സ്കൂളിലേയ്ക്ക് പോയ 12-ാം ക്ലാസ് വിദ്യാർഥി വെടിയേറ്റ് മരിച്ചു

Photo: NDTV
സമസ്തിപുർ: സ്കൂളിലേയ്ക്ക് പോയ 12-ാം ക്ലാസ് വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് വിദ്യാർഥി ദാരുണമായി കൊല്ലപ്പെട്ടത്. ബിഹാറിലെ സമസ്തിപൂരിലെ കൈജിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവ സ്ഥലത്തു നിന്നും പൊലീസ് നാലു വെടിയുണ്ടകൾ കണ്ടെടുത്തു. ബൈക്കിലെത്തിയ അക്രമികൾ ഉമേഷ് താക്കൂറിന്റെ മകളായ സോനം കുമാരിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുസ റോഡിലെ കസ്തൂർബ വിദ്യാലയത്തിലെ വിദ്യാർഥിനിയായിരുന്നു സോനം കുമാരി. തിങ്കളാഴ്ച രാവിലെ സ്കൂളിലേയ്ക്ക് പോകവെയാണ് സോനം കുമാരി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത് വന്നു. പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യവുമായാണ് കുടുംബം രംഗത്ത് വന്നത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബം ഗ്രാമത്തിലെ യുവാവിനെതിരെ ആരോപണം ഉന്നയിച്ചു. മകളുടെ പിന്നാലെ ഒരു യുവാവ് നടക്കുന്നുണ്ടായിരുന്നുവെന്നും അയാളാണ് മകളെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സോനം കുമാരിയുടെ മാതാവ് സംഗീതാ ദേവി ആരോപിച്ചു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് പ്രതി മകളോട് വിവാഹഭ്യർത്ഥന നടത്തിയിരുന്നതായും സംഗീതാ ദേവി പറയുന്നു. പ്രതിയെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.










0 comments