Deshabhimani

ഞാൻ ഭാരതീയൻ: നാട്ടകത്തുനിന്നൊരു നാടകം

drama
avatar
രമേശൻ ബ്ലാത്തൂർ

Published on Nov 29, 2026, 07:33 AM | 2 min read

സാധുവായ ഒരു വിഷ്ണു നമ്പീശൻ എങ്ങനെയാണ് ഭാരതീയനാകുന്നത് എന്ന് അവതരിപ്പിക്കുന്ന നാടകമാണ് ഞാൻ ഭാരതീയൻ. ഇന്ത്യയിൽ ആദ്യമായി കർഷകസംഘം കർഷക കൂട്ടായ്മ രൂപപ്പെട്ടത് കണ്ണൂരിലെ കൊളച്ചേരി ഗ്രാമത്തിൽ 1935 ജൂലൈയിൽ വിഷ്ണു ഭാരതീയന്റെ വീടായ ഭാരതീയ മന്ദിരത്തിലാണ്. ‘കൃഷിഭൂമി കർഷകന്, സ്വാതന്ത്ര്യം ജന്മാവകാശം’ ഇതായിരുന്നു അവരുടെ മുദ്രാവാക്യം. ജന്മികൾക്കെതിരെ, അവരുടെ ചൂഷണങ്ങൾക്കെതിരെ ഒരു ശക്തിയായി ആ മുദ്രാവാക്യം ഉയർന്നു.


സാത്വികനായ ഒരു അമ്പലവാസിയായ വിഷ്ണു നമ്പീശൻ എന്ന യുവാവ് കർഷക സമരത്തിലേക്കും കർഷക കൂട്ടായ്മ ഉണ്ടാക്കുന്നതിലേക്കും അതുവഴി മൊറാഴ സമരത്തിലെ രണ്ടാം പ്രതിയുമായി. ദാരിദ്ര്യവും ദൈന്യതകളും നിറഞ്ഞ ആ വിപ്ലവകാരിയുടെ ജീവിതം അദ്ദേഹത്തിന്റെ ജന്മനാട് വീണ്ടും അടയാളപ്പെടുത്തുകയാണ് ‘ഞാൻ ഭാരതീയൻ’ എന്ന നാടകത്തിലൂടെ. കരിങ്കൽകുഴി സ്പോർട്‌സ് ആൻഡ്‌ ആർട്സ് ക്ലബ് ആ ജീവിതം രംഗത്തെത്തിച്ചിരിക്കുന്നു.


പ്രൊഫഷണൽ നാടകസംഘത്തെ വിസ്മയിപ്പിക്കുന്ന തരത്തിൽ 30 അടി നീളമുള്ള മുൻ കർട്ടനില്ലാത്ത, കർട്ടൻ വീഴാത്ത രണ്ട്‌ മണിക്കൂർ നാടകം. ഓർമകൾ ഉണ്ടായിരിക്കണം എന്ന് ഓർമിപ്പിക്കുന്ന നാടകമാണ് ഞാൻ ഭാരതീയൻ. നമ്മൾ മറവിയിലേക്ക് തള്ളുന്നവരെ, സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ജീവിതം മാറ്റിവച്ചവരെ ഓർമിപ്പിക്കുന്ന നാടകം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ വേണ്ടത്ര അടയാളപ്പെടുത്താതെ പോയ ഒരു ജീവിതത്തെ അരങ്ങിലേക്ക് കൊണ്ടുവരികയാണ് ഈ നാടകത്തിലൂടെ.


പ്രണയവും മരണവും സമരങ്ങളും ജയിൽവാസങ്ങളും പാർടി മാറ്റവും വാർധക്യകാലത്തെ ദാരിദ്ര്യവും എല്ലാം ചേർന്ന പ്രക്ഷുബ്‌ധമായ ഒരു സമരസേനാനിയുടെ ജീവിതത്തെ പ്രശസ്ത നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ ഹൃദ്യമായി രചിച്ചത് ഡോ. സാംകുട്ടി പട്ടംകരി ഡിസൈനും സംഗീതവും ദീപസംവിധാനവും ഉൾപ്പെടെ ദൃശ്യാവിഷ്‌കാരം നൽകിയപ്പോൾ മികച്ച അനുഭവം. രാജീവൻ പണ്ടാരിയുടെ ദീപനിയന്ത്രണവും ഹരിദാസ് ബക്കളത്തിന്റെ രംഗശിൽപ്പവും മനീഷ് സാരംഗിയുടെ സംഗീതനിയന്ത്രണവും ഭാസ്കരൻ പി നണിയൂരിന്റെ വസ്ത്രാലങ്കാരവും നാടകത്തെ ഉജ്വലമാക്കി.


വി വി ശ്രീനിവാസൻ ഭാരതീയനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്രീകാന്ത് ബാലചന്ദ്രൻ വിഷ്ണുവിന്റെ ചെറുപ്പകാലത്തെ അവതരിപ്പിക്കുന്നു. സുധീർ ബാബു മൊയാരത്ത് ശങ്കരനായും സുബ്രൻ കൊളച്ചേരി കേരളീയനായും വേഷമിട്ടു. രംഗത്തെത്തുന്ന 18 പേരിൽ പലരും പ്രൊഫഷണൽ നടന്മാരല്ല. ഭാരതീയന്റെ നാട്ടുകാരാണ്. അതാണ് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നത്. ഉപ്പുസത്യഗ്രഹവും സമരവും ഗുരുവായൂർ സത്യഗ്രഹവും നീലേശ്വരം കള്ള് ഷാപ്പ് പിക്കറ്റിങ്ങും കരക്കാട്ടിടം നായനാർക്കെതിരെയുമായുള്ള സമരങ്ങളും ജയിലിലെ ലോക്കപ്പ്‌ പീഡനവും എല്ലാം നാടകത്തിലേക്ക് കടന്നുവരുന്നു. പൊലീസും ജന്മിമാരുടെ ഗുണ്ടകളും പല സന്ദർഭങ്ങളിൽ ഭാരതീയനെ ഭീകരമായി മർദിക്കുന്നുണ്ട്. പിണറായി പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിന് മുന്നോടിയായി ഇ എം എസ് ഉൾപ്പെടെയുള്ള കോൺഗ്രസ് സോഷ്യലിസ്റ്റുകൾ പത്ത് ദിവസം നീണ്ട സൈദ്ധാന്തിക ചർച്ചകൾക്കായി ഭാരതീയന്റെ ഭവനത്തിൽ ഒത്തുചേർന്നതും നാടകത്തിലൂടെ കടന്നുപോകുന്നുണ്ട്. കേരളം കാണേണ്ട ഒരു നാടകമാണ് ‘ഞാൻ ഭാരതീയൻ’.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home