ad
Deshabhimani

എയിംസ്‌: സിപിഐ എം പ്രതിഷേധസംഗമം ഇന്ന്‌

aiims

aiims

വെബ് ഡെസ്ക്

Published on Jul 20, 2026, 01:21 AM | 1 min read

കോഴിക്കോട്‌

മുൻ എൽഡിഎഫ്‌ സർക്കാർ കിനാലൂരിൽ എംയിസിന്‌ സ്ഥലം ഏറ്റെടുത്തിട്ടും അതിനെ തകർക്കുന്ന കേന്ദ്ര –സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധസംഗമം തിങ്കൾ നടക്കും. വൈകിട്ട്‌ നാലിന്‌ മുതലക്കുളത്ത്‌ ചേരുന്ന സംഗമം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. വിപുലമായ സൗകര്യങ്ങളോടെ എയിംസ് കിനാലൂരിൽ സ്ഥാപിക്കാനുള്ള ഭൂമി എല്‍ഡിഎഫ് സര്‍ക്കാർ കണ്ടെത്തിയതാണ്‌. ഇപ്പോൾ സ്ഥലം മാറ്റാനുള്ള നീക്കത്തിനുപിന്നിൽ കോഴിക്കോടിനോടും മലബാറിനോടുമുള്ള അവഗണനയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുമാണ്‌. മുന്‍ സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ ഫലമായാണ് കേന്ദ്രം എയിംസ് അനുവദിക്കാമെന്നും അനുയോജ്യസ്ഥലം കണ്ടെത്തണമെന്നും സംസ്ഥാനത്തെ അറിയിച്ചത്. അതനുസരിച്ചാണ് കിനാലൂരില്‍ 252 ഏക്കർ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാരിനെ രേഖാമൂലം അറിയിച്ചത്. കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനെയും കരിപ്പൂർ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് സൗകര്യവുമുണ്ടെന്ന്‌ അറിയിച്ച്‌ അനുബന്ധ നടപടിയും പൂര്‍ത്തിയാക്കിയതാണ്‌. വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയിലെ 151.52 ഏക്കറാണ്‌ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് പ്രത്യേക ഉത്തരവിലൂടെ കൈമാറിയത്‌. ഇതിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടിയും തുടങ്ങിയതാണ്‌. ഇതോടെ 100 ഏക്കര്‍കൂടി മെഡിക്കല്‍ വിദ്യാഭ്യാസബോര്‍ഡിന് കൈമാറാനാവും. എല്ലാ നടപടിക്രമങ്ങളും ആയിട്ടും എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആലോചന നടത്തുന്നത് അപലപനീയമാണ്‌. എയിംസ് മാറ്റാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിൽ എല്ലാ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home