സ്വകാര്യ പ്രാക്ടീസിന് നീക്കം; ഒന്നുമറിയില്ലെന്ന് ഒഴിഞ്ഞുമാറി മന്ത്രി മുരളീധരൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം സജീവമായിരിക്കെ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറി ആരോഗ്യ മന്ത്രി കെ മുരളിധരൻ. യോഗം വിളിച്ചതറിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. എൽഡിഎഫ് സർക്കാർ അവസാനിപ്പിച്ച സ്വകാര്യ പ്രാക്‌ടീസ് നടപ്പാക്കാൻ മന്ത്രിയുടെ ഓഫീസിലെ സുപ്രധാന സ്ഥാനം വഹിക്കുന്ന വ്യക്തിയുടെ പിന്തുണയുണ്ടെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് ഒന്നുമറിയില്ലെന്ന് മന്ത്രി കെെകഴുകിയത്.
സ്വകാര്യ ആശുപത്രികളിൽ ഫീസ് കൂടുതലായതിനാൽ ജനറൽ ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും പ്രഗത്ഭ ഡോക്‌ടർമാർക്ക് ഒഴിവ് സമയങ്ങളിൽ ചെറിയ തുക വാങ്ങി രോഗികളെ പരിശോധിക്കാൻ അനുമതി നൽകണമെന്നാണ് സർവീസ് പെൻഷനേഴ്സ് ലീഗ് എന്ന സംഘടന നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത് . സ്വകാര്യ പ്രാക്‌ടീസ് നടപ്പാക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കത്തിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂലൈ 28ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് ഉത്തരവ് നൽകുകയും ചെയ്തു
സർക്കാരിന്റെ നിർദേശപ്രകാരം റിപ്പോർട്ട് നൽകാനായി കോൺഗ്രസ് അനുകൂല ഡോക്‌ടർമാരുടെ സംഘടനകളെ ബുധനാഴ്‌ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ ചേംബറിൽ യോഗത്തിനും ക്ഷണിച്ചു. എന്നാൽ യോഗത്തിന് ക്ഷണിച്ചതറയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുയായിരുന്നു. കേട്ടുകേൾവിയില്ലാത്ത സംഘടനയുടെ കത്തിൽ ആരോഗ്യ മെഡിക്കൽ ഡയറക്ടർ യോഗം വിളിക്കുകയും സ്വകാര്യ പ്രാക്ടീസിൽ അഡീഷണൽ സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെടുകയുമൊക്കെ ചെയ്തിട്ടും ഓഫീസിൽ മൂക്കിൻ താഴെ നടന്ന കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശദീകരണം.
2026 ഫെബ്രുവരി 23 തീയതി രേഖപ്പെടുത്തിയ നിവേദനം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ തീരുമാനമെന്ന നിലയിൽ വ്യാഖ്യാനിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. നിവേദനത്തിൽ സംഘടനയുടെ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ഒപ്പില്ല. വൈസ് പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന ഷാജഹാൻ എന്നയാളാണ് നിവേദനം സമർപ്പിച്ചത്. ഫെബ്രുവരിയിലെ കത്തിൽ ജൂലൈയിൽ നടപടിയെടുത്തത് എന്തിനെന്ന് ആരോഗ്യവകുപ്പിന് മറുപടിയില്ല. വിവിധ സംഘടനകളെ ക്ഷണിച്ച യോഗത്തിൽ കെജിഎംഒഎ പോലുള്ള സുപ്രധാന സംഘടനകളെയും ക്ഷണിച്ചിരുന്നില്ല.
നിരോധിച്ച സ്വകാര്യ പ്രാക്ടീസ് തിരിച്ചുകൊണ്ടുവരികയെന്ന നിർണായക നീക്കങ്ങൾ മന്ത്രിക്ക് ചുറ്റം നടക്കവെ വിഷയവുമായി ബന്ധപ്പെട്ട് ഒരറിവുമുണ്ടായിട്ടില്ലെന്ന മന്ത്രിയുടെ വാക്കുകൾ ഒരു തരത്തിലും വിശ്വാസത്തിലെടുക്കാനാകില്ല. ആരോഗ്യ മേഖല കൂടുതൽ ഗുരുതരമായ വീഴ്ചകളിലേക്കാണ് പോകുന്നത് എന്നതിനുള്ള ഉദാഹരണം കൂടിയാവുകയാണ് നിലവിലെ നീക്കം.









0 comments