പരിസ്ഥിതി ലോല മേഖല; മൗനം തുടർന്ന് സർക്കാർ, ആശങ്കയിൽ മലയോര ജനത

തിരുവനന്തപുരം : കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല നിശ്ചയിച്ച് കൊണ്ടുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിൽ യുഡിഎഫ് സര്‍ക്കാര്‍ ഉദാസീനത സ്വീകരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഡിഎഫ് എംപിമാരും വിഷയത്തില്‍ ഇടപെടുന്നില്ല. കരട് വിജ്ഞാപനത്തെ എതിർത്ത് പ്രമേയം കൊണ്ടു വരണമെന്നാണ് മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യം.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ 131 വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ഇഎസ്എ) ഉൾപ്പെടുന്നത്. കേരളം പരിസ്ഥിതി ലോല മേഖല നിയമം നടപ്പാക്കാൻ യോജിച്ച സംസ്ഥാനമല്ല. ഒരു വില്ലേജിലെ ജനസംഖ്യ നൂറിൽ താഴെയാണെങ്കിൽ മാത്രമേ ആ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയായി പരിഗണിക്കാൻ കഴിയുകയുള്ളൂ. സംസ്ഥാനത്ത് നൂറിൽ താഴെ ജനസംഖ്യയുള്ള ഒരു വില്ലേജ് പോലുമില്ല. അതുകൊണ്ടു തന്നെ ഈ കരട് വിജ്ഞാപനത്തിൽ കേരളത്തെ ഉൾപ്പെടുത്താൻ കഴിയില്ല.
പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ താമസിച്ചുവരികയും കൃഷി ചെയ്തു ജീവിക്കുകയും ചെയ്യുന്നവരെ കേൾക്കാതെയും ആശങ്കകൾ പരിഹരിക്കാതെയും ഇഎസ്എ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കൃഷിക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണം. ഇതിന് നേതൃത്വം നൽകേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്.
ഇഎസ്എയും ഇഎഫ്എല്ലും ഒന്നല്ല
പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ നിബന്ധനകളും, പരിസ്ഥിതിലോല പ്രദേശ നിയമവും ഒന്നാണെന്ന് സ്ഥാപിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംരക്ഷിത വനമേഖലകൾക്ക് ചുറ്റും നിലനിർത്തുന്ന സ്ഥലങ്ങളാണ് പരിസ്ഥിതിലോല പ്രദേശങ്ങൾ (Eco-Sensitive Areas). നഷ്ടമായിക്കൊണ്ടിരിക്കുന്ന വനഭൂമി ഓരോന്നായി തിരിച്ചുപിടിക്കാനാണ് പരിസ്ഥിതിലോല പ്രദേശ നിയമം (Ecologically Fragile Land Act) കൊണ്ടുവന്നത്.
പുതിയ നിയമപ്രകാരം സംരക്ഷിത വനമേഖലക്ക് ചുറ്റും 10 കിലോമീറ്റർ വരെയുള്ള ഭൂമി പരിസ്ഥിതിലോല പ്രദേശമായി മാറും. ഈ പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഭൂമിയിൽ ഏതെങ്കിലും ആവശ്യത്തിന് മണ്ണുമാന്തികൊണ്ട് കിളക്കാൻ കഴിയില്ല. വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിന്റെ കൊമ്പ് പോലും മുറിക്കാൻ പറ്റില്ല. കാടിനെ ആശ്രയിച്ചു കഴിയുന്നവർക്ക് വനത്തിൽ നിന്ന് ഉല്പന്നങ്ങൾ ശേഖരിക്കുന്നതിലും നിയന്ത്രണമുണ്ടാവും. പുതിയ റോഡുകൾ നിർമിക്കുന്നതിനും രാത്രകാല ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തും.
ഇക്കോ ടൂറിസമല്ലാത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും ജനങ്ങളെ ബാധിക്കും. മലയോര പ്രദേശങ്ങളിലെ പലരും വരുമാന സാധ്യത മുന്നിൽക്കണ്ട് ടൂറിസത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. പുതിയ നിയന്ത്രണം വരുന്നതോടെ ഈ സാധ്യതയും വഴിമുട്ടും. ഭൂമി വില്പന, കൈമാറ്റം, വായ്പയെടുക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളെയെല്ലാം ബാധിക്കും. മണ്ണിൽ പണിയെടുക്കുന്നവരെ പരിഗണിക്കാതെയാണ് ഈ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയതെന്ന് വ്യക്തമാണ്. സ്വന്തം ഭൂമി ഏതാവശ്യത്തിനും ഉപയോഗിക്കാൻ ഭൂമിയുടെ അവകാശികൾക്ക് അധികാരമുണ്ടെന്നിരിക്കെ മലയോര കർഷകരിലും ജനങ്ങളിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇഎസ്എ കരട് വിജ്ഞാപനവും ജനങ്ങളുടെ ആശങ്കയും
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി - വനം മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ ഏഴാം കരട് വിജ്ഞാപന പ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളാണ് നിലവിൽ പരിസ്ഥിതി ലോല മേഖലകളുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇതിൽ ഉൾപ്പെടുന്നത്. വനമേഖലക്ക് പുറമെയുള്ള ഈ പ്രദേശത്തെ തദ്ദേശവാസികളുടെയും കർഷകരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണിത്.
വന്യജീവി സങ്കേതം, ദേശീയ ഉദ്യാനങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും, തനത് സ്വഭാവം പരിരക്ഷിക്കുന്നതിനും, പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ അനിവാര്യമാണ്. കാലാവസ്ഥാമാറ്റവും പ്രകൃതിദുരന്തങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിലോല മേഖല തരംതിരിക്കേണ്ടതുമുണ്ട്. അതിന് ജനവാസമേഖലയെ പരിസ്ഥിതി ലോല മേഖലയായി മാറ്റുകയല്ല വേണ്ടത്. മലയോരങ്ങളിൽ താമസിക്കുന്നവരുടെ ആവാസവ്യവസ്ഥയെ ഉൾക്കൊണ്ട് ഈ പ്രദേശങ്ങളിൽ പാരിസ്ഥിതിക നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. പുതിയ പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിൽ നിന്ന് കേരളത്തെ പൂർണമായും ഒഴിവാക്കുന്നതിനായുള്ള പ്രമേയം സർക്കാർ കൊണ്ടുവരേണ്ടതുണ്ട്.










0 comments