്യവസ്ഥയുടെ തീവ്രത തുടങ്ങിയവ മുദ്രകളിലും ചുവടുകളിലും സംഗീതത്തിലും വരച്ചിടുകയാണ്. ഗുരുവിന്റെ ജനനംമുതൽ സമാധിവരെയുള്ള പ്രധാന സംഭവങ്ങൾ ഓരോന്നും അരങ്ങിലെത്തുന്നുണ്ട്. 16–ാംവയസ്സിൽ വീടുവിട്ടിറങ്ങുന്നത്, ഉപരിപഠനം, വിവാഹം, മരുത്വാമലയിലെ തപസ്സ്, അരുവിപ്പുറം പ്രതിഷ്ഠ, വിവിധ കൃതികളുടെ രചന, ആലുവയിലെ സർവമതസമ്മേളനം, ഗുരുവിനെ കാണാൻ വരുന്ന പ്രമുഖർ തുടങ്ങി നാരായണഗുരുവിനെ അടുത്തറിയാൻ ഉതകുന്നതരത്തിലാണ് ലിസി ഈ നൃത്തവിരുന്ന് രൂപപ്പെടുത്തിയിരിക്കുന്നത്. ലിസി ഉൾപ്പെടെ 25 പേരാണ് വിവിധ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. വിദ്യാധരൻ മാസ്റ്റർ, ഹരിപ്പാട് കെ പി എൻ പിള്ള, വി ടി മുരളി, പ്രേംകുമാർ വടകര, കലാമണ്ഡലം കാർത്തികേയൻ എന്നീ അഞ്ച് സംഗീതസംവിധായകരാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയത്. ഗുരുവിന്റെ കൃതികളായ ശിവപ്രസാദപഞ്ചകം, ശ്രീ വാസുദേവാഭിഷേകം, വിനായകാഷ്ടകം തുടങ്ങിയവയിൽനിന്നുള്ള ശ്ലോകങ്ങൾ 12 ഗായകരാണ് ആലപിച്ചിരിക്കുന്നത്. പ്രശസ്ത നാടകസംവിധായകൻ മഞ്ജുളനാണ് കലാസംവിധാനവും വെളിച്ചവിന്യാസവും.
കർണസാക്ഷ്യം
കഥകളിവേഷങ്ങൾ, മോഹിനിയാട്ടം, ഭരതനാട്യം എന്നിവ സമന്വയിപ്പിച്ച് ‘ലൈഫ് ഓഫ് കർണ’ എന്ന കർണന്റെ കഥയും ലിസി അരങ്ങിലെത്തിച്ചിട്ടുണ്ട്. കർണന്റെ ജനനംമുതൽ കുരുക്ഷേത്രയുദ്ധംവരെയുള്ള ഭാഗമാണ് കർണസാക്ഷ്യം എന്ന് എം ടി വാസുദേവൻനായർ പേരിട്ട ഒന്നരമണിക്കൂർ ദൈർഘ്യമുള്ള നൃത്താവിഷ്കാരം. കർണനായി കലാമണ്ഡലം ഷിജുകുമാറും കുന്തീദേവിയായി ലിസിയുമാണ് രംഗത്തെത്തുന്നത്. കടത്തനാട്ട് മാധവിയമ്മയുടെ ഓണത്തപ്പൻ, പഞ്ചവർണക്കിളി എന്നീ കവിതകളും പി കുഞ്ഞിരാമൻനായരുടെ കവിതയെ ആസ്പദമാക്കി പൊന്നോണക്കാലം എന്ന ആവിഷ്കാരവും വി ടി കുമാരന്റെ വനജ്യോത്സന, സ്ത്രീപർവം തുടങ്ങിയ കവിതകളും നൃത്തരൂപമാക്കി. കാളിദാസന്റെ ശാകുന്തളത്തെ വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന വനജ്യോത്സന എന്ന നൃത്തശിൽപ്പം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുമായി ചേർന്നാണ് ഒരുക്കിയത്. ഇങ്ങനെ നൃത്തത്തെ പരമ്പരാഗതരീതിയിൽനിന്ന് മാറ്റിയുള്ള പരീക്ഷണങ്ങൾ നടത്തുക എന്നത് ഈ നർത്തകിയുടെ സവിശേഷതയാണ്. മാഹി സ്വദേശിയായ കലാമണ്ഡലം രാഘവന്റെയും ചന്ദ്രികയുടെയും മകളാണ് ലിസി മുരളീധരൻ. കലാപ്രവർത്തനം സമൂഹത്തിന് മുതൽക്കൂട്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി തന്റെ നൃത്തകലയെ ഉപയോഗിക്കുകയും ചെയ്ത അച്ഛന്റെ ശിക്ഷണവും നിർദേശങ്ങളുമാണ് ലിസിയെയും ഇത്തരത്തിൽ വേറിട്ടതാക്കുന്നത്. ലിസിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും വലിയ പിന്തുണയുമായി ഭർത്താവ് മുരളീധരൻ ഒപ്പമുണ്ട്. നൃത്തത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മകൾ സരിഗയും അമ്മയോടൊപ്പം നൃത്തമേഖലയിൽ സജീവമാണ്. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സ്റ്റേജുകളിൽ വളരെ വ്യത്യസ്തതയാർന്ന നൃത്തശിൽപ്പങ്ങൾ ലിസിയുടേതായി അരങ്ങേറിക്കഴിഞ്ഞു. ഭരതനാട്യത്തിൽ ശാസ്ത്രീയ അഭ്യസനം നടത്തുന്നതോടൊപ്പം യോഗയുടെ പ്രായോഗികഭംഗിയെ ഭരതനാട്യത്തിൽ സമന്വയിപ്പിച്ചുള്ള നൃത്തപരിപാടിക്കും ലിസി രൂപംകൊടുത്തിട്ടുണ്ട്. മാഹിയിലും വടകരയിലും നാട്യകലാക്ഷേത്രം എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്ന ലിസിക്ക് നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ട്.










0 comments