ലിജോമോൾക്ക് 'സംശയ'മില്ല


ഷംസുദ്ദീൻ കുട്ടോത്ത്
Published on May 18, 2025, 12:00 AM | 3 min read
പീരുമേട് എന്ന മലയോര ഗ്രാമത്തിൽനിന്ന് 10 വർഷംമുമ്പ് ലിജോമോൾ ജോസ് തുടങ്ങിയ യാത്ര ഇന്ന് ദേശത്തിന്റെ അതിരുകൾ മായ്ച് തുടരുകയാണ്. എണ്ണത്തിൽ കുറവാണെങ്കിലും ഒരുപിടി കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇതിനകം കഴിഞ്ഞു. ‘മഹേഷിന്റെ പ്രതികാര’ത്തിൽ തുടങ്ങി രാജേഷ് രവി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘സംശയം’ എന്ന ചിത്രത്തിൽ എത്തിനിൽക്കുമ്പോൾ മലയാളത്തിലെ ഇരുത്തംവന്ന നടിമാരുടെ കൂട്ടത്തിലാണ് ലിജോമോൾ. കട്ടപ്പനയിലെ ഋത്വിക് റോഷൻ, പുലിമട, നടന്ന സംഭവം, പ്രേമസൂത്രം, ദാവീദ്, പൊൻമാൻ... തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘ശിവപ്പ് മഞ്ഞൾ പച്ചൈ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലെത്തിയ ലിജോമോൾ 2021-ൽ പുറത്തിറങ്ങിയ ‘ജയ് ഭീം’ എന്ന ചിത്രത്തിലൂടെ തമിഴ് ഹൃദയങ്ങളിലും കൂടുകൂട്ടി. മികച്ച അഭിപ്രായം നേടി തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന സംശയം എന്ന ചിത്രത്തിലെ നായികയായ വിമലയെക്കുറിച്ചും പിന്നിട്ട സിനിമാ വഴികളെക്കുറിച്ചും ലിജോമോൾ സംസാരിക്കുന്നു.
സംശയം
നല്ല പ്രതികരണങ്ങളാണ് സിനിമയ്‌ക്ക്. കുടുംബങ്ങളെല്ലാം തിയറ്ററിലെത്തി സിനിമ കാണുന്നു. നമ്മുടെയൊന്നും ജീവിതത്തിൽ ഒരിക്കലും സംഭവിക്കരുതെന്ന് നമ്മളെല്ലാം ആഗ്രഹിക്കുന്ന വിഷയമാണ് ചിത്രം പറയുന്നത്. സിനിമയുടെ കരുത്ത് ഇതിന്റെ തിരക്കഥതന്നെയാണ്. സീരിയസായ ഒരു വിഷയമാണ് പറയുന്നതെങ്കിലും ആളുകളെ അസ്വസ്ഥപ്പെടുത്താതെ ലളിതമായി പറയാനാണ് ശ്രമിച്ചത്. തമാശകളെല്ലാം പ്രേക്ഷകർ സ്വീകരിച്ചു. അടുത്ത കാലത്ത് ഞാൻ ചെയ്‌ത കഥാപാത്രങ്ങളെല്ലാം ശക്തരാണ്. എന്നാൽ, ഇതിലെ വിമല എന്ന കഥാപാത്രം ഫൺ എലമെന്റ്‌സ് ഉള്ളതാണ്. വിമലയിൽ തുടങ്ങുന്ന ഒരു സംശയം മറ്റുള്ളവരിലേക്ക് പടരുന്നതാണ് കഥ. വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, പ്രിയംവദ, ഉണ്ണിമായ എന്നിവരെല്ലാം സിനിമയിലുണ്ട്.
