സ്ട്രോക്കിനെ അതിജീവിക്കാം

stroke
വെബ് ഡെസ്ക്

Published on Nov 07, 2025, 11:59 AM | 2 min read

ഒരുനിമിഷംകൊണ്ട്‌ ഒരു വ്യക്തിയുടെ ജീവിതത്തെയാകെ തകിടം മറിക്കുന്ന രോഗാവസ്ഥയാണ്‌ സ്‌ട്രോക്ക്‌ അഥവാ പക്ഷാഘാതം. തലച്ചോറിലെ കോശങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോഴാണ്‌ ഇതുണ്ടാകുന്നത്‌. ഹൃദയാഘാതത്തിന്, ഹൃദയത്തിലെ രക്തക്കുഴലുകൾ തടസ്സപ്പെടുന്നതാണ്‌ കാരണമെങ്കിൽ, തലച്ചോറിൽ രക്തം എത്തിക്കുന്ന കുഴലുകളിൽ കട്ടിപിടിക്കുന്ന അല്ലെങ്കിൽ പൊട്ടൽമൂലമാണ്‌ സ്‌ട്രോക്ക്‌ ഉണ്ടാകുന്നത്‌. തലച്ചോറിന്റെ പ്രവർത്തനത്തെ ഇത്‌ ഗുരുതരാവസ്ഥയിലാക്കും.


പലർക്കും ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാത്തതാണ്‌ അപകടത്തിലേക്ക്‌ എത്തിക്കുന്നത്‌. രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ എടുക്കുന്ന കാലതാമസവും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ചികിത്സ വൈകിയാൽ തലച്ചോറിലെ കോശങ്ങൾ നശിച്ച്‌ മസ്‌തിഷ്‌കാഘാതത്തിന്‌ കാരണമാകും. അപ്രതീക്ഷിതമായാകാം ലക്ഷണം ഉണ്ടാകുക.


​രണ്ടു തരം


ഇസ്കീമിക്ക്‌ സ്‌ട്രോക്ക്: രക്തക്കുഴലിൽ രക്തം കട്ട പിടിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിലൂടെ സംഭവിക്കുന്നത്. ഹെമറാജിക്‌ സ്‌ട്രാക്ക്‌: തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിലൂടെ സംഭവിക്കുന്നത്.


എങ്ങനെ തിരിച്ചറിയാം


സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയുന്നതിനായി ലോകമെമ്പാടും സ്വീകരിച്ചുവരുന്ന മാർഗമാണ്‌ ഫാസ്റ്റ് (FAST). ഇതിൽ ഓരോ അക്ഷരവും വ്യത്യസ്ത ലക്ഷണങ്ങളെയാണ്‌ സൂചിപ്പിക്കുന്നത് F – ഫേഷ്യൽ ഡീവിയേഷൻ: രോഗിയുടെ വായ അല്ലെങ്കിൽ മുഖത്തിന്റെ ഒരുവശം കോടിപ്പോകുന്നത്. ചിരിക്കാൻ ആവശ്യപ്പെട്ടാൽ ഒരുവശംമാത്രം ചലിക്കുന്നതായുള്ള ലക്ഷണങ്ങളും കാണാം. A – ആം ഡ്രൂപ്പിങ്‌: രോഗിയോട്‌ രണ്ട് കൈകളും ഒരുമിച്ച് ഉയർത്താൻ ആവശ്യപ്പെടുമ്പോൾ, സ്ട്രോക്ക്ബാധിച്ച വശത്തെ കൈപൊക്കാൻ കഴിയാതിരിക്കുകയോ, തളർന്ന്‌ താഴേക്ക്‌ വരികയോ ചെയ്യുക. S – സ്പീച്ച് ഡിഫിക്കൽറ്റി: സംസാരത്തിൽ വ്യക്തതയില്ലായ്മ (കുഴഞ്ഞ സംസാരം), ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക, അല്ലെങ്കിൽ സംസാരിക്കാൻ കഴിയാതെ വരിക. T – ടൈം: മുകളിൽപറഞ്ഞ മൂന്ന്‌ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന്കണ്ടാൽ ഒരു നിമിഷംപോലും പാഴാക്കാതെ, രോഗിയെ ഉടൻതന്നെ ന്യൂറോളജിവിഭാഗവും, സിടി സ്കാൻ സൗകര്യവുമുള്ള ആശുപത്രിയിലേക്ക്എത്തിക്കണം.


