ad
Deshabhimani

ക്ഷമയിൽ വളരും ബോൺസായ്

bonsai
avatar
വൈഷ്‌ണവ്‌ ബാബു

Published on Aug 14, 2026, 02:54 PM | 2 min read

ക്ഷമയുടെയും ക‍ൗതുകത്തിന്റെയും അലങ്കാരത്തിന്റെയും പ്രതീകങ്ങളാണ്‌ ബോൺസായ്‌ ചെടികൾ. ‘മുത്തച്ഛൻ’ മരങ്ങളെപ്പോലും കൃത്യമായി പരിപാലിച്ച്‌ വെട്ടിയൊതുക്കി ഇത്തിരിക്കുഞ്ഞൻ ചട്ടിയിലാക്കുന്ന വിദ്യ വർഷങ്ങളായി മലയാളികൾക്ക്‌ സുപരിചിതമാണ്‌. ആദ്യകാലത്ത് ആലിന്റെ വിവിധ ഇനങ്ങളാണ് ബോൺസായ് ചെടികളായി വളർത്തിയിരുന്നതെങ്കിൽ ഇന്ന് കഥമാറി. നിരവധി നാടൻ, മറുനാടൻ ചെടികൾ ഈ വിധത്തിൽ പരിപാലിച്ചുവരുന്നു. പുതിയ വീടോ ഓഫീസോ നിർമിക്കുമ്പോൾ ബോൺസായിച്ചെടിക്ക്‌ സ്ഥലം മാറ്റിവയ്ക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. മനോഹരമായ ദൃശ്യവിരുന്നൊരുക്കാൻ ഇവയ്ക്കാകുന്നുണ്ട്‌. വിപണനസാധ്യതയും ഏറെ.

പരിപാലനം


ഒരു വലിയ മരത്തിന്റെ വളർച്ചയെ വർഷങ്ങളുടെ പ്രയത്നംകൊണ്ട്‌ നിയന്ത്രി‍ച്ചാണ്‌ ബോൺസായിയെ രൂപപ്പെടുത്തുന്നത്‌. യഥാർഥ രൂപത്തിലേക്കെത്തിക്കാൻ ചുരുങ്ങിയത് 5 മുതൽ 10 വർഷം വരെയെടുക്കാം. തെരഞ്ഞെടുത്ത ചെടി നേരിട്ട് ബോൺസായ് ചട്ടിയിൽ നടാതെ ആഴമുള്ള ചട്ടിയിൽ നട്ട് ആവശ്യത്തിന് ആരോഗ്യമുള്ളതാക്കിയെടുക്കണം. പിന്നീട്‌ ബോൺസായ്‌ ആകൃതിയിലേക്ക് മാറ്റിയെടുക്കാവുന്നവിധത്തിൽ കമ്പുകൾ ആവശ്യാനുസരണം മുറിച്ചുനീക്കണം. എന്നാൽ, ചെടി ഉണങ്ങാതെ ശ്രദ്ധിക്കുകയും വേണം. ശാഖകൾ മുറിച്ചുനീക്കാതെ നേർത്ത കമ്പിചുറ്റി ഉദ്ദേശിക്കുന്ന വശത്തേക്ക് വളച്ചെടുക്കാൻ കഴിയും. ചെടിയുടെ സസ്യപ്രകൃതമനുസരിച്ച് വളർത്താനുള്ള ചട്ടിയാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. ഇവ വിസ്താരമുള്ളതും ആഴം കുറഞ്ഞതുമായിരിക്കണം. ദീർഘവൃ‍ത്താകൃതിയാണ്‌ കൂടുതലും ഉപയോഗിക്കുന്നത്‌. വളപ്രയോഗവും വേരുകൾ വെട്ടിയൊതുക്കി മറ്റൊരു ചട്ടിയിലേക്ക്‌ മാറ്റിനടുന്നതുമാണ്‌ പരിചരണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌. കൂടാതെ നല്ല സൂര്യപ്രകാശവും വെള്ളവും ലഭിക്കണം. 3 വർഷത്തിലൊരിക്കൽ മാറ്റിനടുകയും വേണം. ആ സമയത്ത് അധികമായി വളർന്ന വേരുകൾ വെട്ടിമാറ്റണം. പ്രധാന വേരുകൾ നിലനിർത്തിക്കൊണ്ടാകണം ചെറിയ വേരുകൾ നീക്കംചെയ്യേണ്ടത്‌.


