Deshabhimani

മുഖകാന്തിക്കായി ജീവൻ‌ കൊടുക്കരുത്

CREAM.
വെബ് ഡെസ്ക്

Published on Nov 29, 2026, 06:52 AM | 3 min read

മുഖം വെളുക്കാൻ തേച്ച ക്രീമിലുണ്ടായിരുന്ന അമിത അളവിലെ മെർക്കുറി ഒരു പെൺകുട്ടിയുടെ ജീവൻതന്നെ അപകടത്തിലാക്കിയതാണ്‌ നാം കണ്ടത്‌. അതായത്‌, മെർക്കുറി ക്രമേണ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെട്ട്‌ ഒരു അളവിലെത്തിയപ്പോൾ വൃക്കയുടെ പ്രവർത്തനത്തെത്തന്നെ തകരാറിലാക്കുകയായിരുന്നു. ഇത് ഉപയോഗിക്കുന്ന എല്ലാവരിലും വൃക്ക തകരാറ്‌ വരണമെന്നില്ല. പക്ഷേ, പാരമ്പര്യമായി രോഗസാധ്യതയുള്ളവരുടെ ആരോഗ്യം അപകടത്തിലാക്കാം. ഇതല്ലെങ്കിൽ മറ്റൊരു വിധത്തിൽ കുറെ കാലം ഇത്തരത്തിലുള്ള ക്രീം ഉപയോഗിക്കുന്നതിലൂടെ മെർക്കുറി ശരീരത്തിൽ അടിഞ്ഞുകൂടാം. ഇത്‌ മറ്റു പാർശ്വഫലങ്ങളുണ്ടാക്കാം. 2022–24 കാലയളവിൽ ഇത്തരത്തിൽ പതിനഞ്ചോളം ചികിത്സാകേസുകൾ കോട്ടക്കൽ മിംസിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന്‌ ഇത്തരത്തിൽ വാർത്തകളും അന്വേഷണങ്ങളുമുണ്ടായി. കുറച്ചുനാളത്തേക്ക് ക്രീം ഉപയോഗിക്കാൻ പേടിയായിരുന്നു. അതിനുശേഷം അതെല്ലാവരും മറന്നു.

​

​ത്വക്കിലെ പ്രശ്നങ്ങളും 
ഡോക്ടറുടെ സഹായവും

​

ഒരാൾക്ക് ത്വക്കിൽ ചൊറിച്ചിൽ എന്നു വയ്‌ക്കുക. അത് ഫംഗൽ ഇൻഫെക്ഷനാകാം അല്ലെങ്കിൽ ബാക്ടീരിയൽ ഇൻഫെക്ഷനാകാം. ഇനി അതൊന്നുമല്ലാതെ വിയർപ്പിന്റെ അലർജിയോ വസ്‌ത്രവുമായി ഉരഞ്ഞിട്ടുവരുന്ന റിയാക്ഷൻസോ ആകാം. എന്തെങ്കിലുമൊക്കെ മരുന്ന് തേച്ചിട്ട് അതിന് പ്രശ്നങ്ങൾ വരുത്തുന്നതിനേക്കാൾ എപ്പോഴും നല്ലത് ഒരു ഡോക്ടറെ കണ്ട്‌ എന്താ പ്രശ്നമെന്ന്‌ മനസ്സിലാക്കുന്നതാണ്. പിന്നെ ഇപ്പോഴത്തെ ട്രെൻഡിങ്ങായ ചർമസംരക്ഷണത്തെക്കുറിച്ചാണ്‌. നോർമൽ സ്കിൻ ആണെങ്കിൽ പ്രത്യേകിച്ച് വലിയ ചികിത്സ ആവശ്യമില്ല. സ്വാഭാവികമായിത്തന്നെ മോയ്സ്ചറൈസിങ് ഫാക്ടർ എന്നു പറയുന്ന സാധനം ചർമത്തിലുണ്ട്‌. ത്വക്കിലുള്ള മെലാനിൻതന്നെ സൺസ്ക്രീന്റെ സംരക്ഷണം തരുന്നുണ്ട്‌. പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യൻ ഡാർക്ക് സ്കിൻ ആയിട്ടുള്ള ആളുകളിൽ മെലാനിൻ നല്ലതുപോലെയുണ്ടാകും. അൾട്രാവയലറ്റ് രശ്‌മികളെ ചർമത്തിന്റെ താഴെ എത്തിക്കാതെ സംരക്ഷണം കൊടുക്കുന്നതാണ് ഈ മെലാനിൻ. വെയിലത്ത്, ഉച്ചനേരത്ത് കൂടുതൽ നേരം വെയിൽ കൊള്ളുന്നുണ്ടെങ്കിൽ സൺസ്ക്രീൻസ് യൂസ് ചെയ്യാം.