​രോഗ സ്ഥിരീകരണം


കാഴ്ച മങ്ങുക, തല കറങ്ങുക, കൈ മരവിക്കുകയോ തളരുകയോ ചെയ്യുക, സംസാരം കുഴയുകയോ, പൂർണമായും നിന്നുപോവുകയോ ചെയ്യുക, മുഖം കോടിപ്പോവുക, നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ആദ്യം കണ്ടുവരുന്ന ലക്ഷണങ്ങൾ. ചിലർക്ക് പെട്ടെന്ന് തലവേദന ഉണ്ടാകുകയും ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന കുഴച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നതും സ്ട്രോക്കിന്റെ ലക്ഷണമാകാം. പലരും ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാറുണ്ട്‌. ലക്ഷണങ്ങൾ ചെറുതായാലും വലുതായാലും അവയെ അവഗണിക്കാതെ ഉടൻ ചികിത്സ തേടണം.


രോഗിയെ സി ടി സ്കാനിന്‌ വിധേയമാക്കുന്നതിലൂടെ തലച്ചോറിൽ രക്തസ്രാവം ആണോ, രക്തക്കുഴലിൽ കട്ടപിടിച്ചിരിക്കുകയാണോ എന്നത് ഉറപ്പാക്കാനാകും. സിടി സ്കാനിൽ രക്തസ്രാവം ഇല്ലെന്ന് സ്ഥിരീകരിച്ചാൽ, രോഗിയെ ത്രോംബോളിസിസ് എന്ന ചികിത്സയ്‌ക്ക്‌ വിധേയമാക്കണം. രക്തം അലിയിക്കുന്ന മരുന്നുകൾ ഉപയോഗിച്ച്, തടസ്സപ്പെട്ടിരിക്കുന്ന രക്തക്കുഴൽ തുറക്കാൻ ശ്രമിക്കകയാണ് ഇതിലൂടെ ചെയ്യുന്നത്. ചില രോഗികളിൽ, വലിയ രക്തക്കുഴലുകളാണ് തടസ്സപ്പെട്ടിരിക്കുന്നതെങ്കിൽ, മെക്കാനിക്കൽ ത്രോംബെക്ടമി എന്ന പ്രക്രിയയും നടത്താറുണ്ട്.


ആർക്കൊക്കെ


സ്ട്രോക്ക് പ്രായമായവർക്ക്മാത്രം വരുന്ന അസുഖമാണ്‌ എന്നൊരു ധാരണ പൊതുവിലുണ്ട്. എന്നാൽ അത്‌ തെറ്റാണ്‌. നവജാതശിശുക്കൾമുതൽ മുതിർന്നവർവരെ, ഏതുപ്രായക്കാർക്കും ബാധിക്കാവുന്ന രോഗാവസ്ഥയാണിത്‌. നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ പുകവലിയാണ്‌. അറുപത്‌ വയസ്സ്‌ കഴിഞ്ഞവർ ആരോഗ്യകാര്യങ്ങളിൽ നിരന്തരം ശ്രദ്ധ പുലർത്തണം. പ്രമേഹമുള്ളവരും മദ്യപിക്കുന്നവരും, ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരും, ഹൈറിസ്ക് കാറ്റഗറിയിൽ ഉള്ളവരാണ്. മദ്യപാനവും ലഹരിയും രക്തക്കുഴലുകളിൽ നീരുണ്ടാക്കി അവ പൊട്ടാൻ ഇടയാക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിലും സ്ട്രോക്കിന്‌ സാധ്യതയുണ്ട്‌. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക, പുകവലി, മദ്യപാനം ഒഴിവാക്കുക, വ്യായാമംചെയ്യുക, സന്തുലിതാഹാര പദ്ധതി പാലിക്കുക എന്നിവയിലൂടെയും സ്‌ട്രോക്ക്‌ സാധ്യത കുറയ്‌ക്കാനാകും.


(തയ്യാറാക്കിയത്‌: കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി ആൻഡ്‌ സ്ലീപ്‌ മാനേജ്മെന്റ് സീനിയർ കൺസൾട്ടന്റ് ഡോ. റെജിപോൾ, എമർജൻസി മെഡിസിൻ കൺസൾട്ടന്റ്‌ ഡോ. ജോൺസൺ കെ വർഗീസ്​​)



deshabhimani section

Related News

View More
0 comments
Sort by

Home