ad
Deshabhimani

ഡിവൈഎഫ്‌ഐ പൊതിച്ചോറ്‌ വിതരണം

എത്രപേരുടെ വയറുനിറച്ചതാണ്‌; ഇനിയും തുടരും

കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറ് വാങ്ങാൻ എത്തിയവരുടെ നീണ്ടനിര

കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറ് വാങ്ങാൻ എത്തിയവരുടെ നീണ്ടനിര

avatar
സ്വന്തം ലേഖകൻ

Published on Jul 20, 2026, 01:21 AM | 1 min read

കൊല്ലം

അശരണരായി ആശുപത്രിയിലെത്തിയ പതിനായിരങ്ങൾക്ക്‌ അന്നമൂട്ടിയ, പതിനായിരങ്ങളുടെ വിശപ്പകറ്റിയ, കക്ഷി രാഷ്ട്രീയത്തിനതീതമായി പതിനായിരങ്ങളുടെ പിന്തുണ ലഭിച്ച ഡിവൈഎഫ്‌ഐ പൊതിച്ചോറ്‌ ക്യാമ്പയിൻ ഇന്നലെയും ജില്ലയിൽ പതിവുപോലെ നടന്നു. നാല്‌ പ്രധാന ആശുപത്രികളിലും പകൽ പതിനൊന്നോടുകൂടി ആളുകൾ ഭക്ഷണത്തിനായി കാത്തുനിന്നു. കുറേയേറെ യുവജനങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ച പൊതിച്ചോറുകളുമായി ഉച്ചയോടെ നാല്‌ കേന്ദ്രത്തിലും ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി. അശരണരായ ആയിരങ്ങൾക്ക്‌ ആശ്രയമായ പദ്ധതിയെ തകർക്കുന്നത്‌ തങ്ങളുടെ ചോറിൽ മണ്ണ്‌ വാരിയിടുന്നതിന്‌ തുല്യമാണെന്ന്‌ ഓരോ കേന്ദ്രങ്ങളിലും കാത്തുനിൽക്കുന്ന നൂറുകണക്കിനുപേർ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണമെത്തിക്കാൻ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ 2017ൽ ആണ്‌ "ജീവന്‌ രക്തം വിശപ്പിന്‌ ഭക്ഷണം– ഹൃദയപൂർവം' ക്യാമ്പയിൻ ആരംഭിക്കുന്നത്‌. ഭക്ഷണം മാത്രമല്ല, രോഗികൾക്ക്‌ ആവശ്യാനുസരണം രക്തം നൽകുന്നതും ഭക്ഷണ വിതരണത്തിനെത്തുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ആശുപത്രികളിൽ പദ്ധതി ആരംഭിച്ചു. കൊല്ലത്ത്‌ 2017 മാർച്ച്‌ 17ന്‌ ജില്ലാ ആശുപത്രിയിലാണ്‌ പദ്ധതിയുടെ തുടക്കം. പിന്നീട്‌ വിവിധ ഘട്ടങ്ങളിലായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി, കടയ്ക്കൽ താലൂക്കാശുപത്രി, പുനലൂർ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചു. കടയ്ക്കലിൽ കമ്യൂണിറ്റി കിച്ചൻ മാതൃകയിൽ പൊതുഅടുക്കളയിൽ പാചകം ചെയ്താണ്‌ ഭക്ഷണം നൽകുന്നത്‌. ദിവസേന 2000 പൊതിച്ചോറ്‌ ജില്ലയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ വിതരണംചെയ്യുന്നു. ഒരുദിവസംപോലും മുടക്കമില്ലാതെ ക്യാമ്പയിൻ നടത്താനായെന്നും ആരോഗ്യമന്ത്രിയുടെ പ്രസ്താവനകൊണ്ടോ സർക്കാർ ഉത്തരവുകൊണ്ടോ അവസാനിപ്പിക്കില്ലെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എം ഹരികൃഷ്ണനും സെക്രട്ടറി ടി ആർ ശ്രീനാഥും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home