വിപണിയിലെ ഇനങ്ങൾ


പേരാൽ, അരയാൽ, അത്തി എന്നിവയുടെ ബോൺസായ്‌ കേരളത്തിലെ അന്തരീക്ഷത്തിന് അനുയോജ്യമാണ്. ഇവയുടെ തടി വേഗത്തിൽ കട്ടിയാകാനും വേരുകൾ പടർന്നുപന്തലിക്കാനും എളുപ്പമാണ്. കൂടാതെ ഫലവൃക്ഷങ്ങളായ കുഞ്ഞൻ മാവുകൾ, പുളിമരം ഉൾപ്പെടെയുള്ളവയും കേരളത്തിൽ വ്യാപകമാണ്‌. തേങ്ങ ചിരട്ടയോടെ മുളപ്പിച്ച് കുറിയ രൂപത്തിൽ വളർത്തിയെടുക്കുന്ന രീതിയുമുണ്ട്‌. പൂക്കളുണ്ടാകുന്ന അലങ്കാര ബോൺസായികൾക്കും ആവശ്യക്കാരുണ്ട്‌. കടലാസ് പൂച്ചെടി, മരമുല്ല, അഡീനിയം എന്നിവ ഇതിൽ പ്രധാനമാണ്‌.


വളർത്താൻ എളുപ്പമുള്ളതും വ്യത്യസ്തമായ ആകൃതികളും വേരുകളുമുള്ള ഫൈക്കസ് ബോൺസായികളുമുണ്ട്‌. തടിച്ചതും വശങ്ങളിലേക്ക് പടർന്നതുമായ വേരുകളുള്ള ഫൈക്കസ് ജിൻസെങ്‌, നഴ്സറികളിലും വീടുകളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്നതും തുടക്കക്കാർക്ക് വളർത്താൻ അനുയോജ്യമായതുമാണ്‌. കൂടാതെ ഗ്രീൻ ഐലൻഡ് ഫൈക്കസ്, പാണ്ട ഫൈക്കസ്, ഫൈക്കസ് ബെഞ്ചമിന, ടൈഗർ ബാർക്ക് ഫൈക്കസ് എന്നിവയുമുണ്ട്‌. ഗ്രാഫ്റ്റ് ചെയ്ത ബോൺസായ് ചെടികളും വ്യാപകമാണ്‌. ഇവ മാറ്റി നടേണ്ടതില്ല. കൊമ്പുകോതൽ മാത്രമേ ആവശ്യമുള്ളൂ. ഒപ്പം വളപ്രയോഗവും വെള്ളവും വെയിലും നൽകണം. ‘ഡ്രാഗൺഷേപ് ബോൺസായ്‌’ എന്നറിയപ്പെടുന്ന ഇരിപ്പിടമുള്ള ബോൺസായികളുമുണ്ട്‌. വളർച്ചയുടെ വിവിധഘട്ടത്തിൽ കമ്പി ഉപയോഗിച്ച്‌ രൂപമാറ്റം വരുത്തിയാണ്‌ ഇരിപ്പിടമൊരുക്കുന്നത്‌.


രോഗപ്രതിരോധവും വളപ്രയോഗവും


സാധാരണയായി ഫംഗസ് ബാധയോ മറ്റോ വരാറില്ല. ഫംഗസ് ബാധയുള്ള മറ്റ്‌ ചെടികൾക്കിടയിലോ മറ്റോ വയ്ക്കുകയാണെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ടെന്നുമാത്രം. എന്നാലും വർഷത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ കുമിൾനാശിനികളും കീടനാശിനികളും നൽകാം. ഇലകൾ കൂടുതൽ തഴച്ചുവളരാനായി ഗ്രീൻ കെയർ ഇലകളിൽ തളിച്ചുകൊടുക്കാം. ചെടി നടുന്ന സമയത്ത് അടിവളമായി എല്ലുപൊടിയും ചാണകപ്പൊടിയുമാണ് നൽകുന്നത്. പിന്നീട് മേൽവളമായി നൽകുന്നത് ബസകൊട്ടെ ആണ്. മൂന്നോ ആറോ മാസത്തിലൊരിക്കൽ ചെടിയുടെ വലിപ്പത്തിന് അനുസരിച്ചാണ് ഇത് പ്രയോഗിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home