പത്തുവർഷം
2026 ആകുമ്പോൾ പത്തുവർഷമാകും എന്റെ സിനിമാ ജീവിതത്തിന്. ഒരു സ്റ്റഡി ഗ്രാഫൊന്നുമല്ല എന്റെ ഗ്രോത്ത്. ഒരിക്കലും സിനിമയിലേക്ക് വരുമെന്നു കരുതിയില്ല, ആദ്യത്തെ ഏതാനും സിനിമ കഴിഞ്ഞശേഷം മികച്ച സിനിമകളൊന്നും കിട്ടിയിരുന്നില്ല. ആ സമയത്ത് അഭിനയം നിർത്തി പിഎച്ച്‌ഡി എടുക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ബ്രേക്ക് എടുത്ത സമയത്താണ് ജെയ് ഭീമിലേക്കുള്ള വിളി. അതോടെ ആളുകൾ ഞാനെന്ന നടിയെ വീണ്ടും ഓർത്തുതുടങ്ങി. ഈയടുത്ത കാലത്ത് ‘പൊൻമാൻ’ ചെയ്‌തപ്പോഴാണ് വീണ്ടും എന്നെ ഓർക്കുന്നത്. സംശയം വലിയ പ്രതീക്ഷയുള്ള സിനിമയാണ്.
ജെയ് ഭീം
ഇരുളവിഭാഗത്തിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ഞാനും മണികണ്ഠനും അവതരിപ്പിച്ചത്. കാര്യങ്ങൾ പഠിക്കാൻ പരിശീലനമുണ്ടാകുമെന്ന് സംവിധായകനും മറ്റും നേരത്തേ പറഞ്ഞിരുന്നു. അങ്ങനെയാണ് അവർക്കിടയിലേക്ക് പോകുന്നത്. മനുഷ്യരെ കൂടുതൽ ആഴത്തിൽ അറിയാൻ കഴിഞ്ഞ കാലമായിരുന്നു അത്. മനുഷ്യരെല്ലാം ഒന്നാണെന്ന് തിരിച്ചറിഞ്ഞ കാലം. പൊതുവെ പുറത്തുള്ള ആളുകളുമായി പെട്ടെന്ന് ഇടപെടാത്തവരാണ് ഇരുളർ. ഞാനും മണികണ്ഠനും അവരോടൊപ്പം അവരെപ്പോലെ ജീവിച്ചു. ഒന്ന് രണ്ട് ആഴ്‌ചകളെടുത്തു അവർ ഞങ്ങളെ പരിഗണിക്കാൻ. പതിയെ അവർ ഞങ്ങളെയും ഞങ്ങൾ അവരെയും മനസ്സിലാക്കി. അവരോട് സംസാരിക്കാൻ തമിഴ് പഠിച്ചു. അവരെപ്പോലെ സാരിയുടുത്തു, ചെരിപ്പിടാതെ നടന്നു, വേട്ടയ്‌ക്ക് പോയി. ‘അണ്ണി’ എന്നാണ് അവരിൽ പലരും എന്നെ വിളിച്ചത്. ഇപ്പേഴും അവരിൽ ചിലർ മെസേജ് അയക്കുന്നത് അണ്ണി എന്ന് വിളിച്ചാണ്.
പാട്ട് ചിത്രീകരണത്തിനിടയിൽ ഒരു സംഭവമുണ്ടായി. ഞാൻ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. റീടേക്ക് എടുക്കുന്നതിനിടയിൽ എന്റെ പാത്രത്തിലെ കഞ്ഞി തീർന്നു. ഞാൻ സെറ്റിലുള്ളവരോട് കഞ്ഞി തീർന്ന കാര്യം വിളിച്ചു പറയുന്നത് കേട്ട് ഒപ്പം അഭിനയിച്ച പയ്യൻ അവന്റെ പാത്രത്തിൽനിന്ന് അവന്റെ കൈകൊണ്ട് കഞ്ഞി കോരി എന്റെ പാത്രത്തിലേക്ക് ഒഴിച്ചുതന്നു. പെട്ടെന്ന് ഞാനൊന്നു സ്‌തംഭിച്ചു. അടുത്ത നിമിഷം ഞാൻ അവന്റെ സ്‌നേഹത്തെ തിരിച്ചറിഞ്ഞു. അവന്റെ വീട്ടിലെ ചേച്ചിയായിട്ടാണ് അവൻ എന്നെ കാണുന്നത്. ഞാൻ സ്‌തംഭിച്ചുപോയ ആ നിമിഷത്തിൽ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. നമ്മെ വേർതിരിക്കുന്ന പല ഘടകങ്ങളുണ്ടാകാം. മതം, ജാതി, സോഷ്യൽ സ്റ്റാറ്റസ്. എന്നാൽ, അതിനൊക്കെ മുകളിൽ നമ്മളെല്ലാം മനുഷ്യരാണ്. മനുഷ്യത്വത്തേക്കാൾ വലുതായി ഒന്നുമില്ലെന്ന് അനുഭവിച്ചറിഞ്ഞു.
