മഴ, മെട്രോ പണി
കൊച്ചി നഗരം സ്‌തംഭിച്ചു

കാക്കനാട് ഭാഗത്തുനിന്ന് കലൂരിലേക്കുള്ള വഴിയിൽ പാലാരിവട്ടത്തിനുസമീപം ഗതാഗതക്കുരുക്കിലകപ്പെട്ട വാഹനനിര
കൊച്ചി
ഗതാഗതക്കുരുക്കിൽ വ്യാഴാഴ്‌ച നഗരം മണിക്കൂറുകൾ സ്‌തംഭിച്ചു. കനത്തമഴയും മെട്രോ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളും വെള്ളക്കെട്ടുമാണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്. കലൂർ, പാലാരിവട്ടം, ഇടപ്പള്ളി ഉൾപ്പെടെയുള്ള പ്രധാനയിടങ്ങളിൽ രാവിലെ മുതൽ ‘ബ്ലോക്കായി’. ഇടറോഡുകളിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. വിദ്യാർഥികളും ജീവനക്കാരും തൊഴിലാളികളും രോഗികളുമെല്ലാം റോഡിൽ കുടുങ്ങി. കാക്കനാട് മുതൽ കലൂർ വരെയെത്താൻ വേണ്ടിവന്നത് ഒന്നരമണിക്കൂറിലധികം. സ്വകാര്യ ബസ്സുകൾ പാതിവഴിയിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന സ്ഥിതിയുണ്ടായി. മെട്രോ നിർമാണത്തിന്റെ പേരിൽ പലയിടങ്ങളിൽ യു ടേൺ അനുവദിക്കാത്തതും ദുരിതം ഇരട്ടിയാക്കി.
സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ് മെട്രോ രണ്ടാംഘട്ടം. സ്‌റ്റേഡിയത്തിനുസമീപം തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. വിവിധ ഭാഗങ്ങളിൽ റോഡ് മുറിച്ച് ട്രഞ്ചിങ് പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമായി. സ്റ്റേഡിയം മുതൽ പാലാരിവട്ടംവരെയുള്ള ഭാഗത്ത് കുരുക്ക് രൂക്ഷമാണ്. പ്രധാനറോഡുകളിലും ദേശാഭിമാനി റോഡ്, പൈപ്പ് ലൈൻ റോഡ്, വെണ്ണല ഹൈസ്കൂൾ റോഡ്, പാലാരിവട്ടം റോഡ്, തുടങ്ങിയ ഉപറോഡുകളിൽ ഉൾപ്പെടെ വാഹനങ്ങളുടെ വൻനിര രൂപപ്പെട്ടു. അനങ്ങാൻ പോലുമായില്ല. കൂടുതൽ പൊലീസുകാരെയും ഹോംഗാർഡുമാരെയും ട്രാഫിക് പൊലീസുകാരെയുമെല്ലാം നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. വരും ദിവസങ്ങളിലും മഴ കനക്കുന്നതോടെ ഇതുതന്നെയാകും സ്ഥിതി.
സ്‌റ്റേഡിയം–പാലാരിവട്ടം റോഡ്: പ്രവൃത്തികൾ നാളെ പൂർത്തിയാക്കും
കൊച്ചി
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ അടിയന്തര നടപടികൾ ശക്തമാക്കിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. ജെഎൽഎൻ സ്റ്റേഡിയംമുതൽ പാലാരിവട്ടംവരെയുള്ള ഭാഗങ്ങളിലാണിത്.
പുതിയ കുടിവെള്ള പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അടുത്തിടെ പൂർത്തിയായിരുന്നു. ഇതിനായി വിവിധ ഭാഗങ്ങളിൽ റോഡ് മുറിച്ചുകടന്ന് ട്രഞ്ചിങ് പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നു. തുടർച്ചയായി ജെഎൽഎൻ സ്റ്റേഡിയംമുതൽ പാലാരിവട്ടംവരെയുള്ള ഭാഗങ്ങളിൽ റോഡ് പുനഃസ്ഥാപനപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് ശനിയാഴ്‌ചയ്‌ക്കകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ സ്റ്റേഡിയത്തിന് പിറകുവശത്തുള്ള സർവീസ് റോഡിൽനിന്ന് വസന്ത് നഗറിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ വേഗത്തിലാക്കി. വസന്ത് നഗർ നിവാസികൾക്കായി യു-ടേൺ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും ട്രാഫിക് പൊലീസുമായി ചേർന്ന് പുരോഗമിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ ഭാഗങ്ങളിൽ പമ്പിങ് സംവിധാനങ്ങൾ സജ്ജമാക്കി. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കരാറുകാരായ അഫ്കോൺസിനും ഉദ്യോഗസ്ഥർക്കും പ്രത്യേക നിർദേശം നൽകിയതായി കെഎംആർഎൽ അറിയിച്ചു.
ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ തിരക്ക് കുറഞ്ഞ സമയങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പാലാരിവട്ടം മേഖലയിലെ വാഹനഗതാഗതം സുഗമമാക്കാൻ ആർടിഒയുടെയും ട്രാഫിക് പൊലീസിന്റെയും നേതൃത്വത്തിൽ പകൽസമയത്തും പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പൈലിങ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ബാരിക്കേഡുകൾ ഒരു മീറ്റർവീതം പിന്നോട്ടുമാറ്റി വാഹനങ്ങൾക്ക് റോഡിൽ കൂടുതൽ വീതി ലഭ്യമാക്കും.









0 comments