​

വ്യാജ ക്രീമുകളെ എങ്ങനെ തിരിച്ചറിയാം

​

ക്രീമുകളിൽ മെർക്കുറി, ലെഡ്, ആർസെനിക്, ക്രോമിയം, കാഡ്മിയം തുടങ്ങിയ ഹെവി മെറ്റലുകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇവയ്ക്ക് അനുവദനീയമായ പരമാവധി അളവിനെക്കുറിച്ച് (PPM) കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഇന്ത്യയിൽ മരുന്നുകളുടെയും കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെയും നിയന്ത്രണത്തിന് പ്രധാനമായും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO), ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) എന്നിവയാണുള്ളത്. ഏതൊരു ഉൽപ്പന്നവും വിപണിയിൽ എത്തിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട അനുമതികൾ നിർബന്ധമായും നേടിയിരിക്കണം. മഞ്ഞൾ, വേപ്പ്, ചന്ദനം തുടങ്ങിയ ഹെർബൽ ഘടകങ്ങൾ അടങ്ങിയതാണെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങളാണെങ്കിൽപ്പോലും അവ ഒരു ക്രീം അഥവാ കോസ്മെറ്റിക് രൂപത്തിൽ വിൽക്കുകയാണെങ്കിൽ അനുമതി ആവശ്യമാണ്. എന്നാൽ, വിപണിയിൽ എത്തുന്ന പല വ്യാജ ക്രീമുകളും ഇത്തരം നിയമപരമായ അനുമതികളൊന്നും നേടുന്നില്ല.

​

എന്തൊക്കെ ശ്രദ്ധിക്കാം

​

ക്രീമുകളും പെർഫ്യൂമുകളും തെരഞ്ഞെടുക്കുമ്പോൾ പ്രായം, ചർമത്തിന്റെ സ്വഭാവം എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലുള്ള പ്രത്യേക ക്രീമുകളുടെ അമിത ആവശ്യം സാധാരണയായി വരുന്നില്ല. ചർമത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ആ പ്രത്യേക പ്രശ്നത്തിന് ആവശ്യമായ പരിഹാരം തേടുക എന്നതിനപ്പുറം വലിയ കാര്യങ്ങളൊന്നുമില്ല. പെർഫ്യൂമുകളുടെ കാര്യത്തിൽ, അലർജിയുള്ളവർ അത് ഒഴിവാക്കുക എന്നതാണ് പ്രധാനം. നമുക്ക് അലർജിയുണ്ടോ ഇല്ലയോ എന്ന് മുൻകൂട്ടി കണ്ടെത്താൻ എളുപ്പമാർഗങ്ങളില്ല; ഉപയോഗിച്ചുനോക്കുമ്പോൾ മാത്രമേ ശരീരത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാകൂ. ചർമത്തിന്റെ സ്വാഭാവിക അവസ്ഥയിൽനിന്ന്‌ എന്തെങ്കിലും വ്യതിയാനം അനുഭവപ്പെടുന്നതാണ് പാർശ്വഫലങ്ങളുടെ ആദ്യസൂചന. ചെറുതായി ഡ്രൈയായാൽ പോലും നല്ല ലക്ഷണമല്ല. എണ്ണമയമുള്ള ചർമത്തിനു വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ ചർമം അമിതമായി വരണ്ടുപോകാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ അത് ഗുണകരമാണെന്ന് തെറ്റിദ്ധരിക്കാതെ ഉൽപ്പന്നത്തിന്റെ ഉപയോഗം നിർത്തേണ്ടതാണ്.

