പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചു; രണ്ട് കുട്ടികൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

രാംഗഡ്: പനിക്ക് ചികിത്സയായി മന്ത്രവാദിയെ സമീപിച്ചതിനെ തുടർന്ന് സഹോദരങ്ങൾ മരിച്ചു. ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം. പനി ബാധിച്ചപ്പോൾ ആശുപത്രിയിൽ പോകാതെ മന്ത്രവാദിയുടെ അടുത്തേക്ക് പോയ 10-ഉം 15-ഉം വയസ്സുള്ള ആൺകുട്ടികളാണ് മരിച്ചത്. ഇവരുടെ അമ്മയെ ഗുരുതരാവസ്ഥയിൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
കുടുംബത്തിലെ മൂന്ന് പേർക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയായിരുന്നു. എന്നാൽ ആശുപത്രിയിലോ ഡോക്ടറുടെ അടുത്തോ പോകുന്നതിന് പകരം കുടുംബം 'ഓജ ഗുണി' എന്ന മന്ത്രവാദിയുടെ ചികിത്സ തേടുകയായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് കുട്ടികളെയും അമ്മയെയും സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹോദരന്മാർ മരണപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ സിവിൽ സർജൻ ഡോ. അനിൽ കുമാർ അറിയിച്ചു. പനിയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ മെഡിക്കൽ സംഘം ഗ്രാമം സന്ദർശിക്കും. ഇത് പന്നിപ്പനി ആകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അസുഖം വന്നാൽ അന്ധവിശ്വാസങ്ങൾക്ക് ഇരയാകാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെയോ ആശുപത്രികളെയോ മാത്രം സമീപിക്കണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.









0 comments