Deshabhimani

ശാസ്ത്രത്തിന്റെ ​ഗതിക്കൊപ്പം

SASTHRA JATHI.
വെബ് ഡെസ്ക്

Published on Nov 29, 2026, 07:09 AM | 4 min read

ശാസ്‌ത്രപ്രചാരണത്തിന്‌ സ്വന്തമായി ഒരു മാസിക ആരംഭിക്കുക എന്നത്‌ ’60കളിൽ ശാസ്‌ത്രപ്രചാരകരുടെ വിദൂരസ്വപ്‌നങ്ങളിൽപ്പോലും ഉണ്ടായിരുന്നില്ല. ശാസ്‌ത്രമാസിക ആരംഭിക്കണമെന്ന അഭ്യർഥന മുൻനിര പ്രസിദ്ധീകരണങ്ങൾ അവഗണിച്ചതോടെയാണ്‌ 1966 ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മൂന്നാംവാർഷികസമ്മേളനം ശാസ്ത്രഗതി എന്ന പേരിൽ സയൻസ്‌ ത്രൈമാസിക തുടങ്ങാൻ തീരുമാനിച്ചത്‌. 1956 ഡിസംബർ 23ന് ഒറ്റപ്പാലത്തുവച്ച് രൂപീകരിച്ച ‘ശാസ്ത്രസാഹിത്യ സമിതി'യാണ് ഐക്യകേരളത്തിലെ ആദ്യത്തെ ജനകീയപ്രസ്ഥാനം. മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന പി ടി ഭാസ്‌കരപ്പണിക്കർ പ്രസിഡന്റും ഒ പി നമ്പൂതിരിപ്പാട് സെക്രട്ടറിയുമായാണ് സമിതി പ്രവർത്തനം ആരംഭിച്ചത്. ചാൾസ് ഡാർവിന്റെ ‘ജീവജാലങ്ങളുടെ ഉൽപ്പത്തി' തർജമ ചെയ്യണമെന്ന് തീരുമാനിച്ചു. ഇ വി ദേവിനെ ചുമതലപ്പെടുത്തിയെങ്കിലും പൂർത്തിയാക്കുന്നതിനുമുമ്പേ സമിതി പ്രവർത്തനരഹിതമായി. ലളിതഭാഷയിൽ ശാസ്ത്രപുസ്‌തകങ്ങൾ മലയാളത്തിൽ തയ്യാറാക്കുക, വിദഗ്‌ധരുടെ ശാസ്ത്രലേഖനങ്ങൾ ഉൾക്കൊള്ളുന്ന ആനുകാലികങ്ങൾ ആരംഭിക്കുക എന്നതായിരുന്നു സമിതിയുടെ ലക്ഷ്യം.

​അഞ്ചുവർഷത്തിനുശേഷം 1962ലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണം. ശാസ്ത്രപ്രചാരണം, ശാസ്ത്രസാഹിത്യ പരിപോഷണം, രചയിതാക്കളുടെ കൂട്ടായ്‌മ ശക്തിപ്പെടുത്തൽ, സമൂഹത്തിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കൽ എന്നിവയാണ് പരിഷത്ത് ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരുന്നത്. സ്വന്തമായി ഒരു പ്രസിദ്ധീകരണമെന്നത് വിദൂരലക്ഷ്യംപോലും ആയിരുന്നില്ല. മറ്റു പ്രസാധകരെക്കൊണ്ട് ശാസ്ത്രപുസ്‌തകങ്ങൾ പ്രസിദ്ധീകരിപ്പിച്ച്‌ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഒരു ശാസ്ത്രമാസിക തുടങ്ങണമെന്ന് അഭ്യർഥിച്ച്‌ ഭാരവാഹികൾ മാതൃഭൂമിയെയും മലയാളമനോരമയെയും സമീപിച്ചു. അവർ അംഗീകരിച്ചില്ല. ശാസ്ത്രഗ്രന്ഥങ്ങൾക്ക് വായനക്കാർ കുറവായിരുന്നു.


