ad
Deshabhimani

പയറ്റിൽ തെളിഞ്ഞ പെൺകരുത്ത്

Kalaripayattu
avatar
സി ശ്രീകാന്ത്‌

Published on Jun 15, 2025, 11:24 AM | 3 min read

ആയോധന അഭ്യാസമുറയായ കളരിക്ക്‌ പുത്തൻ ഉണർവ് ലഭിക്കുന്ന കാലമാണിത്. പെൺകുട്ടികൾ കൂട്ടമായി കളരികളിലെത്തുന്നു. സ്വയം പ്രതിരോധത്തിന്റെ കരുത്തുമായി അവർ സ്വാതന്ത്ര്യത്തിന്റെ ആകാശം തേടുമ്പോൾ ആ പെൺകരുത്ത് അടയാളപ്പെടുത്തുകയാണ് ടി വി ശ്രീകല ഗുരുക്കൾ. കളരി ആശാൻമാർക്ക്‌ പേരുകേട്ട കാലടി വല്ലഭട്ട കളരി സംഘത്തിലെ ശ്രീകലയ്‌ക്ക്‌ വാളും പരിചയും ഉറുമിയുമെല്ലാം 34 വർഷമായി ചിരപരിചിതം.

പയറ്റിത്തെളിഞ്ഞ അടവുകൾ

വല്ലഭട്ട കളരിസംഘത്തിൽ പയറ്റിത്തെളിഞ്ഞ ശ്രീകല രാജ്യം അറിയപ്പെടുന്ന ഗുരുക്കളാണ്. ഉത്തരാഖണ്ഡിലെ ഹൽദാനിയിൽ 38–--ാം ദേശീയ ഗെയിംസിൽ കളരിയിൽ മെഡലുകൾ വാരിക്കൂട്ടിയ കേരളത്തിന്റെ പരിശീലകയായിരുന്നു. മധ്യപ്രദേശിൽ നടന്ന മേഖലാ ഇന്ത്യാ യൂത്ത് ഗെയിംസിലെ കേരളത്തിന്റെ മിന്നും പ്രകടത്തിനു പിന്നിലും ശ്രീകലയുടെ പയറ്റിത്തെളിഞ്ഞ അടവുകളാണ്. ആരോഗ്യവും വർധിച്ച ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണ് കളരി അഭ്യാസമെന്നതിന് ശ്രീകലതന്നെ സാക്ഷി. ഇന്ന് ശ്രീകല ഗുരുക്കളുടെ കീഴിൽ ഇരുനൂറിൽപ്പരം ശിഷ്യരുണ്ട്. അതിൽ കൂടുതലും പെൺകുട്ടികൾ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പെൺകുട്ടികൾ കളരി പഠിക്കുന്നത് സ്വയം പ്രതിരോധത്തിന്റെ കോട്ട തീർക്കലാണ്. കളരി പഠിക്കുന്നതിലൂടെ പെൺകുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും വർധിക്കും. ഇതിലൂടെ ഏതൊരു കാര്യവും വളരെ വേഗത്തിൽ ചെയ്ത് തീർക്കാൻ അവർക്ക് സാധിക്കുമെന്നും ഗുരുക്കൾ സാക്ഷ്യപ്പെടുത്തുന്നു.


kalari

കാലം കാക്കുന്ന കളരി

ആൺ‍-പെൺ വ്യത്യാസമില്ലാതെ ബാല്യത്തിൽത്തന്നെ കളരിയിൽ ചേർത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്നത് മുമ്പ്‌ സാധാരണമായിരുന്നു. പിന്നെ അതിന്റെ പ്രചാരം കുറഞ്ഞുവന്നു. ഇപ്പോൾ പുത്തൻ ഉണർവ് ലഭിച്ച് തുടങ്ങി. പെൺകുട്ടികളടക്കം പുതുതലമുറയിലെ ധാരാളം പേർ പ്രതിരോധമുറകൾ അഭ്യസിക്കുന്നു. ജാതി, മത ഭേദമന്യേ എല്ലാവരും തൃപ്രങ്ങോട് വല്ലഭട്ട കളരിയിൽ പരിശീലിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളൊന്നും ഇവിടെയില്ല. ഒന്നിച്ചിരുത്തിയാണ് കളരി പഠനം.

കളരിയും ചികിത്സയും

നൂറിലേറെ വിദ്യാർഥികൾ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി പരിശീലിക്കുന്നു. അതിൽ മുപ്പതോളം പെൺകുട്ടികളാണ്. മാനസികമായും ശാരീരികമായും കളരി നൽകുന്ന ആത്മവിശ്വാസമാണ് പെൺകുട്ടികളെ ഈ അഭ്യാസമുറയിലേക്ക് ആകർഷിക്കുന്നത്. കളരി ഒരു കായികാഭ്യാസം മാത്രമല്ലെന്നും മനസ്സിന്റെ പരിശീലനംകൂടിയാണെന്നും ശ്രീകല പറയുന്നു. സ്വഭാവ ദൂഷ്യമുള്ളവരും ദുർവാശിക്കാരുമായ പല കുട്ടികൾക്കും കളരി പരിശീലനത്തിലൂടെ മാറ്റം വന്നതിന്റെ അനുഭവമുണ്ട്. വ്യായാമങ്ങൾക്ക് സമാനമായ പരിശീലനങ്ങൾക്കുശേഷം മെയ്പയറ്റിലാണ് കളരിയിലെ തുടക്കം.


