എന്താണ് ഹന്റാ വൈറസ്? ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

ഡച്ച് ക്രൂയിസ് കപ്പലായ 'ഹോണ്ടിയസിൽ' റിപ്പോർട്ട് ചെയ്ത ഹന്റാ വൈറസ് ബാധയെക്കുറിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) ജാഗ്രതാനിർദ്ദേശം നൽകി. അറ്റ്‌ലാന്റിക് സമുദ്രത്തിൽ യാത്ര തുടരുന്ന ഈ ലക്ഷ്വറി കപ്പലിൽ വൈറസ് ബാധയെത്തുടർന്ന് ഇതിനകം മൂന്ന് മരണങ്ങൾ സംഭവിച്ചു. സാധാരണയായി ഹന്റാ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും, ഈ കപ്പലിലെ രണ്ട് യാത്രക്കാരിൽ കണ്ടെത്തിയത് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പകരാൻ ശേഷിയുള്ള 'ആൻഡീസ് ഹന്റാ വൈറസ്' (Andes hantavirus) ആണെന്ന് മെയ് 6-ന് ദക്ഷിണാഫ്രിക്കയിലെയും സ്വിറ്റ്‌സർലൻഡിലെയും ലാബ് പരിശോധനകളിൽ സ്ഥിരീകരിച്ചു.
ഹന്റാ വൈറസിന്റെ ഒരു പ്രത്യേക ഇനമായ ആൻഡീസ് വൈറസ് തെക്കേ അമേരിക്കയിൽ, പ്രധാനമായും അർജന്റീനയിലും ചിലിയിലും കാണപ്പെടുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.നിലവിൽ പൊതുജനങ്ങൾക്കുള്ള ആരോഗ്യ ഭീഷണി വളരെ കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, സ്ഥിതിഗതികൾ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വൈറസ് ബാധ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
എന്താണ് ഹന്റാ വൈറസ്?
എലികൾ, ചുണ്ടെലികൾ തുടങ്ങിയ ജീവികൾ പരത്തുന്ന ഒരു കൂട്ടം വൈറസുകളെയാണ് ഹന്റാ വൈറസുകൾ എന്ന് വിളിക്കുന്നത്. ഇവ ലോകമെമ്പാടും കാണപ്പെടുന്നുണ്ടെങ്കിലും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലാണ് കൂടുതൽ വ്യാപകമായുള്ളത്. ചെറിയ പനി മുതൽ മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് വരെ ഈ വൈറസ് കാരണമായേക്കാം.
രോഗം പകരുന്നത് എങ്ങനെ?
മനുഷ്യരും എലികളും അടുത്ത സമ്പർക്കത്തിൽ വരുന്ന സാഹചര്യങ്ങളിലാണ് ഈ രോഗം പടരുന്നത്.
മാലിന്യങ്ങളിലൂടെ: എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പുറത്തെത്തുന്നു. ഇവ കലർന്ന വായു ശ്വസിക്കുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണം.
സമ്പർക്കത്തിലൂടെ: മുറിവുകളിലൂടെയോ കണ്ണ്, വായ തുടങ്ങിയവയിലൂടെയോ വൈറസ് ശരീരത്തിൽ പ്രവേശിക്കാം. എലികളുടെ കടിയേൽക്കുന്നതും ഒരു കാരണമാണ്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്: സാധാരണയായി ഹന്റാ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാറില്ല. എന്നാൽ, ഇപ്പോൾ കണ്ടെത്തിയ ആൻഡീസ് വൈറസ് വിഭാഗം വളരെ അടുത്ത സമ്പർക്കത്തിലൂടെ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പകരാൻ സാധ്യതയുണ്ട്. ഭക്ഷണം പങ്കുവച്ച് കഴിക്കുമ്പോഴാണ് വൈറസ് പടരാൻ കൂടുതൽ സാധ്യതയെന്നാണ് നിഗമനം.
പ്രധാന ലക്ഷണങ്ങൾ
വൈറസ് ബാധിച്ചാൽ സാധാരണയായി 2 മുതൽ 4 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ചിലപ്പോൾ ഇത് 40 ദിവസം വരെ നീണ്ടുനിൽക്കാം.
ശക്തമായ പനിയും പേശി വേദനയും.
കടുത്ത ക്ഷീണം, വയറുവേദന.
ഓക്കാനം, ഛർദ്ദി, വയറിളക്കം.
ശ്വാസതടസ്സം (തീവ്രമായാൽ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും).
ചികിത്സയും പ്രതിരോധവും
ഹന്റാ വൈറസിന് നിലവിൽ പ്രത്യേക വാക്സിനോ ആൻറിവൈറൽ മരുന്നുകളോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് (Supportive Care) നൽകുന്നത്. ശ്വാസതടസ്സം നേരിടുന്നവർക്ക് ആശുപത്രിയിൽ ഓക്സിജൻ അടക്കമുള്ള ശ്വസന സഹായികൾ നൽകുന്നു.
അന്താരാഷ്ട്ര സഹകരണം
മെയ് 3ന് കേപ് വെർഡെ തീരത്തെത്തിയ കപ്പലിലെ സാഹചര്യം നേരിടാൻ യുകെയിലെ വിവിധ ഏജൻസികൾ ലോകാരോഗ്യ സംഘടനയുമായും (WHO) മറ്റ് അന്താരാഷ്ട്ര ആരോഗ്യ വിഭാഗങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.









0 comments