പഞ്ചായത്തിനും ആരോഗ്യവകുപ്പിനുമെതിരെ പ്രതിഷേധം
പുഴുവരിച്ച് മരണവേദനയിൽ കഴിഞ്ഞ വയോധികനെ പരിചരിച്ചില്ല

ഓടക്കാലി നൂലേലിയിൽ പുഴുവരിച്ച് അവശനായി കിടന്ന നാരായണൻനായരെ ആശുപത്രിയിലേക്ക് മാറ്റുന്നു (ഫയൽ ചിത്രം)
പെരുമ്പാവൂർ
അശമന്നൂർ പഞ്ചായത്ത് നൂലേലിയിൽ പുഴുവരിച്ച നിലയിൽ കിടന്ന വയോധികൻ മരിച്ച സംഭവത്തിൽ പഞ്ചായത്തിനും പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയും പ്രതിഷേധം വ്യാപകമാകുന്നു.
ഓടക്കാലി നൂലേലി എട്ടാംവാർഡിൽ പുല്ലാട്ടുകുടി വീട്ടിൽ നാരായണൻനായരാണ് (93) മരിച്ചത്. ചാരുകസേരയിൽ എഴുന്നേൽക്കാതെ കിടക്കുകയായിരുന്ന നാരായണൻനായരുടെ അവസ്ഥ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റായ വാർഡ് കൗൺസിലർ എൻ എം സലീമിനെയും ആരോഗ്യവകുപ്പിനെയും ആശാവർക്കറെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാരായണൻനായർക്ക് സമീപവാസികളാണ് ഭക്ഷണം നൽകിയിരുന്നത്.
കിടന്നകിടപ്പിൽത്തന്നെയായിരുന്നു മലമൂത്രവിസർജനം നടത്തിയിരുന്നത്. പുറവും കാലും പഴുത്ത് പുഴുവരിച്ചിരുന്നു. ആരോഗ്യവകുപ്പും പഞ്ചായത്തും തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് പരിസരവാസികൾ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എൻ രാജീവിനെയും അശമന്നൂർ സഹകരണബാങ്ക് ബോർഡ് അംഗം എം കെ രവിയെയും അറിയിക്കുകയായിരുന്നു. പോത്താനിക്കാട് പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചെങ്കിലും വാർഡ് അംഗത്തിന്റെ കത്തും കൂട്ടിനിരിക്കാൻ ബന്ധുക്കളും വേണം.
എന്നാൽ, വാർഡ് അംഗത്തിന്റെ കത്ത് കിട്ടിയില്ല. ഒടുവിൽ മെയ് 28ന് വൈകിട്ട് നാലിന് ഇരുവരും അടുത്തബന്ധുക്കളെ വിളിച്ചുവരുത്തി ആലുവ സ്വകാര്യ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പഞ്ചായത്തിന്റെ അനാസ്ഥയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയും അന്വേഷിക്കണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി എ കെ സുജീഷ് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ആരോഗ്യപ്രവർത്തനവും കിടപ്പുരോഗികളുടെ അവസ്ഥയും ദയനീയമാണന്നും നാട്ടുകാർ പരാതിപ്പെട്ടു.









0 comments