​

ഇല്ലാത്ത പ്രശ്നത്തിന്‌ ചികിത്സ വേണോ

​

നിലവിൽ ചർമരോഗ വിഭാഗങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങൾ മുഖക്കുരു (Acne), മുടികൊഴിച്ചിൽ (Hair fall), പിഗ്മെന്റേഷൻ (Pigmentation), ഫംഗൽ -ബാക്ടീരിയൽ അണുബാധകൾ എന്നിവതന്നെയാണ്. ഇതിനുപുറമെ ഇന്ന് കൂടുതലായി കാണുന്ന ഒരു പുതിയ പ്രവണത സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗംമൂലമുണ്ടാകുന്ന കോസ്മെറ്റിക് അലർജികളാണ്‌ (Cosmetic allergies). സാധാരണ മോയ്സ്ചറൈസറുകളോ സൺസ്ക്രീനുകളോ പോലും അലർജിയുണ്ടാക്കുന്നതും ചർമത്തിന് യോജിച്ചതെന്ന് കരുതുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ മുഖക്കുരു വരുന്നതുമടക്കമുള്ള നിരവധി കേസുകൾ കാണാറുണ്ട്. സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം ഭാവിയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് എൻഡോക്രൈൻ ഡിസ്രപ്ഷൻ (Endocrine disruption– ഹോർമോൺ സന്തുലിതാവസ്ഥയിലെ തകരാറുകൾ). വളരെ ചെറുപ്രായത്തിൽ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുതുടങ്ങുമ്പോൾ, വ്യക്തി പ്രായപൂർത്തിയായി പ്രത്യുൽപ്പാദന പ്രായത്തിലേക്ക് (Reproductive age) എത്തുമ്പോഴേക്കും ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ പ്രകടമാകാൻ സാധ്യതയുണ്ട്.

​

ട്രെൻഡിങ് അല്ല ജീവിതം

​

കൗമാരക്കാർ ചർമസംരക്ഷണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ട്രെൻഡുകൾക്കുപിന്നാലെ പോകുന്നത് വ്യക്തമായി കാണാം. സോഷ്യൽ മീഡിയയുടെ സ്വാധീനം വർധിച്ചതോടെ, മുഖത്ത് ആറും ഏഴും ഉൽപ്പന്നങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ എന്തോ വലിയ അപകടം സംഭവിക്കുമെന്ന തോന്നലാണ് പല കുട്ടികൾക്കുമുള്ളത്. സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്ന രീതി മാറി ഫെയ്‌സ് വാഷ് നിർബന്ധമാവുകയും തുടർന്ന് ടോണർ, മോയ്സ്ചറൈസർ, ഒന്നിലധികം സിറമുകൾ, സൺസ്ക്രീൻ എന്നിവയില്ലാതെ ചർമത്തിന് നിലനിൽപ്പില്ലെന്ന ചിന്താഗതിയും രൂപപ്പെട്ടിട്ടുണ്ട്.

വാസ്തവത്തിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം കൂടുന്തോറും ചർമത്തിന് ഉണ്ടാകുന്ന കേടുപാടുകളും വർധിക്കുകയാണ് ചെയ്യുന്നത്. സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷണം ആവശ്യമുള്ള പ്രത്യേക ചർമരോഗങ്ങൾ ഇല്ലാത്തപക്ഷം, 18 വയസ്സുവരെ സൺസ്ക്രീൻപോലും നിർബന്ധമായി ഉപയോഗിക്കേണ്ടതില്ല എന്ന്‌ വിദഗ്ധ അഭിപ്രായങ്ങളുണ്ട്‌. ഒപിയിൽ എത്തുന്ന രോഗികളോട് സൺസ്ക്രീനോ മോയ്സ്ചറൈസറോ ആവശ്യമില്ല എന്ന് പറയുമ്പോൾ പോലും, ഡോക്ടർക്ക് വിവരമില്ലെന്ന തരത്തിലുള്ള മനോഭാവമാണ് പലർക്കുമുള്ളത്.മുഖം വെളുക്കാൻ തേച്ച ക്രീമിലുണ്ടായിരുന്ന അമിത അളവിലെ മെർക്കുറി ഒരു പെൺകുട്ടിയുടെ ജീവൻതന്നെ അപകടത്തിലാക്കിയതാണ്‌ നാം കണ്ടത്‌. അതായത്‌, മെർക്കുറി ക്രമേണ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെട്ട്‌ ഒരു അളവിലെത്തിയപ്പോൾ വൃക്കയുടെ പ്രവർത്തനത്തെത്തന്നെ തകരാറിലാക്കുകയായിരുന്നു.

(കോഴിക്കോട്‌, ബേബി മെമ്മോറിയൽ ആശുപത്രി ഡെർമറ്റോളജി ആൻഡ്‌ കോസ്‌മറ്റോളജി കൺസൾട്ടന്റ്‌ )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home