ഹോം വർക്ക്
ജെയ് ഭീം സിനിമയ്‌ക്കുവേണ്ടി നല്ല ഹോം വർക്ക് ചെയ്‌തിട്ടുണ്ട്. എനിക്ക് ഒട്ടും പരിചിതമല്ലാത്ത കഥാഭൂമികയും കഥാപാത്രങ്ങളുമൊക്കെയായതുകൊണ്ട്. പൊതുവെ വലിയ ഹോം വർക്കുകൾ ചെയ്യാറില്ല. ചെയ്യുന്ന കഥാപാത്രത്തെ അടുത്തറിയാൻ ശ്രമിക്കാറുണ്ട്. കൂടുതൽ സംശയം തോന്നിയാൽ സംവിധായകനോടും തിരക്കഥാകൃത്തിനോടുമൊക്കെ ചോദിക്കും.
വായന
വായന കുട്ടിക്കാലംമുതലുണ്ട്. അമ്മ ചെറുപ്പത്തിൽ ഒരുപാട് പുസ്‌തകങ്ങൾ വാങ്ങിത്തരുമായിരുന്നു. റോബിൻസൻ ക്രൂസോ, മാക്‌ബത്ത്, ആലീസിന്റെ അത്ഭുതലോകം എന്നിവയുടെയെല്ലാം മലയാളം തർജമ വായിപ്പിക്കുമായിരുന്നു. ആ വായനയുടെ തുടർച്ച കുറഞ്ഞുംകൂടിയുമൊക്കെ ഒപ്പമുണ്ട്. എം ടിയായിരുന്നു ഒരു കാലത്ത് ഏറെ പ്രിയപ്പെട്ട എഴുത്തുകാരൻ. കെ ആർ മീര, ബെന്യാമിൻ, എസ് ഹരീഷ്, ആർ രാജശ്രീ, വിനോയ് തോമസ് തുടങ്ങിയവരെയെല്ലാം വായിക്കാറുണ്ട്. കഥാപാത്രമായി ഇമാജിൻ ചെയ്‌ത് സമയമെടുത്താണ് വായിക്കാറ്.
ഭാഷ
എനിക്ക് ഭാഷ പ്രശ്‌നമാണ്. ഡയലോഗിനോട് ലിപ് സിങ്ക് ചെയ്യാൻ പറ്റിയാൽ പെർഫോം ചെയ്യാൻ പറ്റുന്ന ഒരുപാട് ആക്ടേഴ്‌സുണ്ട്. അവരോട് എനിക്ക് വലിയ ബഹുമാനമാണ്. പുറത്തുനിന്ന് മലയാളത്തിലേക്ക് വരുന്ന ഒരുപാട് നടീ-നടന്മാർ അത്തരത്തിലുണ്ട്. അത് വലിയ കഴിവാണ്. എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാതെ പെർഫോം ചെയ്യാൻ എനിക്ക് പറ്റില്ല. പറയുന്നതന്റെ അർഥം വ്യക്തമായി അറിഞ്ഞ് പെർഫോം ചെയ്യാനാണ് ശ്രമിക്കാറ്. അപ്പോഴേ ആത്മാർഥമായി ആ ഇമോഷൻ പുറത്തേക്കെത്തിക്കാൻ കഴിയൂ. അതുകൊണ്ടാണ് തമിഴിലും മലയാളത്തിലും മാത്രമായി അഭിനയിക്കുന്നത്. കന്നടയും തെലുങ്കുമൊന്നും എനിക്ക് ഒട്ടും അറിയില്ല. ആ ഭാഷകളിൽ കുറച്ചെങ്കിലും പ്രാവീണ്യം നേടിയാലേ എനിക്ക് അഭിനയിക്കാൻ പറ്റൂ.









0 comments