സിപിഐ എം ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു
വിലവർധനയിൽ പ്രതിഷേധം ജ്വലിച്ചു

സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പെട്രോളിയം ഉൽപ്പന്നങ്ങൾക്കടക്കം കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. എറണാകുളം ഏരിയ കമ്മിറ്റി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു.
ഇരുമ്പനം ഐഒസിയിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനനും കളമശേരി ബിഎസ്‌എൻഎൽ ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണിയും പറവൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാറും ഉദ്ഘാടനം ചെയ്തു.
സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ എൻ ഉണ്ണിക്കൃഷ്ണൻ അങ്കമാലിയിലും പി ആർ മുരളീധരൻ കാക്കനാട്ടും സി കെ പരീത് പെരുന്പാവൂരിലും കെ എസ് അരുൺകുമാർ ആലുവയിലും ടി സി ഷിബു കവളങ്ങാട്ടും ആർ അനിൽകുമാർ പട്ടിമറ്റത്തും സി ബി ദേവദർശനൻ കോതമംഗലത്തും ഷാജി മുഹമ്മദ് പിറവത്തും ഉദ്‌ഘാടനം ചെയ്‌തു.
ഇന്ധന വിലവർധന പിൻവലിക്കണം: പി രാജീവ്
കൊച്ചി
തുടർച്ചയായ ഇന്ധന വിലവർധന ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാർ നയം പിൻവലിക്കണമെന്നും അധികഭാരം ഏൽപ്പിക്കുന്ന നിലപാടിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. ഇന്ധന വിലവർധനയ്‌ക്കെതിരെ സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാചകവാതക വിലവർധന എല്ലാ കുടുംബത്തെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. ഗ്യാസിന് വിലകൂടിയാൽ സ്വാഭാവികമായും ഹോട്ടൽ ഭക്ഷണത്തിനും വിലവർധിക്കും. ഇത് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രതിസന്ധിയലാക്കും. നുണകൾ നിർമിച്ച് അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ നികുതികുറയ്‌ക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വഞ്ചി സ‍്ക്വയറിൽ നടന്ന ധർണയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ് അധ്യക്ഷനായി. സി മണി, പി വി ശ്രീനിജിൻ, കെ വി മനോജ്, ടി എസ് ഷൺമുഖദാസ് തുടങ്ങിയവർ സംസാരിച്ചു.









0 comments