​ഈ സാഹചര്യത്തിലാണ് 1966 മാർച്ചിൽ കോഴിക്കോട്ട്‌ ചേർന്ന പരിഷത്ത് മൂന്നാം വാർഷികസമ്മേളനം ‘ശാസ്ത്രഗതി’ എന്ന പേരിൽ ഒരു ത്രൈമാസിക ആരംഭിക്കാൻ തീരുമാനിച്ചത്. എൻ വി കൃഷ്ണവാരിയർ, പി ടി ഭാസ്‌കരപ്പണിക്കർ, എം സി നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി. ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം 1966 നവംബർ 28ന് കോഴിക്കോട് ടൗൺഹാളിൽ കെ പി കേശവമേനോൻ നിർവഹിച്ചു. ക്രൗൺ 1/8 സൈസിൽ 120 പേജുള്ള ത്രൈമാസികയായിരുന്നു തുടക്കത്തിൽ.


​വി ടി ഗോപാലകൃഷ്‌ണൻ (വെള്ളത്തിനുവേണ്ടി), കുഞ്ഞുണ്ണി വർമ (ചില മനുഷ്യപരിണാമ തത്വങ്ങൾ), ഡോ. എം പി പരമേശ്വരൻ (ശാസ്ത്രവിദ്യാഭ്യാസം മാതൃഭാഷയിലൂടെ), ബാലകൃഷ്ണ കരുണാകരൻ നായർ (പഠിച്ച മണ്ടന്മാർ), ഡോ. കെ കെ നായർ (ഷഡ്‌പദങ്ങളും അർബുദവും), കോന്നിയൂർ ആർ നരേന്ദ്രനാഥ് (എച്ച് ജി വെൽസ്), സി കെ ഡി പണിക്കർ (പൂവ്), എം എൻ സുബ്രഹ്മണ്യൻ (ഇലക്ട്രോണിക് കംപ്യൂട്ടർ), ഡോ. എസ് ശാന്തകുമാർ (മനോരോഗങ്ങൾക്കുള്ള പ്രഥമശുശ്രൂഷ), സി എൻ സുബ്രഹ്മണ്യൻ (കൃത്രിമനൂലുകൾ), കെ ബി അമ്മുഞ്ഞി (പുനരുൽപ്പാദനം മനുഷ്യജീവിയിൽ) എന്നിവരായിരുന്നു ആദ്യലക്കത്തിലെ ലേഖകർ. മലയാളത്തിലെ ഏറ്റവും പ്രാമാണികരായ ശാസ്ത്ര സാഹിത്യകാരന്മാർ ‘ശാസ്ത്രഗതി’യിലെ എഴുത്തുകാരായിരുന്നു. ഒരുവർഷത്തിനുശേഷം പ്രസിദ്ധീകരണം കോഴിക്കോട്ടേക്ക് മാറ്റി.

​​പതിനഞ്ചാം ലക്കംമുതലാണ് (1971 ജനുവരി-–ഫെബ്രുവരി) ദ്വൈമാസികയായി മാറുന്നത്. ’74 ജൂൺ ലക്കംമുതൽ മാസികയായി വളർന്നു. അപ്പോഴേക്കും പരിഷത്ത് ശാസ്ത്രകേരളവും യുറീക്കയും പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നു. ’71 സെപ്‌തംബർ ലക്കം അഞ്ചാം വാർഷികപ്പതിപ്പായാണ് പുറത്തിറങ്ങിയത്. അക്കൊല്ലമാണ് പരിഷത്തിന് ഒരു എംബ്ലം ഉണ്ടാകുന്നത്. കോഴിക്കോട് റീജണൽ എൻജിനിയറിങ് കോളേജിലെ അധ്യാപകനായിരുന്ന ടി എസ് ബാലഗോപാലൻ രൂപകൽപ്പന ചെയ്ത എംബ്ലം ആദ്യമായി പ്രസിദ്ധീകരിച്ചത് അഞ്ചാം വാർഷികപ്പതിപ്പിലാണ്.


