എമിറേറ്റ്സ് റോഡ് നവീകരണം; യാത്രാസമയം 45 ശതമാനംവരെ കുറയും

ദുബായ് : നവീകരണം പൂർത്തിയാകുന്നതോടെ എമിറേറ്റ്സ് റോഡിന്റെ ഗതാഗതശേഷി 65 ശതമാനം വർധിക്കുമെന്ന് അധികൃതർ. 75 കോടി ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ യാത്രാസമയം 45 ശതമാനംവരെ കുറയ്‌ക്കാനും സാധിക്കുമെന്ന് യുഎഇ ഊർജ- അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. അൽ ബദീ ഇന്റർചേഞ്ചുമുതൽ ഉമ്മുൽ ഖുവൈൻവരെയുള്ള 25 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. നിലവിലുള്ള മൂന്നുവരിപ്പാത അഞ്ചുവരിയാക്കി വികസിപ്പിക്കും. നവീകരണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ ഏകദേശം 9000 വാഹനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാനാകും. ഇന്റർചേഞ്ച് ഏഴിന്റെ സമഗ്ര നവീകരണവും പദ്ധതിയുടെ ഭാഗമാണ്. ഇവിടെ ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ആകെ 12.6 കിലോമീറ്റർ നീളമുള്ള പാലങ്ങളാണ് നിർമിക്കുക. നവീകരിച്ച ഇന്റർചേഞ്ചിന് മണിക്കൂറിൽ 13,200 വാഹനങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.
പ്രധാന പാതയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തേക്കുള്ള ഗതാഗതവും സുഗമമാക്കാനായി ഇരുവശത്തുമായി 3.4 കിലോമീറ്റർ നീളത്തിൽ പുതിയ കളക-്‌ടർ റോഡുകളും നിർമിക്കും. ഇതോടെ വാഹനങ്ങൾ ലയിക്കുന്ന ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കുറയും. 2025 സെപ-്‌തംബറിൽ ആരംഭിച്ച പദ്ധതി രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഷാർജ, ദുബായ് എന്നിവിടങ്ങൾക്കിടയിലെ യാത്രക്കാരുടെയും ചരക്കുവാഹനങ്ങളുടെയും ഗതാഗതം കൂടുതൽ സുഗമമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗതാഗതക്കുരുക്ക് കുറയ-്‌ക്കുന്നതിനൊപ്പം റോഡ് സുരക്ഷയും യാത്രയുടെ വിശ്വാസ്യതയും മെച്ചപ്പെടുത്തും.
അധിക പാതകൾ, നവീകരിച്ച ഇന്റർചേഞ്ചുകൾ, പുതിയ കളക്ടർ റോഡുകൾ എന്നിവയിലൂടെ എമിറേറ്റുകൾ തമ്മിലുള്ള ഗതാഗത ബന്ധം കൂടുതൽ ശക്തമാകും. യുഎഇയിലെ തിരക്കേറിയ ഫെഡറൽ ഹൈവേകളിലൊന്നിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും ചരക്കു-സേവന നീക്കം വേഗത്തിലാക്കാനും പദ്ധതി നിർണായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.









0 comments