വരൾച്ചയും ചൂടും കൂടുന്നു; ജലനിരപ്പ് ഉയർത്താൻ ക്ലൗഡ് സീഡിംഗുമായി മലേഷ്യ

കോലാലംപൂർ : അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനും മേഖലയിലെ മൂടൽമഞ്ഞ് കുറയ്ക്കുന്നതിനുമായി മലേഷ്യ വ്യാഴാഴ്ച കിഴക്കൻ സരാവകിൽ മൂന്ന് ദിവസത്തെ ക്ലൗഡ് സീഡിംഗ് പ്രവർത്തനം ആരംഭിച്ചു. ബതാങ് ഐ, ബകുൻ, മുറം ജലവൈദ്യുത അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർത്തുക ലക്ഷ്യമിട്ടാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്.
ഒക്ടോബറിലെ ചൂടും വരണ്ടതുമായ കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജലസംഭരണികളുടെ അളവ് വർധിപ്പിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചത്. ക്ലൗഡ് സീഡിംഗിനായി സി-130 വിമാനമാണ് ഉപയോഗിക്കുന്നത്. ലക്ഷ്യമിട്ട പ്രദേശങ്ങൾക്ക് മുകളിലായി 1,500 മുതൽ 2,100 മീറ്റർ വരെ ഉയരത്തിൽ മേഘങ്ങളിലേക്ക് സലൈൻ ലായനി തളിച്ചാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ മാത്രമേ ക്ലൗഡ് സീഡിംഗ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
അയൽരാജ്യമായ ഇന്തോനേഷ്യ അസാധാരണമായ വരണ്ട കാലാവസ്ഥയെ നേരിടുന്നതിനിടയിലാണ് ഈ ശ്രമം. സുമാത്രയിലും കലിമന്താനിലും കാട്ടുതീക്ക് അനുകൂലമായ സാഹചര്യങ്ങളാണ് എൽ നിനോ സൃഷ്ടിക്കുന്നത്. ജൂലൈയിൽ മാത്രം ഇന്തോനേഷ്യയിൽ ഏകദേശം 95,000 ഹെക്ടർ ഭൂമിയാണ് കാട്ടുതീയിൽ കത്തിനശിച്ചത്.









0 comments