കൊച്ചിയിലേക്ക് ബാലവേലയ്‌ക്ക് എത്തിച്ച ആൺകുട്ടികളെ രക്ഷിച്ചു; ബിഹാർ സ്വദേശികൾ പിടിയിൽ

സുനിൽ മണ്ഡൽ, വബ്‌ലു നട്ട്
കൊച്ചി: കൊച്ചിയിലേക്ക് ബാലവേലയ്‌ക്കായി കൊണ്ടുവന്ന ബിഹാർ സ്വദേശികളായ പ്രായപൂർത്തിയാകാത്ത ഒമ്പത് ആൺകുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന ബിഹാർ ഗോപാൽ ഗഞ്ച് സ്വദേശികളായ സുനിൽ മണ്ഡൽ (22), വബ്‌ലു നട്ട് (25) എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ശനി രാത്രി ഏഴിന് പറ്റ്ന–എറണാകുളം എക്സ്പ്രസിലാണ് സംഘം സൗത്ത് സ്‌റ്റേഷനിൽ എത്തിയത്.
സ്‌റ്റേഷനിൽ റെയിൽവേ സുരക്ഷാസേനയും ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംശയാസ്പദ സാഹചര്യത്തിൽ കുട്ടികളെയും രണ്ട് മുതിർന്നവരെയും കണ്ടെത്തിയത്. ബിഹാറിലെ വിവിധ ജില്ലകളിൽനിന്നുള്ള കുട്ടികൾ ജോലി അന്വേഷിച്ച് എറണാകുളത്ത് എത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നാട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കാരണമാണ് ഈ യാത്രയെന്നും കുടുംബാംഗങ്ങളുടെ അറിവോടും സമ്മതത്തോടുംകൂടിയാണ് വന്നതെന്നും കുട്ടികൾ പറഞ്ഞു.
ഒമ്പത് കുട്ടികളിൽ അഞ്ചുപേരെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കറുകുറ്റി ഗലീല ചിൽഡ്രൻസ് ഹോമിലും നാലുപേരെ പള്ളുരുത്തിയിലുള്ള ബോസ്കോ നിലയത്തിലും പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്‌ത രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്‌തു.









0 comments