Kalaripayattu

പിന്നീട് കൈപ്പോരിലൂടെ വികസിച്ച് ആയുധ പരിശീലനത്തിലേക്ക് കടക്കും. മുച്ചാണും വെറും കൈയും, കത്തിപ്പയറ്റ്, വാൾ, വാളും വാളും, വാളും പരിചയും, ഉറുമി വീശൽ, ഉറുമി പയറ്റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങൾ. നിരവധി ശിഷ്യർക്ക് ശാരീരിക മികവ് ആവശ്യമുള്ള ജോലികളിലെത്താനും സഹായിച്ചു. കളരിയുടെതന്നെ ഭാഗമാണ് ചികിത്സ. പരിശീലനത്തിനിടെ പരിക്ക്‌ പറ്റുന്നവരെ ശുശ്രൂഷിക്കാനാണ് ഇത് ആരംഭിച്ചതെങ്കിലും പിന്നീട് ഒരു ചികിത്സാ സമ്പ്രദായമായി. തൃപ്രങ്ങോട് വല്ലഭട്ട കളരിയിൽ നാടൻ മർമ ചികിത്സയുണ്ട്.

എന്നും ചാമ്പ്യൻ

മലപ്പുറം ജില്ലയിലെ കാലടിയിൽ കർഷക കുടുംബത്തിൽ തൊട്ടി വളപ്പിൽ ഗോപി നായരുടെയും രാധയുടെയും മകളാണ് ടി വി ശ്രീകല. കേരളത്തിലെ പ്രശസ്തനായ കളരിഗുരുക്കളും കാലടി വല്ലഭട്ട കളരി സംഘത്തിലെ കളരിയാശാനുമായിരുന്ന അന്തരിച്ച സി വിശ്വനാഥിൽനിന്നാണ് അഭ്യാസം പഠിച്ചത്. ആറാം വയസ്സുമുതൽ പഠനം തുടങ്ങി. 1994 മുതൽ തുടർച്ചയായി 1997 വരെ ജില്ലാ കളരിപ്പയറ്റിലും 1998 മുതൽ- 2003 വരെ സംസ്ഥാന കളരിപ്പയറ്റിലും ചാമ്പ്യൻഷിപ്പ്‌ നേടി. 2000, -2001 വർഷങ്ങളിൽ സംസ്ഥാന കേരളോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.


2019ൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം നേടി. ബിഹാർ, ഒഡിഷ, കർണാടകം, അസം, മധ്യപ്രദേശ് ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ കളരിപ്രദർശനം നടത്തി. ഉസ്മാനിയ സർവകലാശാല, കലിക്കറ്റ് സർവകലാശാല, മലയാള സർവകലാശാല എന്നിവിടങ്ങളിലും പരിശീലനം നൽകി. ദേശീയ സാംസ്കാരിക സമന്വയ പരിപാടിയുടെ ഭാഗമായി മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ മുമ്പിൽ ഡൽഹിയിലും നിരവധി സിനിമകളിലും കളരിപ്പയറ്റ് അവതരിപ്പിച്ചു. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വിവിധ ജില്ലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ബിആർസിയുടെയും എഎസ്എ, വനിതാ ശിശുവകുപ്പ് എന്നിവയുടെ കീഴിൽ ആയിരത്തോളം പെൺകുട്ടികൾക്ക് വിവിധ സ്കൂളുകളിൽ സ്വയംപ്രതിരോധ പരിശീലനം നൽകി. നിലവിൽ കരുത്ത് പദ്ധതിയിലൂടെ സ്കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയംരക്ഷാ പ്രതിരോധ ചുവടുകൾ പഠിപ്പിക്കുന്നു.

നിലവിൽ മലപ്പുറം ജില്ലാ സ്പോട്സ് കൗൺസിലിന്റെ കീഴിൽ തിരൂർ തൃപ്രങ്ങോട് വല്ലഭട്ട കളരി സംഘത്തിൽ കുട്ടികളുടെ മുഖ്യ പരിശീലകയാണ്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി, ഗാന്ധിയൻ പ്രകൃതിചികിത്സാലയം, ഇമ്പിച്ചിബാവ സഹകരണാശുപത്രി, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, വിവിധ സ്കൂളുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവ ഉപഹാരം നൽകി ആദരിച്ചിട്ടുണ്ട്. ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വം ഏർപ്പെടുത്തിയ ആഞ്ജനേയ യുവപ്രതിഭാ പുരസ്കാരവും ശ്രീകല ഗുരുക്കളെ തേടിയെത്തി. ഭർത്താവ്: ജയപ്രകാശ്. മക്കൾ: അഭിഷേക്, അഭിനവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home