നടപടിയെടുക്കാമെന്ന് ഡൽഹി പൊലീസ്; പ്രതിഷേധം അവസാനിപ്പിച്ച് സിജെപി

പാർലമെന്റ് പൊലീസ് സ്റ്റേഷന് മുന്നിലെ സിജെപി സമരത്തിനെത്തിയ നിഷു ആസാദ് | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ജന്തർമന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ അച്ഛനെ മർദിച്ചതിനെതിരെ കോക്രോച്ച് ജനതാ പാർടി (സിജെപി) നടത്തിയ പ്രതിഷേധം ഡൽഹി പൊലീസ് നൽകിയ ഉറപ്പിനെതുടർന്ന് അവസാനിപ്പിച്ചു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെതിരെ കേസെടുക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
പ്രക്ഷോഭത്തിനെത്തിയ നിഷു ആസാദ് എന്ന പെൺകുട്ടിയുടെ അച്ഛനെ മർദിച്ചതിൽ 72 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടും എന്ന് പൊലീസ് സിജെപി നേതാക്കൾക്ക് ഉറപ്പ് നൽകി. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
പൊലീസ് നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ വെള്ളി രാവിലെ 10 മുതലാണ് സിജെപി പ്രതിഷേധം തുടങ്ങിയത്. നിമിഷങ്ങൾക്കകം കൂടുതൽ യുവാക്കളും നേതാക്കളും സമരത്തിലെത്തി. തുടർന്നാണ് കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്. സൗരവ് ദാസ്, അഷുതോഷ് റാങ്ക തുടങ്ങിയവർ സിജെപി സമരത്തിന് നേതൃത്വം നൽകി.










0 comments