ഹെയ്ദി സാന്താമരിയ... ക്യൂബൻ വിപ്ലവത്തിന്റെ പെൺകരുത്ത്

ഹെയ്ദി സാന്താമരിയ
പി എസ് പൂഴനാട്
Published on Jan 04, 2026, 12:00 AM | 4 min read
1950-കളുടെ ആദ്യ വര്‍ഷങ്ങളിലായിരുന്നു ഹെയ്ദി സാന്താമരിയ എന്ന യുവതി, ക്യൂബയിലെ ഗ്രാമീണ പ്രദേശത്തുനിന്നും നഗരപ്രദേശമായ ഹവാനയിലേക്ക്, തന്റെ ഇളയസഹോദരനായ ആബേല്‍ സാന്താമരിയയോടൊപ്പം താമസിക്കാന്‍ എത്തിയത്. ഫിദല്‍ കാസ്ട്രോയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ആബേല്‍ സാന്താമരിയ . ക്യൂബന്‍ ജനതയുടെ ചരിത്രത്തെ വിപ്ലവാത്മകമായി മാറ്റിപ്പണിയാനുള്ള ചരിത്രദൗത്യത്തിൽ ഹെയ്ദി സാന്താമരിയ എന്ന യുവതി അങ്ങനെയാണ് ആദ്യമായി കണ്ണിചേര്‍ക്കപ്പെട്ടത്. 1953 ജൂലൈ 26 -ന് ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ പട്ടാള സ്വേച്ഛാധിപതിയായ ജനറല്‍ ഫള്‍ജെന്‍ഷിയോ ബാറ്റിസ്റ്റയ്ക്കെതിരെ മൊണ്‍കാദാ പട്ടാളബാരക്കിൽ നടന്ന വിപ്ലവാക്രമണത്തില്‍ പങ്കെടുത്ത സംഘത്തിലെ രണ്ടു വനിതാപോരാളികളില്‍ ഒരാളായി ഹെയ്ദി സാന്താമരിയ മാറി.
മറ്റേ കണ്ണും ചൂഴ്‌ന്നെടുക്കും
നൂറ്റിയറുപത് പുരുഷന്മാരോടൊപ്പം പോരാട്ടത്തില്‍ അണിനിരന്ന ഹെയ്ദി സാന്താമരിയ, മെല്‍ബാ ഹെര്‍ണാണ്ടസ് എന്നീ വനിതാപോരാളികളുടെ വിപ്ലവപ്രതിബദ്ധതയെ 1953 ഒക്ടോബര്‍ 16-ന് ക്യൂബന്‍ പട്ടാളക്കോടതിക്കുമുമ്പാകെ നടത്തിയ ആ ചരിത്രപ്രസംഗത്തില്‍ ഫിദല്‍ കാസ്ട്രോ ഇങ്ങനെ രേഖപ്പെടുത്തി, "പുരുഷന്മാരുടെ ധീരതകൊണ്ട് നിവൃത്തിയില്ലെന്നു വന്നപ്പോള്‍ സ്ത്രീകളുടെ ആത്മവീര്യം തകര്‍ക്കാനവര്‍ ശ്രമിച്ചു. ചോര ഒലിക്കുന്ന ഒരു മനുഷ്യക്കണ്ണും കൈയില്‍ പിടിച്ചുകൊണ്ട് കൂടെ കുറേ ആളുകളുമായി ഒരു സര്‍ജന്റ്, സഖാക്കള്‍ മെല്‍ബാ ഹെര്‍ണാണ്ടസും ഹെയ്ദീ സാന്താമരിയയും കിടക്കുന്ന ജയിലറയിലേക്ക് ചെന്നു. ആ കണ്ണ് നീട്ടിക്കാണിച്ചുകൊണ്ടയാള്‍ ഹെയ്ദിയോട് പറഞ്ഞു: ഈ കണ്ണ് നിന്റെ സഹോദരന്റേതാണ്. ഞങ്ങള്‍ ചോദിച്ച കാര്യങ്ങള്‍ അയാള്‍ ഏറ്റില്ല. അത് നിങ്ങള്‍ ഏറ്റില്ലെങ്കില്‍ അയാളുടെ മറ്റേ കണ്ണും ഞങ്ങള്‍ ചൂഴ്‌ന്നെടുക്കും: മറ്റെല്ലാറ്റിനുമുപരിയായി ധീരനായ തന്റെ സഹോദരനെ സ്നേഹിക്കുന്ന അവര്‍ തികഞ്ഞ അന്തസ്സോടുകൂടി മറുപടി പറഞ്ഞു: ‘ഒരു കണ്ണ് ചൂഴ്‌ന്നെടുത്തിട്ടും കള്ളം സമ്മതിക്കുവാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍, ഞാന്‍ തീരെയുമതിനില്ല'.പിന്നീടവര്‍ മടങ്ങിവന്ന് സിഗരറ്റിന്റെ തീകൊണ്ട് അവരുടെ കൈകള്‍ പൊള്ളിച്ചു. അവസാനം ആ കിരാതന്മാര്‍ പറഞ്ഞു: നിനക്ക് ഇനി കാമുകനില്ല. അവനെയും ഞങ്ങള്‍ കൊന്നു. പക്ഷേ യാതൊരു ചാഞ്ചല്യവുമില്ലാതെ ഹെയ്ദി മറുപടി കൊടുത്തു: അദ്ദേഹം മരിക്കുകയില്ല. സ്വന്തം മാതൃഭൂമിക്കു വേണ്ടി മരിക്കുകയെന്നു പറഞ്ഞാല്‍ എന്നെന്നും ജീവിക്കുകയെന്നാണര്‍ഥം. ഇതിനു മുമ്പൊരിക്കലും ക്യൂബയിലെ സ്ത്രീത്വത്തിന്റെ ധീരതയും അന്തസ്സും ഇത്രയധികം ഉയര്‍ന്നിട്ടില്ല" (ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം).