​ആ ലക്കത്തിൽ അന്നത്തെ പരിഷത്ത് ജനറൽ സെക്രട്ടറി വി കെ ദാമോദരൻ എഴുതിയ ആമുഖക്കുറിപ്പിൽ അഞ്ചുവർഷംകൊണ്ടുണ്ടായ നേട്ടങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പരിഷത്തിന്റെ മുഖമാസിക എന്ന് എഴുതിച്ചേർത്തിരുന്നില്ലെങ്കിലും അങ്ങനെയായിരുന്നു ‘ശാസ്ത്രഗതി’ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. ജനറൽ സെക്രട്ടറിയുടെ അറിയിപ്പുകളും പ്രവർത്തന റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. പരിഷത്തിന്റെ ഭരണഘടന അംഗീകരിച്ചപ്പോൾ അത് പൂർണമായും പ്രസിദ്ധീകരിച്ചു. വാർഷികസമ്മേളനങ്ങളെയും പ്രധാന പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിശകലനാത്മകമായ ലേഖനങ്ങൾ അതത് കാലത്ത് സമൂഹമധ്യത്തിൽ എത്തിക്കാൻ ശ്രദ്ധിച്ചു. എം പി പരമേശ്വരന്റെ ഏറെ വിവാദങ്ങളുയർത്തിയ സാങ്കേതിക പദപ്രശ്നം മലയാളത്തിൽ എന്ന പ്രബന്ധം അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തത് അഞ്ചാം വാർഷികസമ്മേളനത്തിലായിരുന്നു. ആ പ്രബന്ധത്തിന്റെ സംഗ്രഹം ഉൾപ്പെടെ സമ്മേളനവിവരങ്ങൾ സാമാന്യം വിശദമായിത്തന്നെ ‘ശാസ്ത്രഗതി’ നാലാംപുസ്തകത്തിൽ കാണാം. പരിഷത്തിനെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും ഗവേഷണം നടത്താനുമൊ ക്കെ ആഗ്രഹിക്കുന്നവർക്ക് പ്രധാനപ്പെട്ട ഉപാദാന സാമഗ്രികളിൽ ഒന്നായിരിക്കും ആദ്യകാല ലക്കങ്ങൾ.


​ശാസ്ത്രകഥകളും കവിതകളും മിക്ക ലക്കങ്ങളിലും അന്നുണ്ടായിരുന്നു. ശാസ്ത്രപ്രചാരണത്തിൽ അവയ്ക്കുള്ള പങ്ക് പറയേണ്ടതില്ലല്ലോ. പിൽക്കാലത്ത് ഇവ എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തുപോലെ ശാസ്ത്രപ്രചാരണം ഇത്രയും വിപുലമായി നടത്തുന്ന ഒരു സംഘടന ഇന്ത്യയിലില്ലെങ്കിലും ശാസ്ത്രകഥകൾ മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാമെന്നും മറ്റ് ഇന്ത്യൻ ഭാഷകളുടെ സ്ഥിതിയും വലിയ മെച്ചമൊന്നുമല്ലെങ്കിലും മലയാളത്തോളം മോശമല്ലെന്നും നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ഒരു പുസ്‌തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. ബോധപൂർവമായ ശ്രമത്തിലൂടെയേ ഈ രംഗത്ത് നേട്ടങ്ങളുണ്ടാക്കാൻ സാധിക്കൂ എന്ന് മറ്റു ഭാഷകളിലെ അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. എന്തായാലും കഴിഞ്ഞ ചില വർഷങ്ങളിലായി ‘ശാസ്ത്രഗതി’ നടത്തിവരുന്ന ശാസ്ത്രകഥാ മത്സരങ്ങൾക്ക് ഏറെ പ്രചോദകമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ ഫലമായി നല്ല ശാസ്ത്രകഥകൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട്. ഇവയിൽനിന്ന് മികച്ച കഥകൾ തെരഞ്ഞെടുത്ത്‌ ‘നാളെ സംഭവിച്ചത്' എന്ന പേരിൽ രണ്ട്‌ വാല്യങ്ങളിലായി പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.


​സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി ‘ശാസ്ത്രഗതി’യും മാറുകയാണ്. 2027 ഏപ്രിൽമുതൽ ഓൺലൈനായും ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതോടൊപ്പം അച്ചടിപ്പതിപ്പ് തുടരും. എക്കാലത്തും ശാസ്ത്രമേഖലയിലെ ഗതിവിഗതികളോടൊപ്പം സഞ്ചരിക്കാൻ ‘ശാസ്ത്രഗതി’ പ്ര വർത്തകർ ശ്രദ്ധിച്ചിരുന്നു. നേട്ടങ്ങളും സംഭവങ്ങളും പ്രവണതകളുമെല്ലാം കുറിപ്പുകളായും ലേഖനങ്ങളായും അപ്പപ്പോൾത്തന്നെ വായനക്കാരിൽ എത്തിക്കാൻ ശ്രദ്ധിച്ചു. പ്രശസ്തരായ നിരവധി ശാസ്ത്രജ്ഞരെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുമായി. 1969 ജൂലൈ 21ന് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ സുപ്രധാന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ’69 മെയ്-–ജൂലൈ ലക്കം ബഹിരാകാശപ്പതിപ്പായിരുന്നു. ബഹിരാകാശ ശാസ്ത്രത്തിന്റെ നാനാവശങ്ങളെക്കുറിച്ച് വിദഗ്‌ധർ തയ്യാറാക്കിയ മികവുറ്റ ലേഖനങ്ങൾ ഈ ലക്കത്തിൽ കാണാം. മാനവരാശിയുടെ ഈ മഹത്തായ നേട്ടം നമ്മുടെ ഒട്ടേറെ എഴുത്തുകാരെ പ്രചോദിപ്പിക്കുകയുണ്ടായി. അതിന്റെ പ്രതിഫലനമെന്നോണം മലയാളത്തിൽ മികച്ച ഏതാനും കവിതകളുമുണ്ടായി. അവയിൽ ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ, വെണ്ണിക്കുളം, ജി ശങ്കരക്കുറുപ്പ് എന്നിവരുടെ കവിതാഭാഗങ്ങൾ എടുത്തുചേർത്തുകൊണ്ട് ‘ശാസ്ത്രഗതി’യെ മനോഹരമാക്കാൻ പത്രാധിപർക്ക് സാധിച്ചു. 1975 വനിതാവർഷമായി ആചരിക്കാൻ യുഎൻ തീരുമാനിച്ചപ്പോൾ 1975 മെയ് ലക്കം കേരളത്തിലെ സ്ത്രീകളെക്കുറിച്ചുള്ള പ്രത്യേക പതിപ്പായി. ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ 60 വർഷത്തെ ചരിത്രത്തിൽനിന്ന് നമുക്ക് കണ്ടെത്താനാകും.


​എല്ലാ വിജ്ഞാനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ആധുനിക കാലത്ത് ‘ശാസ്ത്രഗതി’ക്ക്‌ എന്തു പ്രസക്തി എന്ന ചോദ്യം ചിലർ ഉന്നയിക്കാറുണ്ട്. ശാസ്ത്രത്തെ സാമൂഹികജീവിതത്തിൽനിന്ന് വേറിട്ടുനിർത്തി സമീപിച്ചാൽ അത്തരം ചോദ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ, വിജ്ഞാനപ്രസാരണം മാത്രമല്ലല്ലോ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ശാസ്ത്രഗതിയുടെയും ലക്ഷ്യം. ഏതാണ്ട് മുക്കാൽനൂറ്റാണ്ടുമുമ്പാണ് മഹാനായ ശാസ്ത്രജ്ഞൻ ജെ ഡി ബർണാൽ ‘ശാസ്ത്രം ചരിത്രത്തിൽ' എന്ന ബൃഹദ്ഗ്രന്ഥം രചിച്ചത്. ശാസ്ത്രം ചരിത്രത്തെയും സമൂഹത്തെയും തിരിച്ചും എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ആ കാഴ്‌ചപ്പാട് പിൻപറ്റുന്ന പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്; പ്രസിദ്ധീകരണമാണ് ശാസ്ത്രഗതി.


​ലഭ്യമാകുന്ന ശാസ്ത്രവിജ്ഞാനം എങ്ങനെയാണ് സമൂഹത്തെ അനുകൂലമായാലും പ്രതികൂലമായാലും സ്വാധീനിക്കുന്നത് എന്ന് വിശദീകരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വംകൂടി ഒരു ജനകീയ ശാസ്ത്രമാസികയ്ക്കുണ്ട്. അതോടൊപ്പം, യുക്തിചിന്തയും ശാസ്ത്രബോധവും കടന്നാക്രമിക്കപ്പെടുകയും അശാസ്ത്രീയതകളും കപടശാസ്ത്രങ്ങളും സാമൂഹികജീവിതത്തിലേക്ക് വൻതോതിൽ കടന്നുകയറുകയും ചെയ്യുന്ന വർത്തമാനകാലത്ത് ശക്തമായ പ്രതിരോധമുയർത്തുക എന്നതും ശാസ്ത്രഗതിയുടെ ധർമമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home