പൊരുതിനിന്ന വിപ്ലവകാരി
മൊണ്‍കാദാ വിപ്ലവാക്രമണത്തെത്തുടര്‍ന്ന് ഏഴു മാസത്തോളം അതിഭീകരമായ മര്‍ദനങ്ങളേറ്റുവാങ്ങി ബാറ്റിസ്റ്റയുടെ ജയിലറകള്‍ക്കുള്ളില്‍ ഹെയ്ദി സാന്താമരിയ എന്ന വിപ്ലവകാരി പൊരുതിനിന്നു. 1954 ഫെബ്രുവരി 20-നായിരുന്നു ജയില്‍ മോചിതയായത്. തുടർന്ന് ജൂലൈ 26 പ്രസ്ഥാനവുമായി സജീവമായി ഇഴുകിച്ചേര്‍ന്നു. ഒരു പീഡനമുറകള്‍ക്കും അവരെ ഒരു തരിപോലും പിന്തിരിപ്പിക്കാനായില്ല. ജയിലറകള്‍ക്കുള്ളില്‍ വച്ചാണ് കോടതി മുമ്പാകെയുള്ള തന്റെ വാദമുഖങ്ങളെ കാസ്ട്രോ രഹസ്യമായി എഴുതിത്തീര്‍ത്തത്. "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും’ എന്ന അത്യുജ്വലമായ ആ വിപ്ലവപ്രഭാഷണത്തെ പുറത്തെത്തിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും അച്ചടിച്ചുവിതരണം ചെയ്യുന്നതിലും മുഖ്യപങ്കുവഹിച്ചത് ഹെയ്ദി സാന്താമരിയയായിരുന്നു. ഈ പ്രഭാഷണമായിരുന്നു പിന്നീട് ജൂലൈ 26 പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോയായി മാറിയത്. 1955 മെയ് 15 -ന് ഫിദല്‍ കാസ്ട്രോയും മറ്റു പോരാളികളും ജയില്‍ മോചിതരായി. ഹെയ്ദി സാന്താമരിയയുടെ സഹോദരനും കാമുകനും ഉള്‍പ്പെടെ ഭൂരിപക്ഷംപേരും മൊണ്‍കാദാ വിപ്ലവാക്രമണത്തെത്തുടര്‍ന്ന് വധിക്കപ്പെട്ടിരിക്കുന്നു. വേദനകള്‍ കനലായി നില്‍ക്കുമ്പോഴും പുതിയ ക്യൂബയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഹെയ്ദിയെ മുന്നോട്ട് പായിച്ചുകൊണ്ടിരുന്നു.
ഹെയ്ദി സാന്താമരിയ
വിപ്ലവമൊരുങ്ങിയ രണ്ടുമുറി
സ്പാനിഷ് കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായി 1922 ഡിസംബര്‍ 30നായിരുന്നു ഹെയ്ദി പിറന്നത്. അഞ്ചു മക്കളില്‍ മൂത്തവളായിരുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും എങ്ങും തിമിര്‍ത്താടി. അതുകൊണ്ടുതന്നെ ആറാംതരംവരെ മാത്രമേ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ഹോസെ മാര്‍ട്ടിയുടെ കവിതകളും എഴുത്തും ഹെയ്ദിയെ കുട്ടിക്കാലത്തുതന്നെ ഏറെ വശീകരിച്ചിരുന്നു. അധ്യാപികയായും നഴ്സായും കുറച്ചുകാലം ജോലിനോക്കി. ഹെയ്ദിയുടെ ഇളയസഹോദരനായ ആബേൽ ഹവാന സിറ്റിയിലെ ഒരു രണ്ടുമുറി അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. ആ ഇടുങ്ങിയ രണ്ടുമുറി അപ്പാര്‍ട്ട്മെന്റാകട്ടെ ഫിദല്‍ കാസ്ട്രോ ഉള്‍പ്പെടെയുള്ള യുവവിപ്ലവകാരികളുടെ കൂടിച്ചേരലിന്റെ ഇടമായിരുന്നു ! അവിടെവച്ചായിരുന്നു മൊണ്‍കാദാ പട്ടാളബാരക്കിനുനേരെയുള്ള വിപ്ലവാക്രമണങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത്. ആ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറുന്നതോടെയാണ് യാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുകളില്‍നിന്നും ഹെയ്ദി മോചിപ്പിക്കപ്പെടുന്നത്. മൊണ്‍കാദാ വിപ്ലവാക്രമണത്തെത്തുടര്‍ന്ന്, ജയിലഴികള്‍ക്കുള്ളിലെ അതിഭീകരമായ മര്‍ദനങ്ങളേറ്റുവാങ്ങി ആബേല്‍ രക്തസാക്ഷിയായി. ആബേലിന്റെ കണ്ണുകള്‍ ബാറ്റിസ്റ്റയുടെ പട്ടാളം ചൂഴ്‌ന്നെടുത്തിരുന്നു. മൊണ്‍കാദാ വിപ്ലവാക്രമണത്തിന്റെ രണ്ടാം കമാന്‍ഡറായിരുന്നു ആബേല്‍. ഒന്നാം കമാന്‍ഡര്‍ ഫിദല്‍ കാസ്ട്രോയും.
ക്യൂബയുടെ പുനര്‍നിര്‍മാണത്തിലേക്ക്
ക്യൂബന്‍ വിപ്ലവപോരാട്ടത്തിന്റെ ആദ്യഘട്ടം മുതല്‍ സിയേറ മെയ്സ്ട്രാ മലനിരകളിലെ അവസാനഘട്ടംവരെ അണിനിരന്ന വിപ്ലവ പോരാളിയായിരുന്നു ഹെയ്ദി സാന്താമരിയ. ആ വിപ്ലവാനുഭവങ്ങളുടെ തീച്ചൂളകളില്‍ ഉരുകിത്തിളച്ചുകൊണ്ടായിരുന്നു വിപ്ലവാനന്തര ക്യൂബയുടെ പുനര്‍നിര്‍മാണപ്രക്രിയയിലേക്ക് സാന്താമരിയയും കാലെടുത്തുവച്ചത്. പിന്നീടുള്ള രണ്ടു ദശാബ്ദക്കാലം സാംസ്കാരിക ആക്ടിവിസത്തിന്റെ ജ്വലിക്കുന്ന മുഖമായി ലാറ്റിനമേരിക്കയിൽ അവര്‍ നിറഞ്ഞുനിന്നു. ജൂലൈ 26 പ്രസ്ഥാനത്തിലെ പോരാളിയും യുവ അഭിഭാഷകനുമായ അര്‍മാഡോ ഹാര്‍ത്തിനെയായിരുന്നു ഹെയ്ദി വിവാഹം ചെയ്തത്. അര്‍മാഡോ ഹാര്‍ത്തായിരുന്നു വിപ്ലവാനന്തര ക്യൂബയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി. പിന്നീട് സാംസ്കാരിക മന്ത്രിയായും ഹാര്‍ത്ത് പ്രവര്‍ത്തിച്ചു. അവര്‍ക്ക് രണ്ടു കുട്ടികളായിരുന്നു. അതോടൊപ്പം ലാറ്റിനമേരിക്കയുടെ വിവിധ ഇടങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടുപോയ നിരവധി കുട്ടികളെ അവര്‍ ദത്തെടുത്തു.
കാസ ഡി ലാസ് അമേരിക്കാസ്
ക്യൂബയുടെ സാംസ്കാരിക പ്രതീകമായി ലോകത്തിനുമുന്നില്‍ മുഷ്ടിചുരുട്ടി നില്‍ക്കുന്ന സാംസ്കാരിക സമുച്ചയമാണ് കാസ ഡി ലാസ് അമേരിക്കാസ് (ദി ഹൗസ് ഓഫ് ദി അമേരിക്കാസ്). വിപ്ലവാനന്തരം ക്യൂബന്‍ ഗവണ്‍മെന്റ് രൂപപ്പെടുത്തിയ സാംസ്കാരിക സ്ഥാപനമാണിത്. ഈ സാംസ്കാരിക സ്ഥാപനത്തെ രണ്ടു പതിറ്റാണ്ടോളം മുന്നില്‍നിന്നു നയിച്ചത് ഹെയ്ദി സാന്താമരിയയാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ സഖ്യകക്ഷികളും നിരന്തരം തൊടുത്തുവിട്ട പ്രത്യയശാസ്ത്ര പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു ആ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖലകളിലൊന്ന്. അതോടൊപ്പം ലാറ്റിനമേരിക്കയിൽ ആകമാനമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമഭൂമികയായിക്കൂടി അത് നിലനില്‍ക്കുകയാണ്. ധൈഷണികവും സാംസ്കാരികവുമായ പുതിയൊരു മാതൃകയായി ഹെയ്ദിയുടെ നേതൃത്വത്തില്‍ ആ സ്ഥാപനം വളരുകയായിരുന്നു. മാനുഷിക ആവിഷ്കാരങ്ങളുടെ ഏറ്റവും ഉന്നത സ്ഥാനമായിട്ടായിരുന്നു ഹെയ്ദി സാന്താമരിയ കലയെ നോക്കിക്കണ്ടത്. സാമൂഹ്യമാറ്റത്തിനുള്ള അനിവാര്യമായ ഒരു ഘടകംകൂടിയാണത്. ലോകത്താകമാനമുള്ള പുരോഗമന എഴുത്തുകാരോടും കലാകാരോടും ഐക്യദാര്‍ഢ്യത്തിന്റെ പുതിയ മാതൃകകള്‍കൂടി ആ സ്ഥാപനം നിരന്തരം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഴാങ്പോള്‍ സാര്‍ത്ര്, സിമോന്‍ ദി ബൊവ്വാര്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് തുടങ്ങിയുള്ള ബുദ്ധിജീവികളും എഴുത്തുകാരും ആ സാംസ്കാരിക സ്ഥാപനത്തോട് നിരന്തരം ഐക്യപ്പെട്ടു. പുതിയ മനുഷ്യരെ സൃഷ്ടിക്കലായിരുന്നു വിപ്ലവക്യൂബയുടെ പ്രധാന പ്രമേയം. ആ പുതിയ മനുഷ്യജീവിതത്തിന്റെ ആവിഷ്കാരരൂപമായിട്ടായിരുന്നു ഹെയ്ദി ക്യൂബയിലാകമാനം നിറഞ്ഞുനിന്നത്.
ഹെയ്ദി സാന്താമരിയയും ഭർത്താവ് അര്‍മാഡോ ഹാര്‍ത്തും
ഒടുവിൽ സ്വന്തം തോക്കിനാല്‍
വിപ്ലവകാരിയായും സാംസ്കാരിക പോരാളിയായും പൊരുതി നില്‍ക്കുമ്പോഴും മനസ്സിന്റെ ഏതോ തലങ്ങളില്‍ വിഷാദരോഗത്തിന്റെ വിത്തുകൾ ഹെയ്ദിയെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. സഹോദരന്റെ രക്തം വാര്‍ന്നൊഴുകുന്ന ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളും പട്ടാളക്കാര്‍ അറുത്തുമുറിച്ചുകൊണ്ടുവന്ന കാമുകന്റെ നുറുങ്ങിച്ചതഞ്ഞ വൃഷ്‌ണവും ആ മനസ്സിനെ നിരന്തരം വേട്ടയാടി. മഹാവിപ്ലവകാരിയായ ചെ ഗുവേരയുടെ വധവും തന്റെ പ്രാണസുഹൃത്തും സഖാവുമായിരുന്ന സീലിയ സാഞ്ചസിന്റെ ശ്വാസകോശാര്‍ബുദവും ആ മനസ്സിനെ പിടിച്ചുലച്ചു. ഒടുവില്‍ അതിമാരകമായ ഒരു കാറപകടത്തെത്തുടര്‍ന്ന് നിലയ്ക്കാത്ത വേദനകളുടെ അലര്‍ച്ചകളിലേക്ക് പോരാളിയായ ആ വനിത മറിഞ്ഞുവീണു. ഒടുവില്‍ ആ ജീവിതം, സ്വന്തം തോക്കിനാല്‍ ഒടുങ്ങിത്തീര്‍ന്നു. ആത്മഹത്യയെ പുണരുമ്പോൾ അമ്പത്തിയേഴ് വയസ്സുമാത്രമായിരുന്നു ഹെയ്ദിയുടെ പ്രായം. ക്യൂബന്‍ വിപ്ലവത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികാഘോഷം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കുശേഷമായിരുന്നു ആ ദുരന്തം.










0 comments